പാർട്ടി ആസ്ഥാനത്തെ സൗമ്യ മുഖം മാഞ്ഞു
text_fieldsതിരുവനന്തപുരം: രോഗശാന്തി നേടി തിരികെ വരുന്ന കോടിയേരി ബാലകൃഷ്ണനെ പ്രതീക്ഷിച്ചിരുന്ന പാർട്ടി പ്രവർത്തകർക്കും എ.കെ.ജി സെന്ററിനും ആഘാതമായി ഒടുവിൽ ആ വാർത്തയെത്തി. അപ്പോളോ ആശുപത്രിയിൽനിന്ന് വിയോഗവാർത്ത സി.പി.എമ്മിന്റെ മുതിർന്ന നേതാക്കൾ ഔദ്യോഗികമായി സ്ഥിരീകരിച്ചപ്പോർ തന്നെ പാർട്ടി ആസ്ഥാനം മൂകതയിലാണ്ടു. ആരോഗ്യം മോശമാണെന്ന വിവരം കഴിഞ്ഞ ദിവസങ്ങളിൽ അറിഞ്ഞപ്പോഴും എല്ലാവരും പ്രതീക്ഷിച്ചത് കോടിയേരിയിലെ പോരാളിയുടെ തിരിച്ചുവരവ് തന്നെയായിരുന്നു.
മരണവിവരം അറിഞ്ഞ് മാധ്യമപ്രവർത്തകർ എ.കെ.ജി സെന്ററിലെത്തുമ്പോൾ ജീവനക്കാർ പാർട്ടി പതാക താഴ്ത്തിക്കെട്ടുകയായിരുന്നു. തലസ്ഥാന നഗരത്തിൽനിന്ന് പാർട്ടി ബന്ധുക്കളും അഭ്യുദയകാംക്ഷികളും രാത്രിയോടെ എ.കെ.ജി സെന്ററിലേക്ക് ഒഴുകിയെത്തി. പലർക്കും അറിയേണ്ടത് സഖാവിനെ എപ്പോൾ തിരുവനന്തപുരത്ത് കൊണ്ടുവരുമെന്നായിരുന്നു. എന്നാൽ തിരുവനന്തപുരത്ത് പൊതുദർശനമില്ലെന്നറിഞ്ഞതോടെ പലരുടെയും മുഖം മങ്ങി.
വി.കെ. പ്രശാന്ത് എം.എൽ.എയാണ് മരണവാർത്തയറിഞ്ഞ് പാർട്ടി ആസ്ഥാനത്ത് ആദ്യമെത്തിയത്. സംസ്ഥാന സമ്മേളനത്തിന്റെ എല്ലാ തിരക്കുകൾക്കും അവധി നൽകി സി.പി.ഐ കേന്ദ്ര കൺട്രോൾ കമീഷൻ അധ്യക്ഷൻ പന്ന്യൻ രവീന്ദ്രനും സംസ്ഥാന അസി. സെക്രട്ടറി പ്രകാശ് ബാബുവുമെത്തി. എം.എ. ബേബി, ധനമന്ത്രി കെ.എന്. ബാലഗോപാൽ എന്നിവരും സെന്ററിലെത്തി പ്രവർത്തകരോട് വിവരങ്ങൾ പങ്കുവെച്ചു.
ആഗസ്റ്റ് 29 നാണ് പാർട്ടി ആസ്ഥാനത്തിന് എതിർവശത്തെ നേതാക്കൾക്കുള്ള ഫ്ലാറ്റിൽനിന്ന് കോടിയേരിയെ ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. യാത്രയയക്കാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനോടും പുതിയ സെക്രട്ടറി എം.വി. ഗോവിന്ദനോടും എം.എ. ബേബിയോടും സംസാരിച്ചാണ് യാത്ര പറഞ്ഞത്.
