ആധാർ-പാൻ ബന്ധിപ്പിക്കൽ; പ്രവാസികളെ ബാധിക്കില്ല
text_fieldsദുബൈ: ഇന്ത്യയിൽ ആധാർ കാർഡും പാൻ കാർഡും മാർച്ച് 31നകം ബന്ധിപ്പിക്കണമെന്ന നിർദേശം എല്ലാ പ്രവാസികളെയും ബാധിക്കില്ല. നിശ്ചിത തീയതിക്കകം ആധാർ-പാൻ ബന്ധിപ്പിക്കേണ്ടവരുടെ പട്ടികയിൽനിന്ന് പ്രവാസികളെ ഒഴിവാക്കി. ഈമാസം 31നകം ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ അസാധുവാകുമെന്നാണ് ഇൻകം ടാക്സ് അധികൃതരുടെ മുന്നറിയിപ്പ്. കഴിഞ്ഞവർഷം മാർച്ചായിരുന്നു അവസാന തീയതി. എന്നാൽ, ഈമാസം 31വരെ 1000 രൂപ പിഴയോടെ ബന്ധിപ്പിക്കാമെന്ന് പിന്നീട് നിർദേശം നൽകി. ഈ കാലാവധിയാണ് അവസാനിക്കുന്നത്.
നാലു വിഭാഗങ്ങളെയാണ് ഇതിൽനിന്ന് ഒഴിവാക്കിയത്. 1961ലെ ഇൻകം ടാക്സ് ആക്ട് പ്രകാരമുള്ള എൻ.ആർ.ഐകൾ, ഇന്ത്യൻ പൗരൻമാരല്ലാത്തവർ, 80 വയസ്സിന് മുകളിലുള്ളവർ, അസം, മേഘാലയ, ജമ്മു-കശ്മീർ എന്നിവിടങ്ങളിലുള്ളവർക്ക് ആധാർ-പാൻ ബന്ധിപ്പിക്കൽ നിർബന്ധമില്ല. ഔദ്യോഗികമായി എൻ.ആർ.ഐകളല്ലാത്തവർ രജിസ്റ്റർ ചെയ്യേണ്ടിവരും. സന്ദർശക വിസയിലെത്തിയവരും രജിസ്റ്റർ ചെയ്യണം. അല്ലാത്തപക്ഷം ഏപ്രിൽ ഒന്ന് മുതൽ പാൻ പ്രവർത്തനരഹിതമാകും.
എങ്ങനെ ലിങ്ക് ചെയ്യാം
•eportal.incometax.gov.in അല്ലെങ്കിൽ incometaxindiaefiling.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക. നേരത്തേ രജിസ്റ്റർ ചെയ്യാത്തവർ രജിസ്റ്റർ ചെയ്യുക
•പാൻ നമ്പറായിരിക്കും യൂസർ ഐ.ഡി
യൂസർ ഐ.ഡിയും പാസ് വേഡും ജനന തീയതിയും നൽകി പോർട്ടലിൽ ലോഗ് ഇൻ ചെയ്യുക
•പാൻ ആധാറുമായി ലിങ്ക് ചെയ്യുന്നതിന് ഒരു വിൻഡോ പോർട്ടലിൽ പ്രത്യക്ഷമാകും. ലഭ്യമായില്ലെങ്കിൽ MENU ബാറിലുള്ള ‘PROFILE SETTINGS’ൽ പ്രവേശിച്ച് ‘LINK AADHAAR’എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം.
•പാൻ കാർഡ് വിശദാംശങ്ങൾ പ്രകാരം പേര്, ജനനത്തീയതി, ലിംഗം തുടങ്ങിയ വിവരങ്ങൾ അവിടെ സൂചിപ്പിച്ചിരിക്കും.
•ആധാറിൽ പറഞ്ഞവ ഉപയോഗിച്ച് സ്ക്രീനിലെ PAN വിശദാംശങ്ങൾ പരിശോധിക്കുക.
•വിവരങ്ങൾ തമ്മിൽ പൊരുത്തക്കേട് ഉണ്ടെങ്കിൽ ആധാറിലോ പാൻ കാർഡിലോ അത് ശരിയാക്കേണ്ടതുണ്ട്.
•വിശദാംശങ്ങൾ പൊരുത്തപ്പെടുന്നെങ്കിൽ നിങ്ങളുടെ ആധാർ നമ്പർ നൽകി 'LINK NOW' ബട്ടണിൽ ക്ലിക്ക് ചെയ്യുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.