‘ഗൾഫ് മാധ്യമം’ വാർത്ത തുണയായി; ബദറുദ്ദീന്‍ നാടണയാൻ വഴിതുറന്നു
text_fieldsഷാർജ: യു.എ.ഇയിൽ നാലുമാസം നീണ്ട പൊതുമാപ്പ് അവസാനിക്കുമ്പോൾ ‘ഗൾഫ് മാധ്യമം’ ഡിജിറ്റൽ മീഡിയയിൽ നൽകിയ വാർത്തയെതുടർന്ന് നാടണയാനും അക്ഷമയോടെ കാത്തിരിക്കുന്ന മക്കളെ കാണാനും ഭാഗ്യം ലഭിച്ചിരിക്കുകയാണ് ശ്രീലങ്കൻ സ്വദേശി ബദറുദ്ദീന്‍. സന്ദർശന വിസയിൽ യു.എ.ഇയിലെത്തിയ അഞ്ച് മക്കളുടെ പിതാവായ ബദറുദ്ദീൻ സുഹൃത്തിനാൽ സാമ്പത്തികമായി വഞ്ചിക്കപ്പെടുകയായിരുന്നു. വിസ കാലാവധി കഴിഞ്ഞതോടെ ഓവർസ്റ്റേ പിഴയും വന്നുചേർന്നു.
കിഡ്നി സംബന്ധമായതടക്കം നിരവധി രോഗങ്ങളും ഇതിനിടെ ബദറുദ്ദീനെ കീഴടക്കി. വിസ പുതുക്കാനാവാതെ ഒരു പാകിസ്താൻ പൗരന്റെ കരുണയിൽ ഷാർജയിൽ ഇടുങ്ങിയ മുറിയിലായിരുന്നു താമസം. ഭക്ഷണത്തിന് പോലും പലരും സഹായിക്കുകയാണ് പതിവ്. ദുരിതകഥയറിഞ്ഞ് ഒരാഴ്ച മുമ്പാണ് ‘ഗൾഫ് മാധ്യമം’ ബദറുദ്ദീനെക്കുറിച്ച് വാർത്ത നൽകിയത്. വാർത്ത പുറത്ത് വന്നതോടെ മറ്റൊരു പാകിസ്താൻ സ്വദേശിയടക്കം ചിലർ വിവരങ്ങൾ ആരാഞ്ഞു. ഭക്ഷണത്തിനും മറ്റുമായി ചിലർ ചെറിയ സഹായങ്ങളെത്തിച്ചു.
വാർത്ത കണ്ട സാദിഖ് ബാലുശ്ശേരി (ഷാർജ കെ.എം.സി.സി.സി ബാലുശ്ശേരി മണ്ഡലം ജ.സെക്രട്ടറി)യും ചിലരും ചേർന്ന് ഇദ്ദേഹത്തിന് യാത്രക്കാവശ്യമായ മെഡിക്കൽ ഫിറ്റ് സർട്ടിഫിക്കറ്റും ഔട്ട് പാസും മറ്റു ഔദ്യോഗിക രേഖകളും ശരിയാക്കി നൽകുകയായിരുന്നു. പൊതുമാപ്പിന്റെ അവസാന ദിവസത്തിന് തൊട്ടുമുമ്പ് ബർദുബൈ ആമർ സെന്ററിൽ ഇദ്ദേഹത്തെ നേരിട്ടെത്തിച്ചാണ് നടപടികൾ ഇവർ പൂർത്തിയാക്കിയത്. ഇതോടെ ബദറുദ്ദീന്റെ നാടണയുകയെന്ന സ്വപ്നത്തിന് ചിറക് മുളച്ചു.
ഇന്ത്യൻ കോൺസുലേറ്റിലെ മെഡിക്കൽ വകുപ്പിലെ പ്രവീണും നിർദേശങ്ങളുമായി സഹായത്തിനെത്തി. ശ്രീലങ്കയിലേക്ക് പറക്കാനുള്ള ടിക്കറ്റ് കൂടി ലഭ്യമാകുന്നതോടെ ഒരു പാവം മനുഷ്യനും കുടുംബത്തിനും ആശ്വാസത്തിന്റെ പുതുവർഷമാണ് ഒരുങ്ങിയത്. പൊതുമാപ്പിലൂടെ ആശ്വാസം പകർന്ന യു.എ.ഇയുടെ ഭരണാധികാരികളെയും തനിക്ക് താമസിക്കാനും ഭക്ഷണം കഴിക്കാനും ചികിത്സക്കും സഹായമെത്തിച്ചവരെയും നാട്ടിലേക്ക് തിരിക്കാൻ രേഖകൾ ശരിയാക്കാൻ സഹായിച്ചവരെയും വാർത്ത പുറത്തെത്തിച്ച ‘ഗൾഫ് മാധ്യമ’ത്തെയും നന്ദിയോടെ സ്മരിക്കുന്നതായി ബദറുദ്ദീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.