യു.ഡി.എഫിൽ അഗ്നിപർവതം പുകയുന്നു -മന്ത്രി എം.ബി. രാജേഷ്
text_fieldsഷാർജ: ഉള്ളിൽ പുകയുന്ന അമർഷവുമായാണ് പാലക്കാട് കോൺഗ്രസ് പ്രവർത്തകർ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്ന് മന്ത്രി എം.ബി. രാജേഷ്. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫിൽ നേരത്തേ ഉണ്ടായ പൊട്ടിത്തെറികൾ ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഷാർജ എക്സ്പോ സെന്ററിൽ ഇന്ത്യൻ അസോസിയേഷന്റെ ഓണാഘോഷ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയെ തോൽപിക്കാൻ എൽ.ഡി.എഫിന് കഴിയും. നേമത്ത് ബി.ജെ.പി അക്കൗണ്ട് പൂട്ടിച്ചത് എൽ.ഡി.എഫ് ആണ്. മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ്. എൽ.ഡി.എഫ് സ്വതന്ത്രർ പുതിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച പാലക്കാട്ട് നടത്തിയ റോഡ് ഷോ എൽ.ഡി.എഫിന്റെ കുതിപ്പാണ് കാണിക്കുന്നത്. വട്ടിയൂർക്കാവ് തെരഞ്ഞെടുപ്പിൽ ജയിച്ചതുപോലെ ഈ തെരഞ്ഞെടുപ്പിലും അത്ഭുതകരമായ വിജയം എൽ.ഡി.എഫ് നേടും. ശനിയാഴ്ച മാത്രം ചെറുപ്പക്കാരായ രണ്ടു നേതാക്കളാണ് കോൺഗ്രസ് വിട്ടു പുറത്തുവന്നത്.
ഷാനിബും വിമലും. കോൺഗ്രസിലെ അസംതൃപ്തിയാണ് തൃശൂർ ലോക്സഭ സീറ്റിൽ ബി.ജെ.പിയെ ജയിപ്പിച്ചതെന്ന് പറഞ്ഞ അദ്ദേഹം, ആ അസംതൃപ്തി എൽ.ഡി.എഫിന് ഗുണകരമായി മാറുമെന്നും പറഞ്ഞു. സ്വതന്ത്രരെ മുമ്പും എൽ.ഡി.എഫ് പിന്തുണച്ചിട്ടുണ്ടെന്നും, ടി.കെ. ഹംസയെയും കെ.ടി. ജലീലിനെയും പരാമർശിച്ച് മന്ത്രി പറഞ്ഞു. അതേസമയം, പി.വി. അൻവറിനെ ഒരു കാലത്ത് ഏറ്റവുമധികം എതിർത്ത മാധ്യമങ്ങൾ ഒറ്റ രാത്രികൊണ്ട് അദ്ദേഹത്തെ പാടിപ്പുകഴ്ത്തുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.