അൽ ഖാതിം മരുഭൂമിയിലേക്കൊരു യാത്ര
text_fieldsഒരിക്കൽ യു.എ.ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ പറഞ്ഞു. 'ഞാൻ മരുഭൂമിയെ സ്നേഹിക്കുന്നു. എനിക്ക് അൽപ്പം ക്ഷീണം തോന്നുമ്പോഴെല്ലാം ശക്തി വീണ്ടെടുക്കാൻ ഞാൻ അവിടെ പോകുന്നു'. മരുഭൂമി ജീവിതം ആസ്വദിക്കുക എന്നത് ഇമറാത്തികൾക്ക് വളരെ ഹരമാണ്. യു.എ.ഇയുടെ 80 ശതമാനം ഭൂവിസ്തൃതിയും മരുഭൂമിയാണ്. ആഴത്തിലുള്ള ഭൂഗർഭജലത്തിലേക്ക് പ്രവേശിക്കാൻ 30 മീറ്റർ വരെ നീളമുള്ള വേരുകളുള്ള ഗാഫ് വൃക്ഷങ്ങളാണ് മരുഭൂമിയിലെ ഹരിത വൃക്ഷങ്ങൾ.
കടുത്ത ചൂടും ചെറിയ വിഭവങ്ങളും മനുഷ്യർക്കും മൃഗങ്ങൾക്കും സസ്യങ്ങൾക്കും മരുഭൂമി കഠിനമാക്കുേമ്പാഴും പൂർവ്വികരായ ബദുക്കൾ (നാടോടികൾ) ഇവിടെ തന്നെയായിരുന്നു ജീവിച്ചിരുന്നത്. യു.എ.ഇ മരുഭൂമിയിലെ ലാൻഡ്സ്കേപ്പ്, സമതലങ്ങൾ, മണൽത്തീരങ്ങൾ, സബ്കകൾ, ബുർഖകൾ, മെസകൾ തുടങ്ങി പൂർവികരുടെ ജീവിതത്തെ സ്വാധീനിച്ച പരമ്പരാഗത ജീവിതത്തിെൻറ വഴിയടയാളങ്ങൾ ഒരിക്കലെങ്കിലും ആസ്വദിക്കാൻ മരുഭൂമി സവാരി നടത്തണം. യു.എ.ഇയിലുള്ളവർക്ക് മരുഭൂ ജീവിതത്തിെൻറ പഴയതും പുതിയതുമായ അനുഭവങ്ങൾ നേരിട്ടറിയാൻ കഴിയുന്ന ഇടമാണ് അബൂദബിയിലെ അൽ ഖാതീം. കോവിഡ് മാനദണ്ഡങ്ങളോടെയാണിപ്പോൾ സഞ്ചാരികളെയും സന്ദർശകരെയും ഇവിടേക്കു കടക്കാൻ അനുവദിക്കുന്നത്.
മനോഹരം ഈ മരുഭൂമി
അബൂദബി-അൽഐൻ നഗരങ്ങൾക്കിടയിലെ അൽ ഖാതിം മരുഭൂമി മനോഹരമായ ഭൂപ്രദേശമാണ്. അബൂദബിയിൽ നിന്ന് 78 കിലോമീറ്ററും അൽഐനിൽ നിന്ന് 82 കിലോമീറ്ററും അകലെ അതിശയകരവും ശാന്തവുമാണ് ഈ പ്രദേശത്തിെൻറ ഭൂപ്രകൃതി. മരുഭൂമിയുടെ വിശാലവും തുറസ്സായതുമായ ഭംഗി ആസ്വദിക്കാനുള്ള ഇടം. ഗാഫ് മരങ്ങളുടെ സാനിധ്യത്തോടെയുള്ള പ്രധാന ആകർഷണമായ ഈ മരുഭൂമി യാത്രക്കാർ ഇഷ്ടപ്പെടുന്ന അബൂദബിയിലെ പ്രധാന ഡെസേർട്ടാണ്.
