യു.എ.ഇ വ്യോമാതിർത്തിയിലൂടെ ഒരു ദിവസം പറക്കുന്നത് 1000 വിമാനങ്ങൾ
text_fieldsഅബൂദബി: യു.എ.ഇ വ്യോമാതിർത്തിക്കു മുകളിലൂടെ ശരാശരി 1,000 വിമാനങ്ങൾ പ്രതിദിനം പറക്കുന്നതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി വെളിപ്പെടുത്തി. ഈ മാസത്തെ ഏറ്റവും പുതിയ കണക്കാണിത്. കഴിഞ്ഞ ഏപ്രിലിലെ വ്യോമ ഗതാഗത എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ 200 ശതമാനം കൂടുതലാണിത്.
കോവിഡ് മൂലം വ്യോമയാന വ്യവസായത്തിലുണ്ടായ പ്രതികൂലാവസ്ഥ യു.എ.ഇ അധികൃതരുടെ ശ്രമഫലമായി ക്രമേണ കുറഞ്ഞുവരുകയാണെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ സെയ്ഫ് മുഹമ്മദ് അൽ സുവൈദി ചൂണ്ടിക്കാട്ടി. പ്രതിസന്ധി ഘട്ടത്തിലും യു.എ.ഇയുടെ എയർ അറേബ്യ അബൂദബി, വിസ് എയർ എന്നിങ്ങനെ രണ്ട് പുതിയ ദേശീയ വിമാനക്കമ്പനികൾ ആരംഭിച്ചത് വ്യോമയാന മേഖലയിലെ പ്രധാന നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്തെ ആദ്യത്തെ ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ എയർ അറേബ്യ അബൂദബി ജൂലൈ 14 നാണ് സർവിസ് ആരംഭിച്ചത്. വിസ് എയർ അബൂദബി വരും ആഴ്ചകളിൽ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോവിഡ് വ്യാപനം കുറക്കാൻ സർക്കാർ തലത്തിൽ നടപ്പാക്കിയ പ്രായോഗിക പരിഹാരങ്ങൾക്കൊപ്പം വിമാനങ്ങളുടെ സുരക്ഷിതമായ പ്രവർത്തനങ്ങൾക്ക് കർശനമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചതും വ്യോമയാന വ്യവസായത്തെ വീണ്ടെടുക്കാൻ സഹായിച്ചുവെന്നും അൽ സുവൈദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.