അതിന് ഒരാഴ്ച മുമ്പ് എ.കെ.ജി സെന്ററിൽ സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ അവസാനത്തെ വാർത്തസമ്മേളനം നടത്തി. പരസഹായത്തോടെ പതുക്കെ നടന്നുവന്ന കോടിയേരിക്കൊപ്പം സഹായത്തിന് കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലനുമുണ്ടായിരുന്നു. വാർത്തസമ്മേളനം കഴിഞ്ഞ് മാധ്യമപ്രവർത്തകരോട് പതിവിലധികം സംസാരിച്ചു. വാർത്തസമ്മേളനത്തിലെ സ്ഥിരം ചോദ്യക്കാരെ പ്രത്യേകം അഭിനന്ദിച്ചു. എന്തിനാണ് അദ്ദേഹത്തെ വിഷമിപ്പിക്കാൻ വാർത്തസമ്മേളനം വിളിപ്പിക്കുന്നതെന്ന് ചില മാധ്യമപ്രവർത്തകർ ഓഫിസ് ജീവനക്കാരോട് ചോദിച്ചിരുന്നു. കോടിയേരി സഖാവിന്റെ നിർബന്ധമാണെന്നായിരുന്നു മറുപടി.
വിതുമ്പി ജന്മനാട്
തലശ്ശേരി: നാടിന്റെ ചിരിമുഖം എന്നെന്നേക്കുമായി വിടപറഞ്ഞപ്പോൾ വിതുമ്പി കോടിയേരി ഗ്രാമം. നാടിനെ സ്വന്തം പേരിനോട് ചേർത്തുവെച്ച് സംസ്ഥാന രാഷ്ട്രീയത്തിൽ വളർന്ന കോടിയേരിയെ എന്നും തങ്ങളിലൊരാളായാണ് നാട്ടുകാർ കണ്ടത്. ഏവർക്കും രാഷ്ട്രീയ വ്യത്യാസമില്ലാതെ പൊതുസ്വീകാര്യനായിരുന്നു കോടിയേരി സഖാവ്. അനുനയത്തിന്റെയും മിതഭാഷണത്തിന്റെയും പാതയായിരുന്നു പാർട്ടിയിലെ കോടിയേരി വഴി. അധികാരത്തിലിരിക്കുമ്പോഴും പാർട്ടി തിരക്കിനിടയിലും ലഭിക്കുന്ന ഒഴിവുവേളകളിലെല്ലാം കോടിയേരി ജന്മനാട്ടിലെത്തുമായിരുന്നു. നാടിന്റെയും നാട്ടുകാരുടെയും പ്രശ്നങ്ങളിലെല്ലാം സജീവമായ ഇടപെടൽ ഏവർക്കും സഖാവിനെ പ്രിയങ്കരനാക്കി. നേതൃത്വത്തിൽ മാത്രമല്ല, താഴെ തട്ടിലുള്ള പ്രവർത്തകർക്കിടയിലും വൈകാരിക ബന്ധം കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിനായി.
കോടിയേരി ഒനിയൻ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ കൊടിപിടിച്ചു തുടങ്ങിയായിരുന്നു പാർട്ടി ബന്ധം. ബാലസംഘം നേതാവാകേണ്ട 19ാം വയസ്സിലാണ് കോടിയേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയാകുന്നത്. ഇരുപതാം വയസ്സിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായതോടെ കണ്ണൂരും കടന്ന് സഖാവും കോടിയേരി എന്ന നാടും വളരുകയായിരുന്നു. 1982ലാണ് ആദ്യമായി തലശ്ശേരി എം.എൽ.എയാകുന്നത്. പിന്നെ തോൽവിയറിയാതെ നാലുതവണ കോടിയേരി എന്ന തങ്ങളുടെ പ്രിയ സഖാവിനെ തലശ്ശേരിക്കാർ നിയമസഭയിലേക്ക് അയച്ചു.
ജനപ്രതിനിധിയായിരിക്കുമ്പോഴും നാടിനെ ചേർത്തുവെക്കുന്ന നേതാവായിരുന്നു. രാഷ്ട്രീയ എതിരാളികൾക്കുപോലും സ്വീകാര്യനായി ഏവരും ബഹുമാനിക്കുന്ന തലശ്ശേരിയുടെ സ്വന്തം എം.എൽ.എയായും പിന്നീട് മന്ത്രിയായും സി.പി.എം സംസ്ഥാന സെക്രട്ടറിയായും കോടിയേരിയുടെ രാഷ്ട്രീയ വളർച്ച തുടർന്നു. രോഗഗ്രസ്ഥനാണെന്ന് അറിയാമെങ്കിലും മരണവിവരം നാടിനെയും ഗ്രാമത്തെയും കണ്ണീരിലാഴ്ത്തി. പ്രിയ സഖാവിന്റെ ഭൗതിക ശരീരം ഞായറാഴ്ച ഉച്ചയോടെ തലശ്ശേരി ടൗൺഹാളിലെത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.