അബൂദബി ഡെസേർട്ട് സഫാരി
യാത്രയിൽ രസകരമായ ഭക്ഷ്യ വിഭവങ്ങളും അറേബ്യൻ സാംസ്കാരിക പരിപാടികളും ആസ്വദിക്കാൻ കഴിയുന്ന സൗകര്യങ്ങളാണ് അൽ ഖാതിം ഡെസേർട്ട് സഫാരിക്കെത്തുന്നവർക്കായി ഒരുക്കിയിരിക്കുന്നത്. ഒട്ടകപ്പുറത്ത് സഞ്ചരിക്കാം. ഫോർവീൽ വാഹനങ്ങളിൽ മൺകൂനകളിലൂടെയും മണൽതീരങ്ങളിലൂടെയും യാത്ര ചെയ്യാനും അൽ ഖാത്തിമിലെത്തുന്നവർക്കാവും. മരുഭൂമിയിലെ സഞ്ചാരത്തിെൻറ മറക്കാനാവാത്ത അനുഭൂതി സഞ്ചാരികൾക്കിവിടെ ലഭിക്കും. മണൽക്കൂനകളിലൂടെ ചാടിയും ചരിഞ്ഞും ഇളകിയാടിയുള്ള യാത്ര.
അറബിക് ബാർബിക്യൂ ഡിന്നർ
അറബിക് ബാർബിക്യൂ രുചിയും അൽ ഖാതിം ടൂറിൽ ആസ്വദിക്കാം. ചിക്കൻ ബിരിയാണി, ഫൂൾ, പാസ്ത എന്നിവയും പരീക്ഷിക്കാം. സ്മോക്ക് ഗ്രിൽ ചിക്കൻ, കബാബുകൾ, ഷിഷ് താവൂക്ക് എന്നിവയും ഓർഡർ ചെയ്യാം. അത്താഴം ഉൾപ്പെടെയുള്ള ഡെസേർട്ട് സഫാരി ബുക്കു ചെയ്യണമെന്ന് മാത്രം.
അയാല നൃത്തം, ഡി.ജെ
യു.എ.ഇയുടെ പരമ്പരാഗത നൃത്തമായ അയാല നൃത്തം അതിഥികൾക്കായി അൽ ഖാതമിൽ ഒരുക്കുന്നു. നൃത്തം ചെയ്യുന്നവർ രണ്ട് നിരകളായി തോക്കും വടികളുമായി നിൽക്കുന്നു. ഒട്ടകങ്ങളെ നിയന്ത്രിക്കാൻ പരമ്പരാഗതമായി ശീലിച്ച രീതിയിലുള്ള ഈ നൃത്തത്തിന് താളമേളങ്ങൾ അകമ്പടിയാവും. പ്രായമായ നർത്തകരുടെ നേതൃത്വത്തിൽ മരുഭൂമിയിലെ പരമ്പരാഗത നൃത്തം സഫാരി യാത്രയുടെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറുന്നു. അൽ ഖാതിം മരുഭൂമിയിലെ സാഹസിക വിനോദങ്ങളിൽ അറബി കോഫിയും ഈന്തപ്പഴവും സായാഹ്ന ആകർഷണ പരിപാടികളും വൈവിധ്യമാർന്ന ഭക്ഷണവും ആസ്വദിച്ചിരിക്കാം.
വിനോദ സഞ്ചാരികളുടെ താൽപ്പര്യങ്ങളുടെ ഭാഗമായി അറബി, ഇംഗ്ലീഷ് ഉൾക്കൊള്ളുന്ന ഡി.ജെ സംഗീതവും രാത്രിയുടെ വിജനതയിൽ ആകർഷണമാണ്. കോവിഡ് കാലമായതിനാൽ കൂട്ടം ചേർന്നിരുന്ന് ഇതൊന്നും ആസ്വദിക്കാനാവില്ല. സാമൂഹിക അകലം മരുഭൂമിയിലും നിർബന്ധം.
