ലൈസന്‍സ് ഫീസിൽ 50 ശതമാനം ഇളവുമായി അബൂദബി
text_fieldsഅബൂദബി: സാമ്പത്തിക ഇതര, ചെറുകിട സ്ഥാപനങ്ങളുടെ ലൈസന്‍സ് ഫീസില്‍ 50 ശതമാനം വരെയോ അതിനു മുകളിലോ ഇളവ് പ്രഖ്യാപിച്ച് അബൂദബി ഗ്ലോബല്‍ മാര്‍ക്കറ്റ്. 2025 ജനുവരി ഒന്നു മുതൽ പുതുക്കിയ ഫീസിളവ് പ്രാബല്യത്തില്‍ വരും. അല്‍ റീം ഐലന്‍ഡ് ബിസിനസ് ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി. അബൂദബി ഗ്ലോബല്‍ മാര്‍ക്കറ്റിന്റെ പരിധിയില്‍ വരുന്ന ഇടങ്ങളില്‍ മാത്രമായിരിക്കും ഫീസിളവ് ലഭിക്കുക. അല്‍ മര്യ, അല്‍ റീം ഐലന്‍ഡ് എന്നിവിടങ്ങളാണ് അബൂദബി ഗ്ലോബല്‍ മാര്‍ക്കറ്റിന്റെ പരിധിയില്‍ വരുന്നത്. പുതുക്കിയ ഫീസ് പ്രകാരം സാമ്പത്തികേതര വിഭാഗത്തിലുള്ള ബിസിനസുകളുടെ രജിസ്ട്രേഷന് ഫീസ് 10,000 ഡോളറില്‍ നിന്ന് 5000 ആയി കുറച്ചു. ഇതേ വിഭാഗങ്ങളുടെ വാര്‍ഷിക ലൈസന്‍സ് പുതുക്കല്‍ ഫീസ് 8000ത്തിൽ നിന്ന് 5000 ഡോളറായും കുറച്ചിട്ടുണ്ട്.
റീട്ടെയില്‍ ബിസിനസ് വിഭാഗത്തില്‍ പുതിയ രജിസ്ട്രേഷനുള്ള ഫീസ് 6000ത്തിൽ നിന്ന് 2000 ഡോളറായാണ് കുറച്ചത്. ലൈസന്‍സ് പുതുക്കല്‍ ഫീസ് 4000ൽ നിന്ന് 2000 ഡോളറായും കുറച്ചു. നിലവിലുള്ള ലൈസന്‍സ് ഡിസംബര്‍ 31ന് അവസാനിക്കുന്ന രീതിയിലാണ് പുതുക്കിയ ഫീസിളവ് പ്രാബല്യത്തില്‍ വരുക. അല്‍ റീം ഐലന്‍ഡില്‍ സ്ഥിതി ചെയ്യുന്ന യോഗ്യതയുള്ള സാമ്പത്തികേതര, റീട്ടെയില്‍ ബിസിനസുകള്‍ക്ക് അബൂദബി ഗ്ലോബല്‍ മാര്‍ക്കറ്റിന്റെ വാണിജ്യ ലൈസന്‍സുകള്‍ പണമടക്കാതെ കരസ്ഥമാക്കാന്‍ നേരത്തേ അനുവദിച്ചിരുന്നു. 2024 ഒക്ടോബര്‍ 31 വരെയാണ് ഈ സൗകര്യം അനുവദിച്ചിരിക്കുന്നത്.
അതേസമയം, ധനകാര്യ വിഭാഗത്തിലെ ബിസിനസ് സ്ഥാപനങ്ങളുടെ ലൈസന്‍സ് ഫീസ് 15,000ത്തിൽ നിന്ന് 20,000 ഡോളറായും ലൈസന്‍സ് പുതുക്കല്‍ ഫീസ് 13,000ത്തിൽ നിന്ന് 15,000 ഡോളറായും ഉയര്‍ത്തി. ടെക്, ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളുടെ ഫീസ് 1000ത്തിൽ നിന്ന് 1500 ഡോളറായി വര്‍ധിപ്പിച്ചു. വാര്‍ഷിക ലൈസന്‍സ് പുതുക്കല്‍ ഫീസും ഇതു തന്നെയാണ്. അതേസമയം പ്രത്യേക ഉദ്ദേശ്യ വാഹനങ്ങള്‍ക്കുള്ള (എസ്.പി.വി) ലൈസന്‍സ് ഫീസ് 1,900 ഡോളറായി തുടരും. വിവിധ ബിസിനസുകള്ക്കുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ വിലയിരുത്തിയാണ് ലൈസന്‍സ് ഫീസില്‍ നിരക്കിളവ് പ്രഖ്യാപിച്ചതെന്ന് അബൂദബി ഗ്ലോബല്‍ മാര്‍ക്കറ്റ് സി.ഇ.ഒ ഹമദ് സയ അല്‍ മസ്റൂയി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.