തലമുറകളിലേക്ക് നീളുന്ന ചരിത്ര പാന്ഥാവ്
text_fieldsപുരോഗതിയുടെ ഓരോ അടരുകളിൽ നിന്നും ശാസ്ത്ര-സാഹിത്യ-സാമ്പത്തിക വളർച്ചയുടെ കുതിപ്പ് പര്യവേക്ഷണം ചെയ്യാനുള്ള സവിശേഷമായ അവസരം ആവോളം പകർന്നു നൽകുന്നുണ്ട് ഷാർജ ആർക്കിയോളജി മ്യൂസിയം. ക്രിസ്തുവിന് മുമ്പ് തന്നെ വികസന രാജപാതയിലായിരുന്നു ഷാർജയെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് മൺപാളികളിൽ നിന്ന് ഗവേഷകർ പുറത്തെടുത്ത് ഷാർജ ടെലിവിഷൻ കേന്ദ്രത്തിന് സമീപെത്ത മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഒരു ജനതയുടെ പുരോഗതിയുടെ ഗാഥകൾ അക്ഷരതെറ്റില്ലാതെ വായിച്ചെടുക്കാൻ ഷാർജ അർക്കിയോളജിയിലെത്തിയാൽ മതി. അതിപുരാതന കാലം മുതൽ ഷാർജയിൽ മനുഷ്യവാസം ഉണ്ടെന്നാണ് നിരവധി ഉൽഖനനങ്ങളുടെയും പര്യവേഷണങ്ങളുടെയും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ശിലായുഗം മുതൽ ഇസ്ലാമിെൻറ ഉയർച്ച വരെയുള്ള കാലഘട്ടത്തിലെ പ്രദേശ വാസികളുടെ ജീവിതരീതിയെക്കുറിച്ച് മ്യൂസിയം വർത്തമാനത്തിലേക്ക് വെളിച്ചം വീശുന്നു.
1973 ലെ ഖനനത്തിെൻറ തുടക്കം മുതൽ ഇന്നുവരെ ഷാർജയിൽ നിന്ന് കണ്ടെത്തിയ എല്ലാ വസ്തുക്കളും സംരക്ഷിക്കുക, വ്യാഖ്യാനിക്കുക, പ്രദർശിപ്പിക്കുക എന്നിവയാണ് മ്യൂസിയത്തിെൻറ ദൗത്യം. എല്ലാ ഖനനങ്ങളും ഷാർജക്ക് അഭിമാനകരവും സമ്പന്നവും ആഴത്തിൽ വേരൂന്നിയതുമായ ചരിത്രമുണ്ടെന്ന് കണക്കുകൾ നിരത്തി വ്യാഖ്യാനിക്കുന്നു. ശിലായുഗം മുതൽ ഇന്നുവരെ ഈ പ്രദേശത്ത് വികസിച്ച നാഗരികതകളെക്കുറിച്ച് സന്ദർശകർക്ക് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന കരകൗശല വസ്തുക്കൾ, നാണയങ്ങൾ, ആഭരണങ്ങൾ, മൺപാത്രങ്ങൾ, പുരാതന ആയുധങ്ങൾ എന്നിവയിലൂടെ കണ്ടറിയാനും വായിച്ചറിയാനും അവസരമുണ്ട്. കിഴക്കൻ സിന്ധുനദീതട താഴ്വരയിൽ നിന്ന് പടിഞ്ഞാറൻ മെഡിറ്ററേനിയൻ ദ്വീപുകളിലേക്ക് വാണിജ്യബന്ധങ്ങളുടെ വ്യാപനവും മ്യൂസിയം കാണിച്ചുതരും.
ശവകുടീരങ്ങൾ, ശ്മശാനങ്ങൾ, വീടുകൾ, നാണയങ്ങൾ, കാർഷികോപകരണങ്ങൾ തുടങ്ങിയവയെ കണ്ടറിയാനും 2500 വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശത്ത് പ്രത്യക്ഷപ്പെട്ട ആദ്യത്തെ സാഹിത്യ രചനകളെക്കുറിച്ച് അടുത്തറിയുകയും ചെയ്യാം. ഷാർജ ആർക്കിയോളജി മ്യൂസിയം തുറന്നത് 1993 ലാണ്. 1997 മെയ് 10 നാണ് ഹൽവാനിലേക്ക് മാറിയത്.
വഴി
ഹൽവാൻ ചിൽഡ്രൻ സെൻററിനും ഷാർജ കോപ്പറേറ്റീവ് സൊസൈറ്റിക്കും ഇടയിലുള്ള അൽ അബാർ പ്രദേശത്ത്, ശൈഖ് റാഷിദ് ബിൻ സഖർ അൽ ഖാസിമി റോഡിൽ നിന്നാണ് ഷാർജ സയൻസ് മ്യൂസിയത്തിലേക്കും ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയിലേക്കുമുള്ള വഴി.
സമയം
ശനി മുതൽ വ്യാഴം വരെ രാവിലെ എട്ടു മണി മുതൽ വൈകീട്ട് എട്ടു വരെയും വെള്ളിയാഴ്ച വൈകീട്ട് നാലു മുതൽ രാത്രി എട്ടുമണി വരെയുമാണ് പ്രവർത്തനം.
പ്രവേശന ഫീസ്
രണ്ടു മുതൽ 12 വയസുവരെയുള്ള കുട്ടികൾക്ക് അഞ്ച് ദിർഹവും മുതിർന്നവർക്ക് 10ദിർഹവുമാണ് ഫീസ്. രണ്ടു വയസിന് താഴെയുള്ള കുട്ടികൾക്കും 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും പ്രവേശനം സൗജന്യമാണ്. അന്താരാഷ്ട്ര മ്യൂസിയം ദിനം, രക്തസാക്ഷി ദിനം. യു.എ.ഇ ദേശീയ ദിനം തുടങ്ങിയ പ്രധാനപ്പെട്ട ദിവസങ്ങളിൽ ഏവർക്കും പ്രവേശനം സൗജന്യമാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.