ദ്യോകോവിച്ചിന് എക്സ്പോയിൽ ഊഷ്മള സ്വീകരണം
text_fieldsദുബൈ: ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക് ദ്യോകോവിച് ദുബൈ എക്സ്പോയിലെത്തി. ദുബൈ ഓപൺ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാണ് ദ്യോകോ യു.എ.ഇയിൽ എത്തിയത്. എക്സ്പോയിൽ സ്വന്തം രാജ്യം സെർബിയയുടെ പവിലിയൻ സന്ദർശിച്ച അദ്ദേഹത്തിന് ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്. ആസ്ട്രേലിയയിലെ വാക്സിൻ വിവാദത്തിനുശേഷം ദ്യോകോ ആദ്യമായാണ് ടൂർണമെന്‍റിൽ പങ്കെടുക്കാനെത്തുന്നത്. 21 മുതലാണ് ദുബൈ ഓപണിലെ പുരുഷവിഭാഗം മത്സരങ്ങൾ നടക്കുന്നത്. ഭാര്യ ജെലീനയും ഒപ്പമുണ്ട്.
നൊവാക് ദ്യോകോവിച് ഫൗണ്ടേഷന്‍റെ പ്രവർത്തനങ്ങളുടെ ഭാഗമായി അദ്ദേഹം സെർബിയൻ പവിലിയനിൽ ജനങ്ങളുമായി സംവദിച്ചു. കിരീടം നേടുന്നവരാണ് ചാമ്പ്യന്മാരെന്ന തെറ്റിദ്ധാരണ സമൂഹത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം ലക്ഷ്യം നേടുകയും അതിൽ സംതൃപ്തിയും സന്തോഷവും അനുഭവിക്കുകയും ചെയ്യുന്ന ഓരോരുത്തരും ചാമ്പ്യന്മാരാണ്. ലക്ഷ്യബോധവും സന്തോഷവുമാണ് ചാമ്പ്യന്‍റെ മുഖമുദ്ര. മിന്നുന്ന നേട്ടങ്ങളിലൂടെയാണ് സമൂഹം വിജയത്തെ വിലയിരുത്തുന്നത്. പക്ഷേ, ചാമ്പ്യനാകാൻ കഴിയാത്തതുകൊണ്ട് മാത്രം അറിയപ്പെടാതെ പോകുന്ന നിരവധി പേരുണ്ട് ഇവിടെ. സമൂഹം ഇവരുടെ ശ്രമങ്ങളെ അവഗണിക്കുന്നു. നിങ്ങൾ നിശ്ചിത തുക സമ്പാദിച്ചില്ലെങ്കിലോ മേഖലയിലെ ആദ്യ 20 പേരിൽ ഒരാളായില്ലെങ്കിലോ അയാളെ പരാജയമായി കണക്കാക്കുന്നു. ആളുകളോട് എങ്ങനെ പെരുമാറണമെന്നത് നാം അഭിമുഖീകരിക്കുന്ന വലിയ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ ക്ഷേമം മുൻനിർത്തിയാണ് ദ്യോകോവിച് അക്കാദമിയുടെ പ്രവർത്തനം. 2030ഓടെ സെർബിയയിലെ എല്ലാ വിദ്യാർഥികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുക എന്നതാണ് ലക്ഷ്യം. ഭൂമിയിലെ ഏറ്റവും പ്രധാന സ്വത്താണ് കുട്ടികളെന്ന് ദ്യോകോ പറഞ്ഞു. കുട്ടികളുടെ വികസനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് പ്രധാനമാണ്. ഏഴു വയസ്സുകാരനായ എന്‍റെ മകനെ ടെന്നിസ് കളിക്കാൻ ഞാൻ പ്രേരിപ്പിക്കുന്നതായി നിങ്ങൾ കരുതുന്നുണ്ടാകാം. എന്നാൽ, നിങ്ങൾക്ക് തെറ്റി. ഞാൻ ഒരിക്കലും അത് ചെയ്യില്ല. അവന് ടെന്നിസ് കളിക്കാൻ ആഗ്രഹമുണ്ടാകേണ്ടത് സ്വാഭാവികമായാണ്. ഞാൻ നിർബന്ധിക്കാതെതന്നെ അവൻ ടെന്നിസിനെ ഇഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്നു. ടെന്നിസ് റാക്കറ്റേന്തുന്ന 99.9 ശതമാനം കുട്ടികളും അത് ചെയ്യുന്നത് അവർ സ്പോർട്സിനെ സ്നേഹിക്കുന്നതുകൊണ്ടാണ്, അല്ലാതെ പണമുണ്ടാക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാക്സിനെടുക്കാത്തതിനെ തുടർന്ന് ആസ്ട്രേലിയൻ ഓപണിൽനിന്ന് ദ്യോകോവിച്ചിനെ വിലക്കിയിരുന്നു. വാക്സിനെടുക്കാതെ രാജ്യത്ത് പ്രവേശിച്ചതിന് ജയിലിൽ കഴിയേണ്ടിയും വന്നു. വാക്സിനോട് തനിക്ക് എതിർപ്പില്ലെന്നും എന്നാൽ, തന്‍റെ ശരീരത്തിൽ എന്ത് മരുന്ന് കയറ്റണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ടെന്നുമായിരുന്നു ദ്യോകോയുടെ നിലപാട്. ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്കുശേഷം എക്സ്പോ സന്ദർശിക്കുന്ന പ്രമുഖ കായികതാരമാണ് ദ്യോകോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.