പ്രഭാത സഫാരി
അബൂദബി സന്ദർശിക്കുന്നതിനിടെ മണൽ കാടുകളിലെ പര്യടനം പാരമ്പര്യത്തനിമ ആസ്വദിക്കാനുള്ള അവസരമാണ്. ഒരിക്കലും അവസാനിക്കാത്ത സ്വർണ്ണ മണൽ കുന്നുകൾ ചക്രവാളത്തിലേക്ക് നീങ്ങുമ്പോൾ അതിെൻറ വിശാലത തീർച്ചയായും അനുഭവിക്കാൻ ഡെസേർട്ട് സഫാരിയിലൂടെ മാത്രമെ കഴിയൂ. അതിഥികളെ ഹോട്ടലുകളിൽ നിന്നും പിക്കപ്പ് പോയിൻറുകളിൽ നിന്നും ടൂർ സംഘടിപ്പിക്കുന്നവർ പിക്ക് ചെയ്യുന്നു. പ്രഭാത മരുഭൂമി സഫാരി ഏകദേശം നാല് മണിക്കൂർ എടുക്കും. രാവിലെ 8:30 ഓടെ ടൂറിനായി ബുക്കു ചെയ്യുന്നവരെ റൂമിൽ നിന്ന് പിക്ക് ചെയ്യും. ഡ്യൂൺ ബാഷിങ്, ഒട്ടക സവാരി, സാൻഡ് ബോർഡിങ് എന്നിവ ആസ്വദിക്കാം. ഉച്ചഭക്ഷണത്തിന് മുമ്പായി ടൂർ കഴിഞ്ഞ് റൂമിൽ തിരിച്ചെത്താം.
ഡ്യൂൺ ബാഷിങ്
സാഹസികത ഇഷ്ടപ്പെടുന്നവർക്ക് മരുഭൂമി സഞ്ചാരത്തിൽ തിരഞ്ഞെടുക്കാവുന്നതാണ് അൽ ഖാതിം ഡ്യൂൺ ബാഷിങ്. അവിസ്മരണീയമായ മരുഭൂമി സന്ദർശനവും ഓഫ് റോഡ് യാത്രയും പരമാവധി പ്രയോജനപ്പെടുത്താൻ ഡ്യൂൺ ബാഷിങ്, ഡ്യൂൺ ബഗ്ഗി, ക്വാഡ് ബൈക്കിങ് പോലുള്ള ആവേശകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാം.
കോവിഡ് നിയന്ത്രണം
കോവിഡ് നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിച്ചാണിപ്പോൾ ടൂർ ഓപ്പറേറ്റമാരുടെ പ്രവർത്തനം. സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന ടൂർ ഓപ്പറേറ്റേഴ്സ് നിരക്കുകൾ, ഷെഡ്യൂൾ, യാത്രാമാർഗങ്ങൾ, നിബന്ധനകൾ എല്ലാം വ്യത്യസ്തമാണ്.
ഈവനിങ് ഡെസേർട്ട് സഫാരി
ഏറ്റവും ആസ്വാദ്യകരമായത് സായാഹ്ന സവാരിയാണ്. സായാഹ്ന മരുഭൂമി സഫാരിയും തിരഞ്ഞെടുത്താൽ ജീവിതത്തിൽ മറക്കാനാവാത്ത് അറേബ്യൻ മരുഭൂമി ജീവിതത്തിെൻറ പകലിെൻറ മണിക്കൂറും രാത്രിയും മനസിൽ സൂക്ഷിക്കാം. മരുഭൂമിയിലെ സൂര്യാസ്തമയ കാഴ്ച കൺകുളിർക്കെ കാണാം. വിശാലമായ മരുഭൂമിയുടെ സന്ധ്യാസമയത്തെ സമാനതകളില്ലാത്ത സൗന്ദര്യം കൺകുളിർക്കെ ആസ്വദിക്കാം. മരുഭൂമിയിലെ രാത്രി അനുഭവങ്ങൾ ആസ്വദിക്കാനായില്ലെങ്കിൽ ടൂർ ശരിക്കും അപൂർണ്ണമാവുമെന്നാണ് പറയാറ്. പ്രകൃതി സൃഷ്ടിച്ച മഹത്തായ പാതകൾ, മണൽക്കൂനകൾ, തിരകൾ പോലെയുള്ള മണൽകൂനകളിലൂടെ തെന്നി നീങ്ങിയുള്ള സഞ്ചാരം എന്നിവ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാവും.
ലോക്കേഷനും യാത്രയും
ബസിലും അൽ ഖാതിം മരുഭൂമിയിൽ എത്തിച്ചേരാം. ബസ് നമ്പർ: 120, 130, 210. കാറിൽ വരുന്നവർ അബൂദബിയിൽ നിന്ന് അൽഐൻ ഹൈവേ റോഡ് ഇ-22 വരെ സഞ്ചരിച്ച് അൽ ഖാതിം മരുഭൂമിയിലെ സഫാരി ലൊക്കേഷനിലെത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.