അൽ വർഖയിൽ പുതിയ എൻട്രൻസ്, എക്സിറ്റ് നിർമിക്കും
text_fieldsദുബൈ: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ദുബൈ അൽ വർഖയിൽ പുതിയ എൻട്രൻസും എക്സിറ്റും ഉൾപ്പെടെ വൻ വികസന പദ്ധതി തയാറാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). സ്ട്രീറ്റ് ലൈറ്റുകൾ, റെസിഡൻഷ്യൽ ഏരിയകളിൽ ഡ്രെയ്നേജ് സംവിധാനങ്ങൾ, ഇടറോഡുകൾ എന്നിവ ഉൾപ്പെടുന്നതാണ് വികസന പദ്ധതി. വാഹനങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിന് എട്ട് കിലോമീറ്റർ നീളത്തിലാണ് ഇടറോഡുകൾ നിർമിക്കുക.
പദ്ധതി പൂർത്തിയാകുന്നതോടെ മണിക്കൂറിൽ 5000 വാഹനങ്ങൾക്ക് കടന്നുപോകാനാകും. പുതിയ എൻട്രൻസും എക്സിറ്റും വരുന്നതോടെ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് നേരിട്ട് അൽ വർഖ ഏരിയയിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം കൂടുതൽ സുഗമമാകും.
ഇതോടെ യാത്ര ദൂരം 5.7 കിലോമീറ്ററിൽ നിന്ന് 1.5 കിലോമീറ്ററായി കുറയും. അതുവഴി യാത്രസമയം 80 ശതമാനം കുറഞ്ഞ് 20 മിനിറ്റിൽനിന്ന് 3.5 മിനിറ്റായി മാറും. മൂന്നര ലക്ഷത്തോളം നിവാസികൾക്ക് ഇതിന്റെ ഗുണം ലഭിക്കും.
അൽ വർഖ സ്ട്രീറ്റ് ഒന്നിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി നിലവിലുള്ള റൗണ്ട് എബൗട്ടുകളിൽ സിഗ്നലുകൾ സ്ഥാപിക്കും. പദ്ധതി പൂർത്തിയായാൽ അൽ വർഖ സ്ട്രീറ്റ് ഒന്നിന്റെ വാഹന ശേഷി 30 ശതമാനം വർധിക്കും.
അൽ വർഖ 3, 4 സ്ട്രീറ്റുകളിൽ നിലവിൽ ഇടറോഡുകളുടെ നിർമാണം പുരോഗമിക്കുകയാണ്. പരിസര പ്രദേശങ്ങളിൽ നിലവിലുള്ള സൈക്ലിങ് ട്രാക്കുമായി ബന്ധിപ്പിക്കുന്നതിന് 16 കിലോമീറ്റർ ട്രാക്കും നിർമിക്കുന്നുണ്ട്. ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങളിൽ അൽ വർഖയിലെ ഇടറോഡുകളുടെ നിർമാണം പൂർത്തീകരിച്ചിരുന്നു.
അതിൽ സ്കൂൾ ഓഫ് സയന്റിഫിക് റിസർച്ചിന് ചുറ്റുമുള്ള നവീകരണങ്ങളും, ശൈഖ് മുഹമ്മദ് ബിൻ റാശിദ് ഹൗസിങ് എസ്റ്റാബ്ലിഷ്മെന്റിന്റെ റോഡ് പദ്ധതികളും ഉൾപ്പെടുന്നു. കാൽനട പാതകൾ, നിവാസികൾക്കുള്ള പാർക്കിങ് എൻട്രൻസ് എന്നിവയും ഇതിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ 7.4 കിലോമീറ്റർ നീളത്തിൽ സൈക്ലിങ് പാതകളും ഇവിടെ നിർമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.