അബൂദബിയിൽ എയർപോർട്ട് സിറ്റി ടെർമിനൽ ഇന്നുമുതൽ പുനരാരംഭിക്കും
text_fieldsഅബൂദബി: അബൂദബിയിൽ എയർപോർട്ട് സിറ്റി ടെർമിനൽ ബുധനാഴ്ച മുതൽ വീണ്ടും പ്രവർത്തനം ആരംഭിക്കും. മൂന്നുവർഷം മുമ്പ് പ്രവർത്തനം നിർത്തിവെച്ച സിറ്റി ചെക്ക് ഇൻ സേവനമാണ് മിനയിലെ അബൂദബി ക്രൂയിസ് ടെർമിനലിൽ പുനരാരംഭിക്കുന്നത്.
തുടക്കത്തിൽ ഇത്തിഹാദ് വിമാനത്തിൽ യാത്ര ചെയ്യുന്നവർക്കാകും സിറ്റി ടെർമിനൽ സേവനം ലഭ്യമാവുക. അടുത്ത മാസത്തോടെ കൂടുതൽ വിമാനക്കമ്പനികൾ സിറ്റി ടെർമിനലിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
യാത്രക്ക് 24 മണിക്കൂർ മുമ്പ് മുതൽ കുറഞ്ഞത് നാലു മണിക്കൂർ മുമ്പുവരെ സിറ്റി ടെർമിനലിൽ ചെക്ക് ഇൻ ചെയ്യുന്നതിന് അവസരമുണ്ട്. ഇവിടെനിന്നു ലഭിക്കുന്ന ബോർഡിങ് പാസുമായി നേരെ വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിൽ യാത്രക്കാർ എത്തിയാൽ മതിയാവും. മിന ക്രൂയിസ് ടെർമിനലിൽ ലഭിക്കുന്ന സൗജന്യ പാർക്കിങ് സൗകര്യവും യാത്രക്കാർക്ക് പ്രയോജനപ്പെടുത്താം. ഒരു യാത്രക്കാരന് 45 ദിർഹമാണ് നിരക്ക്. കുട്ടികൾക്ക് 25 ദിർഹവും നാല് അംഗങ്ങൾ ഉൾപ്പെടുന്ന കുടുംബത്തിന് 120 ദിർഹവുമാണ് ഈടാക്കുക. നിലവിൽ രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെ ടെർമിനൽ പ്രവർത്തിക്കും.
അടുത്ത മാസത്തോടെ 24 മണിക്കൂറും ടെർമിനൽ പ്രവർത്തനസജ്ജമാവും. മൊറാഫിക് ഏവിയേഷൻ സർവിസസ് എന്ന സ്ഥാപനമാണ് ഇത്തിഹാദ് എയർവേസ് അടക്കമുള്ള വിമാനക്കമ്പനികളുമായി സഹകരിച്ച് സിറ്റി ടെർമിനൽ വീണ്ടും യാഥാർഥ്യമാക്കുന്നത്. 1999ൽ അബൂദബിയിൽ ആരംഭിച്ച സിറ്റി ടെർമിനൽ ഏറെ ജനപ്രീതി നേടിയിരുന്നു. 2019 ഒക്ടോബറിലാണ് ടെർമിനലിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.