നിർധന പ്രവാസിക്ക് ഒരു ഭവനം പദ്ധതി: പോസ്റ്റർ പ്രകാശനം
text_fieldsഷാർജ: ഷാർജ ഇന്ദിരഗാന്ധി വീക്ഷണം ഫോറം നടത്തുന്ന ‘വീക്ഷണം ഭവനം’ പദ്ധതിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. നിർധന പ്രവാസിയുടെ കുടുംബത്തിന് വീട് നിർമിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ‘വീക്ഷണം ഭവനം’. കേരളത്തിലെ 14 ജില്ലകളിലുള്ള പ്രവാസി ഗുണഭോക്താക്കളെ കണ്ടെത്തി അവർക്ക് 750 ചതുരശ്ര അടിയിലുള്ള വീട് സംഘടനയുടെ നേതൃത്വത്തിൽ നിർമിച്ചുനൽകുകയാണ് ലക്ഷ്യം.
നിലവിൽ പദ്ധതി വഴി സംസ്ഥാനത്ത് 20 ഓളം വീടുകൾ നിർമിച്ചുകഴിഞ്ഞു. മലപ്പുറത്ത് മൂന്നു വീടുകളാണ് പദ്ധതി വഴി നിർമിച്ചു നൽകിയത്. സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്വന്തമായി ഭൂമിയുള്ളവർക്കാണ് ഫോറം സൗജന്യമായി വീട് നിർമിച്ചുനൽകുക. പദ്ധതിയുടെ 21ാമത്തെ ഗുണഭോക്താവ് ആരെന്ന് ഒക്ടോബറിൽ പ്രഖ്യാപിക്കുമെന്ന് ഷാർജ ഇന്ദിരഗാന്ധി വീക്ഷണം ഫോറം മുൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റും ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റുമായ ഡോ. ഇ.പി. ജോൺസൺ പറഞ്ഞു.
അടുത്ത ജൂലൈയോടെ പണി പൂർത്തീകരിച്ച് വീട് കൈമാറാനാണ് തീരുമാനം. നേരത്തെ ഷാർജ ഇന്ദിരഗാന്ധി വീക്ഷണം ഫോറം ഇഫ്താർ സംഗമം മാറ്റിവെച്ച് ഇതിനായി ചെലവിടുന്ന ഫണ്ട് സൗജന്യ ഭവന നിർമാണത്തിനായി നീക്കിവെച്ചിരുന്നു. പദ്ധതിയുടെ ലോഗോ പ്രകാശനം ഡോ. ഇ.പി. ജോൺസൺ നിർവഹിച്ചു.ചടങ്ങിൽ ഷാർജ യൂനിറ്റ് പ്രസിഡന്റ് സിജു ചെറിയാൻ, ജനറൽ സെക്രട്ടറി ശ്രീരേഷ്, ട്രഷറർ ഹാരിസ് കൊടുങ്ങല്ലൂർ, പദ്ധതി കോഓഡിനേറ്റർ ദിലീപ് സിദ്ധാർഥ്, അഡ്വ. അൻസാർ താജ് എന്നിവരും മറ്റ് സംഘടന നേതാക്കളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.