ദുബൈയിൽ വയോധികർക്ക് പുതിയൊരു വിശ്രമകേന്ദ്രംകൂടി
text_fieldsദുബൈ: വയോധികർക്ക് വിശ്രമിക്കാനും ആരോഗ്യസംരക്ഷണം നിലനിർത്തുന്നതിനുമായി പ്രഖ്യാപിച്ച ‘ദുഖ്ർ ക്ലബി’ന്റെ രണ്ടാമത്തെ കേന്ദ്രം അൽ ഖവാനീജിൽ നിർമിക്കും. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് വയോധികർക്ക് പുതിയൊരു വിശ്രമകേന്ദ്രംകൂടി നിർമിക്കാൻ നിർദേശം നൽകിയത്.
20,000 ചതുരശ്ര അടിയിൽ നിർമിക്കുന്ന കേന്ദ്രത്തിൽ ലൈബ്രറി, തിയറ്റർ, ആരോഗ്യ പരിചരണ കേന്ദ്രം, സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിക്കുന്ന സ്മാർട്ട് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ തുടങ്ങിയ അതിവിപുലമായ സൗകര്യങ്ങളുണ്ടാകും. ബന്ധുക്കളുമായും പുതു തലമുറകളുമായുമുള്ള ബന്ധം കൂടുതൽ സുദൃഢമാക്കുന്നതിന് ഇന്ററാക്ടിവ് കഫേയും കേന്ദ്രത്തിൽ ഒരുക്കുന്നുണ്ട്. ദുബൈ ഹെൽത്ത് അതോറിറ്റി, ദുബൈ കൾചർ ആൻഡ് ആർട്സ് അതോറിറ്റി, ഡിജിറ്റൽ ദുബൈ അതോറിറ്റി, ദുബൈ പൊലീസ്, ഡിപ്പാർട്മെന്റ് ഓഫ് ഫിനാൻസ്, ദുബൈ മുനിസിപ്പാലിറ്റി, കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി, ദുബൈ ഹെൽത്ത്, ദുബൈ സ്പോർട്സ് കൗൺസിൽ തുടങ്ങിയ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയായിരിക്കും ‘ദുഖ്ർ ക്ലബി’ന്റെ പ്രവർത്തനം.
വയോധികരുടെ ക്ഷേമം വർധിപ്പിക്കുന്നതിനും മികച്ച സംരക്ഷണവും പിന്തുണയും അവർക്ക് പ്രദാനം ചെയ്യുന്നതിനുമായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മുന്നോട്ടുവെച്ച കാഴ്ചപ്പാടുകളോട് ചേർന്നുനിൽക്കുന്നതാണ് പുതിയ സംരംഭമെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. അതോടൊപ്പം ദുബൈ സോഷ്യൽ അജണ്ട 33യുടെ ലക്ഷ്യങ്ങളിൽ ഒന്നാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ അൽസഫ പാർക്കിലാണ് ‘ദുഖ്ർ ക്ലബ്’ പ്രവർത്തിക്കുന്നത്. വയോധികർക്കായി നിരവധി ക്ഷേമപ്രവർത്തനങ്ങൾ ക്ലബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്. 2023ലെ രണ്ടാം പാദത്തിൽ സംഘടിപ്പിച്ച 57 വർക്ഷോപ്പുകളിലും ക്ലാസുകളിലും 17,80 പേർ പങ്കെടുത്തിരുന്നു. ഇതിൽ 479 പുരുഷന്മാരും 389 സ്ത്രീകളും അടക്കം 868 പേർ ക്ലബ് അംഗങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.