വിസ കാലാവധി കഴിഞ്ഞോ?; മടങ്ങിയില്ലെങ്കിൽ ‘അബ്സ്കോണ്ടിങ് കേസ്’
text_fieldsദുബൈ: വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതിരിക്കുകയോ വിസ പുതുക്കാതിരിക്കുകയോ ചെയ്യുന്ന സന്ദർശക വിസക്കാർക്കെതിരെ കേസിനൊരുങ്ങി ട്രാവൽ ഏജൻസികൾ. ഇത്തരക്കാർക്കെതിരെ ‘അബ്സ്കോണ്ടിങ്’ കേസ് നൽകാനാണ് തീരുമാനം. സന്ദർശക വിസയിലെത്തുന്നവർ നിയമവിരുദ്ധമായി ഇവിടെ തുടരുന്നത് വിസ നൽകിയ ട്രാവൽ ഏജൻസികളെയും പ്രതിസന്ധിയിലാക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. വിസ കാലാവധിയും ഗ്രേസ് പിരീഡും കഴിഞ്ഞാൽ രാജ്യം വിടുകയോ മറ്റ് വിസയിലേക്ക് മാറുകയോ ചെയ്യണമെന്നാണ് നിയമം. എന്നാൽ, പലരും ഇത് പാലിക്കാറില്ല. ഇതോടെ, ഓവർ സ്റ്റേ എന്ന പേരിൽ പിഴ അടക്കണം.
ഒരു ദിവസം 50 ദിർഹം എന്ന കണക്കിലാണ് പിഴ അടക്കേണ്ടത്. അഞ്ച് ദിവസം കഴിഞ്ഞാൽ ഇവരെ ‘ബ്ലാക്ക് ലിസ്റ്റിൽ’ ഉൾപ്പെടുത്തുകയും ചെയ്യും. പിഴ അടക്കേണ്ടത് വ്യക്തികളാണെങ്കിലും ട്രാവൽ ഏജൻസികളെയും ഇത് ബാധിക്കുന്നുണ്ട്. ട്രാവൽ ഏജന്റുമാരുടെ സ്പോൺസർഷിപ്പിലാണ് സന്ദർശക വിസക്കാർ എത്തുന്നത്. ഇങ്ങനെ എത്തുന്നവർ നിയമ വിരുദ്ധമായി പ്രവർത്തിച്ചാൽ സ്പോൺസറും ഉത്തരവാദിയായിരിക്കും.
ഇതുവഴി, ട്രാവൽ ഏജൻസികൾക്കും പിഴ ലഭിക്കും. ഇതിന് പുറമെ, വിസ ആപ്ലിക്കേഷൻ പോർട്ടലുകൾ േബ്ലാക്ക് ചെയ്യുകയും പുതിയ വിസക്ക് അപേക്ഷിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാവുകയും ചെയ്യും. ഇതൊഴിവാക്കാനാണ് കേസ് നൽകുന്നത്. ഇത് സംബന്ധിച്ച് സന്ദർശകരെ അറിയിക്കുന്നതിനായി ട്രാവൽ ഏജൻസികൾ പ്രചാരണം തുടങ്ങി. ഒന്നുകിൽ രാജ്യം വിടുക, അല്ലെങ്കിൽ വിസ നീട്ടുക എന്നതാണ് ഇവരുടെ സന്ദേശം.
എന്താണ് അബ്സ്കോണ്ടിങ് കേസ്
സാധാരണ രീതിയിൽ, നിശ്ചിതദിവസം കഴിഞ്ഞും ജോലിക്ക് ഹാജരായില്ലെങ്കിൽ ജീവനക്കാരനെതിരെ തൊഴിലുടമ നൽകുന്ന പരാതിയാണ് അബ്സ്കോണ്ടിങ് കേസ്. ഉറൂബ് എന്നും ഇതിനെ പറയും. തൊഴിലുടമ തന്റെ ഭാഗം കുറ്റമറ്റതാക്കാൻ നൽകുന്ന കേസാണിത്. ഇവിടെ തൊഴിലുടമക്ക് പകരം ട്രാവൽ ഏജൻസികളാണ് പരാതി നൽകുന്നത്. സന്ദർശകൻ ചെയ്യുന്ന കുറ്റങ്ങൾക്ക് ഭാഗിക ഉത്തരവാദിത്തം വിസ സ്പോൺസർ ചെയ്യുന്നയാൾക്കുമുണ്ട്. അതിനാൽ, ഇയാളെ കാണാനില്ല എന്ന രീതിയിലാണ് ട്രാവൽ ഏജൻസികൾ കേസ് ഫയൽ ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.