റിയല്‍ എസ്റ്റേറ്റ് കേസില്‍ കുടുങ്ങിയ മലയാളിക്ക് മോചനം
text_fieldsഅജ്മാന്: വാടക സംബന്ധമായ കേസില്‍ കുടുങ്ങിയ മലയാളിക്ക് സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിൽ മോചനം. 2022 മുതലുള്ള വാടകയുമായി ബന്ധപ്പെട്ടാണ് ഇടുക്കി കട്ടപ്പന, കാഞ്ചിയാർ സ്വദേശി ജോയൽ മാത്യുവിനെതിരെ റിയല്‍ എസ്റ്റേറ്റ് കമ്പനി പരാതി നല്‍കിയിരുന്നത്. ഭീമമായ തുക റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന് ഇദ്ദേഹം നല്‍കണമെന്നായിരുന്നു കേസ്. അജ്മാന് നഗരസഭയില്‍ നിലനിന്നിരുന്ന കേസിനെ തുടര്‍ന്ന് ഇദ്ദേഹം നിയമക്കുരുക്കിലാവുകയായിരുന്നു. വിവരമറിഞ്ഞ ഇന്‍കാസ് പ്രവര്‍ത്തകര്‍ വിഷയം ഏറ്റെടുക്കുകയായിരുന്നു. വിഷയത്തില്‍ ദുബൈ പ്രസിഡന്റ് നദീര്‍ കാപ്പാട്, ദുബൈ ഇൻകാസ് കണ്ണൂർ ജില്ല സെക്രട്ടറി അഖിൽ എന്നിവര്‍ ഇടപെടുകയും റിയൽ എസ്റ്റേറ്റ് അധികാരികളുമായി സംസാരിച്ച് ഇദ്ദേഹം അടക്കാനുള്ള തുകയില്‍ ഇളവ് നേടുകയുമായിരുന്നു. ഇളവ് ലഭിച്ച ബാക്കി തുക സുമനസ്സുകളുടെ സഹായത്താൽ സ്വരൂപിച്ച് ഓഫിസ് അധികൃതർക്ക് കൈമാറി. ഇതോടെ അജ്മാന് നഗരസഭയില്‍ നിലനിന്നിരുന്ന കേസ് റിയല്‍ എസ്റ്റേറ്റ് കമ്പനി അവസാനിപ്പിച്ചു. കേസ് നടപടികള്‍ അവസാനിച്ചതോടെ ഇദ്ദേഹത്തിന് നിയമവിധേയ താമസക്കാരനാകാനുള്ള അവസരം കൈവരികയായിരുന്നു. വിഷയത്തില്‍ ഇടപെട്ടവര്‍ക്ക് ഇടുക്കി എം.പി. അഡ്വ. ഡീന്‍ കുര്യാക്കോസ് നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.