യു.എ.ഇയുടെ കഥപറയുന്നൊരു പാസ്പോര്‍ട്ട്
text_fieldsഅജ്മാന്: യു.എ.ഇ 53ാം പിറന്നാൾ ആഘോഷിക്കുമ്പോള്‍ അത്യപൂർവമായി ലഭിച്ച ഒരു പാസ്പോർട്ടിന്റെ ഓർമകൾ അയവിറക്കുകയാണ് തിരൂർ വൈലത്തൂർ സ്വദേശി ജംഷീർ ബാബു. 1972ൽ തന്റെ വല്യുപ്പയായ സൈനുദ്ദീൻ കുഞ്ഞിന് അജ്മാൻ സർക്കാർ നൽകിയതാണ് ഈ പാസ്പോർട്ട്. ഇമാറാത്തികളും മലയാളികളും തമ്മിലെ ഇഴയടുപ്പത്തിന്റെ കഥകൾ പറയുന്ന ഈ പാസ്പോർട്ടിനെ ഇന്നും ഒരു നിധിപോലെ സൂക്ഷിക്കുകയാണ് ജംഷീർ ബാബു. 1967 ഒക്ടോബറിൽ ബോംബെയിൽനിന്നും ലോഞ്ച് കയറിയാണ് ഏന്തീൻ എന്ന സൈനുദ്ദീൻ കുഞ്ഞ് ഖോർഫക്കാനിലെത്തുന്നത്.
പല ജോലികൾക്കൊടുവിൽ അജ്മാനില്‍ ഒരു റൊട്ടിക്കട തുടങ്ങി. ഒരു വാഹനം സ്വന്തമാക്കുകയെന്നത് വലിയ ആഗ്രഹമായിരുന്നു. അതിനായി ഏറെ ശ്രമിച്ചെങ്കിലും നടന്നില്ല. റൊട്ടിക്കടയിലെ വരുമാനത്തിലൂടെ വാഹനം സ്വന്തമാക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെ സുഹൃത്തിന് കട നൽകി അയാളുടെ കാർ സ്വന്തമാക്കി. അന്ന് അദ്ദേഹം കൈമാറിയ റൊട്ടിക്കട പിന്നീട് വളര്‍ന്നു പന്തലിച്ചത് ചരിത്രം. ഇന്ന് അജ്മാനില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന അൽഖുദ്ദൂസ് ബേക്കറി സ്ഥാപിച്ചത് സൈനുദ്ദീൻ കുഞ്ഞായിരുന്നുവെന്ന് ജംഷീർ ബാബു പറയുന്നു. സ്വന്തമായി ലഭിച്ച വാഹനം ഉപയോഗിച്ച് സൈനുദ്ദീൻ ആദ്യമായി അജ്മാനിൽ അൽ തൗഫീഖ് മോട്ടോർസ് എന്ന പേരിൽ ഡ്രൈവിങ് സ്കൂൾ സ്ഥാപിച്ചു.
അതുവഴി സ്വദേശികളെയും പ്രവാസികളെയും ഡ്രൈവിങ് പഠിപ്പിച്ചു. ഇതിനിടയില്‍ യു.എ.ഇയിലെ പല പൗരപ്രമുഖരുമായും ഉന്നത സർക്കാർ ഉദ്യോഗസ്ഥരുമായും സൗഹൃദം സ്ഥാപിക്കാനും സാധിച്ചു. 1972ല്‍ യു.എ.ഇക്ക് ഒരു വയസ്സുള്ളപ്പോഴാണ് ഏന്തീന്‍ ഒരു വര്‍ഷത്തെ കാലാവധിയുള്ള യു.എ.ഇ പാസ്പ്പോര്‍ട്ട് അജ്മാന് സര്‍ക്കാർ സമ്മാനിക്കുന്നത്. ഒരു വർഷം കാലാവധിയുള്ള പാസ്പോർട്ട് പിന്നീട് പലതവണ പുതുക്കി. 1978ൽ ജംഷീറിന്റെ പിതാവ് അവറാൻ കുട്ടി എന്ന ബാവയെ ഏന്തീൻ യു.എ.ഇയിലേക്കു കൊണ്ടുവന്നിരുന്നു. പിന്നീട് 1981ൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഏന്തീൻ സ്വദേശമായ തിരൂര്‍ വൈലത്തൂരിലേക്ക് മടങ്ങി. 1988ൽ അന്തരിച്ച സൈനുദ്ദീന്റെ തലമുറ അജ്മാനിൽ ഇപ്പോഴും അതേ ഡ്രൈവിങ് സ്കൂൾ നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.