ദേരയിൽ വാട്ടർഫ്രണ്ട് ഷോപ്പിങ് സെൻറർ ഒരുങ്ങുന്നു
text_fieldsദുബൈ: ദേര ഐലൻഡിൽ പുതിയ വാട്ടർഫ്രണ്ട് ഷോപ്പിങ് കേന്ദ്രം ഒരുങ്ങുന്നു. ഡി.പി വേൾഡും നഖീൽ മാളും സഹകരിച്ച് രണ്ട് കിലോമീറ്റർ വിസ്തൃതിയിലാണ് സൂഖ് അൽ മർഫ നിർമിക്കുന്നത്. മിന റാശിദ്, മിന അൽ ഹംറിയ, ദേര വാർഫേജ് എന്നിവയുടെ സമീപത്തായാണ് സെൻറർ. 2500ഓളം സ്ഥാപനങ്ങൾ ഇവിടെയുണ്ടാവും. കപ്പൽ വഴിയുള്ള ചരക്കുകൾ നേരിട്ട് ഇവിടേക്ക് എത്തിക്കാനാകുമെന്നതിനാൽ ചെറുകിട, വൻകിട വ്യാപാരങ്ങളുടെ ഹബായി മാറിയേക്കും ഈ ഷോപ്പിങ് സെൻറർ.
രണ്ട് മാസത്തിനുള്ളിൽ തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷ. 100 ശതമാനം വിദേശ നിക്ഷേപം ഇവിടെ അനുവദിക്കുമെന്നതിനാൽ പ്രവാസികൾ ഉൾപെടെയുള്ള വിദേശ വ്യവസായികൾക്ക് വൻസാധ്യതകളാണ് തുറക്കുന്നത്. . പണമിടപാടുകൾക്ക് ഇളവുണ്ടാവും. നീണ്ടുനിൽക്കുന്ന പേപ്പർ വർക്കുകളുടെ നൂലാമാലകളില്ലാതെ ഓഫിസ്, ഷോറൂം പോലുള്ളവ തുടങ്ങാമെന്ന് ചുരുക്കം. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കയറ്റുമതി ഹബായ ദുബൈയിലേക്ക് കൂടുതൽ വ്യാപാരം എത്തിക്കാൻ സൂഖ് അൽ മർഫ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ ആഫ്രിക്ക, ഇറാഖ്, യമൻ എന്നീ രാജ്യങ്ങളുമായുള്ള കൂടുതൽ ഇടപാടുകൾ പുതിയ ഹബ് വഴി നടക്കും. ഇവിടേക്കാണ് നിലവിൽ ഏറ്റവും കൂടുതൽ കയറ്റുമതി നടക്കുന്നത്.
ചെറുകിട സംരംഭകൾക്ക് പോലും കയറ്റുമതി അവസരങ്ങളൊരുക്കാൻ സൂഖ് അൽ മർഫക്ക് കഴിയുമെന്ന് നഖീൽ മാൾ അസെറ്റ്സ് ഓഫിസർ ഒമർ ഖൂരി പറഞ്ഞു. തുറമുഖങ്ങൾ വഴിയുള്ള ചരക്ക് നീക്കത്തിൽ ദുബൈ മുൻപന്തിയിലുണ്ടെങ്കിലും ഇനിയും ഉപയോഗിക്കപ്പെടാതെ കിടക്കുന്ന നിരവധി അവസരങ്ങളുണ്ട്. ഇവ പുറത്തുകൊണ്ടുവരാൻ പുതിയ ഹബിന് കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.