ഗസ്സയിൽനിന്ന് ചികിത്സക്കായി 252 പേരടങ്ങുന്ന സംഘമെത്തി
text_fieldsഅബൂദബി: ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടികൾ ഉൾപ്പെടെ നൂറോളം പേരെ വിമാന മാർഗം ചികിത്സക്കായി അബൂദബിയിലെത്തിച്ച് യു.എ.ഇ. മൊത്തം 252 പേരെയാണ് യു.എ.ഇയുടെ ഗസ്സ സഹായ ദൗത്യത്തിന്റെ ഭാഗമായി അബൂദബിയിൽ കൊണ്ടുവന്നത്. ഇവർക്ക് വിവിധ ആശുപത്രികളിലായി മികച്ച ചികിത്സ ഉറപ്പാക്കും.
ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചുള്ള രക്ഷാദൗത്യത്തിന് കൂടിയാണ് യു.എ.ഇ ഇക്കുറി നേതൃത്വം നൽകിയത്. ഗുരുതരമായി പരിക്കേറ്റ 97 പേർക്കു പുറമെ നിരവധി അർബുദ രോഗികളെയും അബൂദബിയിലെത്തിച്ചു. പരിക്കേറ്റവരുടെയും രോഗികളുടെയും അടുത്ത ബന്ധുക്കളാണ് സംഘത്തിലെ മറ്റുള്ളവർ. ആകെയുള്ള 252 പേരിൽ 142 പേർ കുട്ടികളാണ്.
കരീം അബൂ സലാം ക്രോസിങ്ങിലൂടെ ഇസ്രായേലിലെ റമോൺ വിമാനത്താവളം മുഖേനയാണ് ഇവരെ അബൂദബിയിലെത്തിച്ചത്. ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് രോഗികളെയും പരിക്കേറ്റവരെയും അബൂദബിയിൽ കൊണ്ടുവന്നതെന്ന് അന്താരാഷ്ട്ര സഹകരണവകുപ്പ് സഹമന്ത്രി റീം ബിൻത് ആൽ ഹാഷ്മി പറഞ്ഞു.
റമോൺ വിമാനത്താവളം മുഖേന യു.എ.ഇ നേതൃത്വത്തിൽ ഇതു രണ്ടാം തവണയാണ് രോഗികളെയും പരിക്കേറ്റവരെയും കൊണ്ടുവരുന്നത്. ഗസ്സ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി യു.എ.ഇ സ്വീകരിച്ചുവരുന്ന സമഗ്ര പദ്ധതികളെ ലോകോരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ഡോ. ടെഡ്റോസ് പ്രകീർത്തിച്ചു.
ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ദുരിതത്തിലായ ഗസ്സ നിവാസികൾക്കായി ബഹുമുഖ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് യു.എ.ഇ പ്രസിഡന്റ് പ്രഖ്യാപിച്ച ഗാലന്റ് നൈറ്റ് 3 പദ്ധതിയുടെ ഭാഗമായി നടപ്പാക്കി വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.