കുറഞ്ഞ വരുമാനമുള്ള പ്രവാസി രോഗികൾക്ക് മരുന്ന് ലഭ്യമാക്കാൻ ധാരണപത്രം ഒപ്പിട്ടു
text_fieldsഅബൂദബി: കുറഞ്ഞ വരുമാനമുള്ള പ്രവാസി രോഗികൾക്ക് താങ്ങാൻ കഴിയുന്ന മരുന്ന് ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ ആരോഗ്യമന്ത്രാലയം 'ഹാൻഡ് ഇൻ ഹാൻഡ്'പദ്ധതിയുടെ പ്രവർത്തനം വ്യാപിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ജോൺസൺ ആൻഡ് ജോൺസണിനിലെ ജാൻസൻ ഫാർമസ്യൂട്ടിക്കൽ കമ്പനി, ആഗോള ആരോഗ്യപരിചരണ കൺസൽട്ടിങ് സ്ഥാപനമായ അക്സിയോസ് എന്നിവയുമായി മന്ത്രാലയം ധാരണപത്രത്തിൽ ഒപ്പിട്ടു.
ഇൻഷുറൻസ് കമ്പനികൾ തങ്ങളുടെ സ്കീമിൽ ഉൾപ്പെടുത്താത്ത അസുഖങ്ങൾക്ക് ചെറിയ ശമ്പളത്തിൽ ജോലിചെയ്യുന്നവർക്ക് കുറഞ്ഞ വിലയ്ക്ക് മരുന്ന് ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2018 ഡിസംബറിൽ ആദ്യമായി ഒപ്പുവെച്ച ധാരണപത്രത്തിന്റെ ഫലമായി 712 രോഗികൾക്ക് ഗുണം ലഭിച്ചു. 2019 ഏപ്രിലിൽ പദ്ധതിയുടെ പ്രവർത്തനമണ്ഡലം വ്യാപിപ്പിച്ചു. രാജ്യത്തെ കുറഞ്ഞ വരുമാനമുള്ള പ്രവാസി രോഗികൾക്ക് മികച്ച മരുന്ന് ലഭ്യമാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയത്തിലെ ഹെൽത്ത് റെഗുലേഷൻ സെക്ടർ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. അമീൻ ഹുസൈൻ അൽ അമീരി വ്യക്തമാക്കി.
ദുബൈ എക്സ്പോ 2020ലെ യു.എസ് പവലിയനിൽ വെച്ചായിരുന്നു അൽ അമീരിയും ജാൻസൻ ഫാർമസ്യൂട്ടിക്കൽസ് കമ്പനി മാനേജിങ് ഡയറക്ടർ ജിമ്മി ഫാരിസും ആക്സിയസ് ഇന്റർനാഷനൽ സീനിയർ ഡയറക്ടർ അനസ് അൽ സഫരിനി എന്നിവർ ധാരണപത്രം ഒപ്പിട്ടത്. യു.എസ് കോൺസുൽ ജനറൽ മേഘൻ ഗ്രിഗോനിസ് സന്നിഹിതനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.