യു.എ.ഇയിലെ ഹൃദ്രോഗികളില്‍ 70 ശതമാനവും ഹൃദയാഘാത ഭീഷണിയിലെന്ന് പഠനം
text_fieldsഅബൂദബി: മുപ്പതിനായിരം ഹൃദ്രോഗികളില്‍ നടത്തിയ പഠനത്തില്‍ 70 ശതമാനത്തിലേറെയും ഉയര്‍ന്ന കൊളസ്ട്രോള്‍ മൂലം ഹൃദയാഘാത സാധ്യത കൂടിയ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതായി കണ്ടെത്തി. അബൂദബിയിലെ ക്ലീവ്ലാൻഡ് ക്ലിനിക്കും ഇംപീരിയല്‍ കോളജ് ലണ്ടന്‍ ഡയബറ്റ്സ് സെൻററുമായി ചേര്‍ന്നാണ് പഠനം നടത്തിയത്.
പഠനത്തില്‍ പങ്കെടുത്തവരില്‍ ശരാശരി എൽ.ഡി.എല്‍ കൊളസ്ട്രോളിെൻറ അളവ് 140 എം.ജി/ഡി.എല്‍ ആണ്. ഹൃദ്രോഗത്തെ തടയുന്നതിന് ആവശ്യമായതിെൻറ മൂന്നിരട്ടി കൂടുതലാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന ഇവ രക്തധമനിയുടെ ഭിത്തികളില്‍ തടസ്സങ്ങളുണ്ടാക്കുകയും ഇതോടെ ഹൃദയത്തിലേക്ക് രക്തപ്രവാഹം തടയപ്പെടുകയുമാണ് ഉണ്ടാവുക. ഹൃദയാഘാതത്തെ കുറിച്ച ചിന്തയില്ലാതെ നിരവധി ചെറുപ്പക്കാരാണ് അപകടകരമായ രീതിയില്‍ ചീത്ത കൊളസ്ട്രോള്‍ ബാധിച്ചവരായിട്ടുള്ളതെന്നും ഹൃദ്രോഗ വിദഗ്ധനായ ഡോ. ഹാനി സബൂര്‍ പറഞ്ഞു.
ആരോഗ്യപ്രശ്നം ഒന്നുമില്ലാത്തവര്‍ക്ക് 100 എം.ജി/ഡി.എല്‍ മുതല്‍ 129 എം.ജി/ഡി.എല്‍ വരെ എൽ.ഡി.എല്‍ കൊളസ്ട്രോള്‍ സ്വീകാര്യമാണ്. എന്നാല്‍ ഹൃദ്രോഗമോ അല്ലെങ്കില്‍ പ്രമേഹമോ പോലുള്ള ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഈ നിരക്ക് വളരെ കൂടുതലാണ്.
എൽ.ഡി.എല്‍ കോളസ്ട്രോള്‍ വര്‍ധിക്കുന്നതിനനുസരിച്ച് ഹൃദയാഘാത സാധ്യത 25 ശതമാനം വര്‍ധിക്കുകയാണെന്നും ഡോക്ടര്‍ പറഞ്ഞു. യു.എ.ഇയിലെ ചീത്ത കൊളസ്ട്രോള്‍ നിരക്കിലെ വര്‍ധന ഞെട്ടിക്കുന്നതും അടിയന്തരമായി കണക്കിലെടുക്കപ്പെടേണ്ടതുമാണ്. തുടര്‍ച്ചയായ ഹൃദയാരോഗ്യ പരിശോധനകള്‍ നടത്താന്‍ ഏവരും തയാറാവണമെന്നും ഇതിലൂടെ ജീവാപായം ഒഴിവാക്കാനും യുവതലമുറയെ കൂടുതല്‍ ഉല്പാദനക്ഷമതരാക്കാനും കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹൃദ്രോഗങ്ങള്‍ വര്‍ധിക്കാൻ പ്രധാന കാരണം പ്രമേഹമാണ്. അന്താരാഷ്ട്ര പ്രമേഹ ഫെഡറേഷെൻറ കണക്ക് പ്രകാരം യു.എ.ഇയില്‍ 10 ലക്ഷം പേരാണ് പ്രമേഹബാധിതര്‍. 12 ലക്ഷം പേര് പ്രമേഹത്തിന് മുന്നോടിയായുള്ള അവസ്ഥയിലാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയിലും കൂടുതലായ അവസ്ഥയാണിത്.
ഭക്ഷണക്രമങ്ങളിലൂടെയും മരുന്നിലൂടെയും ഉയര്‍ന്ന അളവിലുള്ള കൊളസ്ട്രോള്‍ നിയന്ത്രിക്കാമെന്ന് വിദഗ്ധർ നിര്‍ദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.