സൗഹൃദത്തിന്റെ ഹൃദയതാളങ്ങൾ ത്രസിപ്പിച്ച രാവ്
text_fieldsഷാർജ: ഹൃദയതാളങ്ങളുടെ ആവേശത്തിലായിരുന്നു ശനിയാഴ്ച രാത്രി ഷാർജ എക്സ്പോ സെന്റർ. 'കമോൺ കേരള'യുടെ ഭാഗമായി ഒരുക്കിയ 'ബീറ്റ്സ് ഓഫ് ഫ്രണ്ട്ഷിപ്' പരിപാടി സംഗീതത്തിലൂടെ ഹൃദയങ്ങളിൽനിന്ന് ഹൃദയങ്ങളിലേക്കുള്ള യാത്രയായി മാറി. അതിരുകൾക്കപ്പുറത്തേക്കുള്ള സംഗീതത്തിന്റെ ആഘോഷത്തിൽ ഗായകരും കാഴ്ചക്കാരും ഒരുപോലെ പങ്കാളികളായി. സംഗീതവും സൗഹൃദവും ഒത്തുചേർന്നപ്പോൾ ഒരുപിടി നല്ല നിമിഷങ്ങളും ഒരുപാട് ഹൃദ്യമായ ഗാനങ്ങളും നെഞ്ചിലേറ്റിയാണ് ഓരോരുത്തരും മടങ്ങിയത്. കേരളം ഏറ്റുപാടിയ 'ഹൃദയ'ത്തിലെ പാട്ടുകളുമായി കഴിഞ്ഞ വർഷത്തെ മികച്ച സംഗീത സംവിധായകനുള്ള അവാർഡ് നേടിയ ഗായകൻ ഹിഷാം അബ്ദുൽ വഹാബാണ് പാട്ടുത്സവത്തിന്റെ വരവറിയിച്ച് ആദ്യമെത്തിയത്. 'ഹൃദയ'ത്തിലെ 'മനസ്സേ, മനസ്സേ', പോയ വർഷം ഹിറ്റ് ചാർട്ടിൽ ഒന്നാമതായിരുന്ന 'ദർശന' എന്നിവയിലൂടെ ഹിഷാം സംഗീതപ്രേമികളുടെ മനസ്സ് കീഴടക്കി.
ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കറിന്റെ സ്മരണാഞ്ജലി കൂടിയായി രാവ്. ലതാജിക്ക് ആദരമർപ്പിച്ച് ഗായിക ജോത്സ്യനയാണെത്തിയത്. ലത മങ്കേഷ്കർ അനശ്വരമാക്കിയ 'ലഗ് ജാ ഗലേ', 'ആപ് കി നസ്രോം നെ സംജാ', 'തൂ ജഹാ ജഹാ ജിയേഗാ', 'അജീബ് ദാസ്താഹെ യേ' എന്നിവയൊക്കെ പ്രിയ ഗായികയുടെ ഓർമ പുതുക്കി ജോത്സ്യന അവതരിപ്പിച്ചു. അകാലത്തിൽ പൊലിഞ്ഞ സംഗീത നക്ഷത്രം കെ.കെക്കുള്ള സമർപ്പണമായി യുവഗായകൻ അക്ബർ ഖാൻ 'ആഖോം മേം തേരീ', 'സരാ സേ ഖാബോം മേം', 'ക്യൂ ആജ് കൽ', 'തൂ ഹീ മേരി ഷബ് ഹെ' എന്നിവ ആലപിച്ചു.
പുതുതലമുറയെ ആവേശത്തിലാഴ്ത്തി 'ഹബീബി ഹബീബി', 'ജൂം ബരാബർ ജൂം' എന്നിവയുമായി യുംന അജിലും 'ക്യൂ കി തും ഹീ ഹോ', 'തേരാ ഹോനേ ലഗാ ഹൂം' എന്നിവയുമായി അക്ബർ ഖാനും 'ജും ബരാബർ ജു'മുമായി റിസ്സ ഫാത്തിമയും അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ചു. എല്ലാ ഗായകരും അണിനിരന്നു 'മുസ്തഫാ മുസ്തഫാ' പാടിയതും സൗഹൃദത്തിന്റെ ആഘോഷക്കാഴ്ചയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.