നാഷനൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ വിദൂര വോട്ടിങ് ഏർപ്പെടുത്തും
text_fieldsദുബൈ: യു.എ.ഇ ഫെഡറൽ നാഷനൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ പൗരന്മാർക്ക് പോളിങ് സ്റ്റേഷനിലെത്താതെയും വോട്ടിങ്ങിന് സൗകര്യം. അടുത്ത തെരഞ്ഞെടുപ്പിൽ വിദൂര വോട്ടിങ് സംവിധാനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രമേയം പാസാക്കി. പുതിയ സംവിധാനം ഉപയോഗപ്പെടുത്തി വിദൂര വോട്ടുകൾ ഒരുമിച്ചുകൂട്ടുകയും ഒഫീഷ്യൽ പോളിങ് സ്റ്റേഷനുകളിൽ എണ്ണുകയും ചെയ്യുമെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
എല്ലാ മേഖലയിലും ഡിജിറ്റൽവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പിലും പുതിയ സംവിധാനം ഉപയോഗിക്കുന്നത്. ഓരോരുത്തർക്കും ഓരോ വോട്ടുകൾ ചെയ്യാനുള്ള അവസരമാണുണ്ടാവുക. ആരെങ്കിലും ഒന്നിലേറെ വോട്ട് ചെയ്താൽ അവസാനം ചെയ്ത വോട്ടാണ് കൗണ്ടിങ്ങിന് പരിഗണിക്കുക. ഒരു പൗരന് തന്റെ എമിറേറ്റിലെ ഒരു സ്ഥാനാർഥിയെ മാത്രമാണ് തെരഞ്ഞെടുക്കാൻ സാധിക്കുക. വിദൂര വോട്ടിങ്ങിനായി പ്രത്യേക ആപ് സജ്ജീകരിക്കുകയും ചെയ്യും. വോട്ടിങ് ദിവസങ്ങളുടെ ആരംഭം മുതൽ അവസാന തെരഞ്ഞെടുപ്പ് ദിവസം വരെ ഈ ആപ് വഴി വോട്ട് രേഖപ്പെടുത്താനാകും. അതേസമയം, മറ്റു രാജ്യങ്ങളിലെ എംബസികളിലും മറ്റു നയതന്ത്ര കാര്യാലയങ്ങളിലും തെരഞ്ഞെടുപ്പ് സെന്ററുകൾ ഉണ്ടാകില്ല.
ഈ വർഷം നടക്കുന്ന ഫെഡറൽ നാഷനൽ കൗൺസിൽ തെരഞ്ഞെടുപ്പ് സംബന്ധിച്ച് നിയമത്തിൽ നിരവധി ഭേദഗതികളും കൂട്ടിച്ചേർക്കലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻകാലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ പഠിച്ചും അവലോകനം ചെയ്തുമാണ് ഭേദഗതികൾ നിർണയിച്ചത്. സ്ഥാനാർഥികളുടെ രജിസ്ട്രേഷൻ ഫീസ് 1000 ദിർഹമിൽനിന്ന് 3000 ദിർഹമാക്കിയത് ഇത്തരത്തിൽ ഒരു മാറ്റമാണ്. ഭിന്നശേഷിക്കാരായ, നിശ്ചിത നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുകയും ആരോഗ്യപരിശോധന പൂർത്തിയാക്കുകയും ചെയ്തവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ഇത്തവണ അനുമതിയുണ്ട്. നാൽപതംഗ സഭയാണ് യു.എ.ഇയുടെ ഫെഡറൽ നാഷനൽ കൗൺസിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.