നാട് വിളിക്കുന്നു, തിരികെ കൂടണയാൻ അബ്ദുൽ ഗഫൂർ
text_fieldsകോഴിക്കോട് താമരശ്ശേരി, തച്ചംപൊയിൽ സ്വദേശി ടി.പി. അബ്ദുൽ ഗഫൂർ തിരികെ നാട്ടിലേക്ക്. 1993 ജനുവരി 10ന് ഫ്രീ വിസയിൽ ദുബൈ വിമാനത്താവളം വഴി യു.എ.ഇയിൽ എത്തിയ അബ്ദുൽ ഗഫൂർ മൂന്നു പതിറ്റാണ്ട് നീണ്ട പ്രവാസം പൂർത്തിയാക്കിയാണ് നാടണയുന്നത്. ഷാർജയിൽ ആരോഗ്യവകുപ്പിലെ ഫാർമസിസ്റ്റായിരുന്ന കംബോണ്ടർ മൂസക്കായുടെ കടയിലായിരുന്നു പ്രവാസ ജീവിതത്തിന്റെ തുടക്കം. മൂന്നു വർഷത്തിന് ശേഷം ഷാർജ ജല വൈദ്യുതി വകുപ്പിൽ (സേവ) ജോലി ലഭിച്ചു. അവിടെ 27 വർഷത്തെ സേവനത്തിന് ശേഷമാണ് മടക്കയാത്ര.’93ൽ ഷാർജ എന്നുപറഞ്ഞാൽ റോളയും ദുബൈയിലേക്ക് പോകുന്ന അൽ വഹദ സ്ട്രീറ്റും മാത്രമായിരുന്നു അറിയപ്പെടുന്ന സ്ഥലങ്ങൾ.
എമിറേറ്റ്സ് റോഡോ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡോ നാഷനൽ പെയിന്റ് ബിൽഡിങ്ങോ ഒന്നും ഇല്ലാത്ത മരുഭൂമി. വലിയ ഹൈപ്പർ മാർക്കറ്റുകളോ, സൂപ്പർമാർക്കറ്റുകളോ ഒന്നും ഇല്ലാത്തിടത്ത് നിന്നും വലിയ മാളുകളും അംബരചുംബികളായ കെട്ടിടങ്ങളും റോഡുകളും പാലങ്ങളുമൊക്കെ ഉയരുന്നത് കൺനിറയെ കണ്ട വർഷങ്ങൾ. അറ്റ്ലസ് ജ്വല്ലറി, മനാമ സൂപ്പർ മാർക്കറ്റ്, യു.എ.ഇ എക്ചേഞ്ച് എന്നിവയുടെ തകർച്ചകൾ നേരിൽ കണ്ടു.
27 വർഷത്തെ സേവനത്തിനിടയിൽ സേവയിൽനിന്നും സ്തുത്യർഹ സേവനത്തിന് രണ്ടു തവണ ബഹുമതിയും സ്ഥാനക്കയറ്റവും ലഭിച്ചിട്ടുള്ള അബ്ദുൽ ഗഫൂർ യു.എ.ഇ പള്ളിപ്പുറം മഹല്ല് കമ്മറ്റിയുടെ ആദ്യകാല പ്രസിഡന്റും നിലവിൽ രക്ഷാധികാരിയുമാണ്. കൂടാതെ ഷാർജ കെ.എം.സി.സി കൊടുവള്ളി മണ്ഡലം സ്ഥാപക ജനറൽ സെക്രട്ടറിയും നിലവിൽ മുഖ്യ രക്ഷാധികാരിയുമാണ്. ഭാര്യ ഹസീന ഷാർജയിൽ പതിമൂന്ന് വർഷം ചീഫ് നഴ്സായിരുന്നു. ഇപ്പോൾ കോഴിക്കോട് കോട്ടപ്പറമ്പിലുള്ള വിമൺ ആൻഡ് ചിൽഡ്രൺ ഹോസ്പിറ്റലിലാണ് സേവനം. മൂന്ന് മക്കളിൽ മൂത്ത മകൾ ജസീറ എം.ഡിയെടുക്കാനുള്ള പഠനത്തിലാണ്. രണ്ടാമത്തെ മകൾ ഫിദ എം.ബി.ബി.എസ് ഒന്നാം വർഷ വിദ്യാർഥിനിയാണ്.
ഇളയ മകൾ നിദ നഫീസ ഒമ്പതാം ക്ലാസിലാണ്. പൊതുമരാമത്ത് വകുപ്പിൽ നിന്ന് വിരമിച്ച പരേതനായ ടി. പി. മൊയ്തീൻ കോയ ഹാജി പിതാവാണ്. ശേഷിക്കുന്ന കാലം സാമൂഹിക രാഷ്ട്രീയ സാംസ്കാരിക സേവനവുമായി നാട്ടിൽ കഴിയാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.