‘ടൈമി’ന്റെ മഹത്തായ സ്ഥലങ്ങളിൽ അബ്രഹാമിക് ഫാമിലി ഹൗസും
text_fieldsഅബൂദബി: ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും മഹത്തായ സ്ഥലങ്ങളുടെ വാർഷിക പട്ടികയിൽ അബ്രഹാമിക് ഫാമിലി ഹൗസ് ഇടം നേടി. സന്ദർശിക്കാനും താമസിക്കാനും യോജിച്ച ലോകത്തെ 100 പ്രധാന സ്ഥലങ്ങളെ പരിചയപ്പെടുത്തുന്ന പട്ടികയാണിത്.
ഹോട്ടലുകൾ, ക്രൂസുകൾ, റെസ്റ്റോറൻറുകൾ, വിനോദ ആകർഷണങ്ങൾ, മ്യൂസിയങ്ങൾ, പാർക്കുകൾ എന്നിവ ഉൾപ്പെടെയുള്ള സ്ഥലങ്ങളുടെ അപേക്ഷകളിൽ നിന്നാണ് പട്ടികയിലേക്ക് സ്ഥലങ്ങൾ തെരഞ്ഞെടുക്കുന്നത്. സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള മുസ്ലിം പള്ളിയും സിനഗോഗും ചർച്ചും ഉൾകൊളളുന്ന അബൂദബിയിലെ അബ്രഹാമിക് ഫാമിലി ഹൗസ് വളരെ പ്രാധാന്യമുള്ളതായി തോന്നുന്നുവെന്ന് ‘ടൈം’ വിലയിരുത്തി. 2023 മാർച്ചിലാണിത് പൊതുജനങ്ങൾക്കായി തുറന്നത്.
പരസ്പര സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശം പകർന്നുകൊണ്ടാണ് അബ്രഹാമിക് ഫാമിലി ഹൗസ് സ്ഥാപിച്ചത്. ഒരേ കോമ്പൗണ്ടിൽ മസ്ജിദും ക്രിസ്ത്യൻ പള്ളിയും സിനഗോഗുമെല്ലാം ഉൾക്കൊള്ളുന്ന സ്ഥാപനം സന്ദർശിക്കാൻ നിരവധിപേർ എത്തിച്ചേരാറുണ്ട്. സാദിയാത്ത് ദ്വീപിലെ ഈ സർവമത സമുച്ചയത്തിന്റെ രൂപകൽപന സർ ഡേവിഡ് അദ്ജയാണ് നിർവഹിച്ചിരിക്കുന്നത്. പഠനം, ചർച്ചകൾ, ആരാധന എന്നിവയ്ക്കെല്ലാമായുള്ള ഒരു ഇടം എന്ന നിലയിലാണ് സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
എല്ലാതരം വിശ്വാസികൾക്കും ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്. വ്യത്യസ്ത വിശ്വാസങ്ങളെയും സമ്പ്രദായങ്ങളെയും കുറിച്ച് താരതമ്യം ചെയ്ത് പഠിക്കാൻ പറ്റിയ ഇടമാണിത്. പ്രവേശനം എല്ലാവർക്കും തീർത്തും സൗജന്യവുമാണ്. എങ്കിലും, സന്ദർശകർ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് നിർദ്ദേശമുണ്ട്. ഇവിടെയെത്തുന്നവർക്ക് പ്രത്യേക ഡ്രസ് കോഡ് നിർദേശിച്ചിട്ടുണ്ട്. പ്രാർത്ഥനക്കും ആരാധനക്കുമായി എത്തുന്നവർ പ്രത്യേകം ബുക്ക് ചെയ്യേണ്ടതില്ലെങ്കിലും അവർ പ്രത്യേക പ്രവേശന കവാടങ്ങളിലൂടെ മാത്രം പ്രവേശിക്കണം. സഹോദര മതസ്ഥരുടെ വിശ്വാസ-പ്രാർത്ഥനാ ചടങ്ങുകളിലും അതിഥിയായി പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനും അവസരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.