വേർപിരിയുന്ന ദമ്പതികൾക്ക് മുന്നറിയിപ്പ്; കുട്ടികളെ തെറ്റിധരിപ്പിക്കരുത്, ജയിലിലാകും
text_fieldsദുബൈ: ദാമ്പത്യ പ്രശ്നങ്ങൾ മൂലം വേർപിരിയുന്ന ദമ്പതികൾക്ക് മുന്നറിയിപ്പുമായി ദുബൈ പബ്ലിക് പ്രോസിക്യൂഷൻ. കേസ് ജയിക്കുന്നതിനോ കുട്ടികളെ വിട്ടുകിട്ടുന്നതിനോ അവരെ തെറ്റിധരിപ്പിക്കുന്നത് തടവ് ശിക്ഷയോ പിഴയോ ലഭിക്കാവുന്ന കുറ്റമാണെന്ന് ചീഫ് പബ്ലിക് പ്രോസിക്യൂട്ടറും എമിറേറ്റ്സ് ഫാമിലി ആൻഡ് ജുവനൈൽ പ്രോസിക്യൂഷൻ മേധാവിയുമായ മുഹമ്മദ് അലി റുസ്തം പറഞ്ഞു.
പങ്കാളിയെ കുറ്റപ്പെടുത്തുന്ന രീതിയിൽ മക്കളെ തെറ്റിധരിപ്പിക്കുന്നത് കോടതിയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അടുത്തിടെ ഇത്തരം സംഭവമുണ്ടായിരുന്നു. കുട്ടി സാമൂഹിക പ്രവർത്തകരോട് സത്യം തുറന്നു പറഞ്ഞപ്പോഴാണ് വിവരം അറിയുന്നത്. കുട്ടികളുമായി ഇടപഴകാൻ ഒരുക്കിയിരിക്കുന്ന മീറ്റിങ് റൂമിലെത്തിച്ച് ചോദിച്ചപ്പോഴാണ് സത്യം പുറത്തുവന്നത്. സമ്മർദമില്ലാതെ സംസാരിക്കാൻ കഴിഞ്ഞതോടെ സത്യങ്ങൾ പലതും പുറത്തുവന്നു. ദാമ്പത്യ തർക്കത്തിൽ കുട്ടിയെ ആയുധമായി ഉപയോഗിക്കുന്നത് തെറ്റാണ്. ഇത് കുട്ടികളെ വളരെ ദോഷകരമായി ബാധിക്കും. കള്ളം പറയാനും ഏത് മാർഗവും ഉപയോഗിച്ച് ആവശ്യമുള്ളത് നേടാനും കുട്ടികളെ പഠിപ്പിക്കുന്നതിന് തുല്യമാണിത്. ഇത് കുട്ടികളുടെ സ്വഭവത്തെ ദുഷിപ്പിക്കുന്നു. ഇത്തരം കേസുകളിൽ പ്രോസിക്യൂട്ടർമാർക്ക് കമ്മ്യൂണിറ്റി ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ സഹായം തേടാം. നൽകുന്ന വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാൻ കുട്ടികളുടെ വീടുകൾ സന്ദർശിക്കാമെന്നും അദ്ദേഹം പറഞ്ഞു. കോടതിയെ തെറ്റിധരിപ്പിക്കുന്നത് പിഴയോ മൂന്ന് വർഷം വരെ തടവ് ശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.