അബൂദബി വിമാനത്താവളം: അവധിദിന യാത്രക്കാരില്‍ നാലിരട്ടി വര്‍ധന
text_fieldsഅബൂദബി: 2020നെ അപേക്ഷിച്ച് അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അവധി ദിനങ്ങളിലെ യാത്രക്കാരില്‍ നാലു മടങ്ങ് വര്‍ധനവുണ്ടാകുമെന്ന് അധികൃതര്‍. ഡിസംബര്‍ 22 മുതല്‍ 2022 ജനുവരി രണ്ടുവരെയുള്ള ദിവസങ്ങളില്‍ പ്രതിദിനം 102 വിമാനങ്ങളിലായി 32,000 യാത്രികര്‍ സഞ്ചരിക്കുമെന്നാണ് അബൂദബി വിമാനത്താവളം അധികൃതര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ പ്രതിദിനം 8400 യാത്രികരും 56 വിമാനങ്ങളുമാണ് ഉണ്ടായിരുന്നത്.
2019ല്‍ പ്രതിദിന യാത്രികര്‍ 59,000ഉം സര്‍വിസ് നടത്തിയ വിമാനങ്ങളുടെ എണ്ണം 149ഉം ആയിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് 2020ല്‍ വിമാന യാത്രികരിലും വിമാന സര്‍വിസുകളിലും വന്‍ കുറവുണ്ടാവാന്‍ കാരണമായത്.
അതേസമയം, എയര്‍ലൈന്‍ കമ്പനികളുമായി ബന്ധപ്പെട്ട് പുതിയ യാത്രാമാര്ഗനിര്ദേശങ്ങള് അറിയണമെന്നും ഇതിലൂടെ യാത്രക്ക് തടസ്സമുണ്ടാവാതിരിക്കാന്‍ കഴിയുമെന്നും അബൂദബി അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍ അറിയിച്ചു. യാത്ര ചെയ്യാനുദ്ദേശിക്കുന്ന സ്ഥലത്തെ ഏറ്റവും പുതിയ യാത്രാനിയന്ത്രണങ്ങളും നിയമങ്ങളും അറിയാന്‍ അതതു സമയങ്ങളില്‍ എയല്ലൈനുകളുമായി ബന്ധപ്പെടണം. സുഗമമായ യാത്രകള്‍ ഉറപ്പാക്കാന്‍ യാത്രാ പ്രോട്ടോകോളുകള്‍ പാലിക്കേണ്ടതുണ്ട്.
യു.എ.ഇയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനത്താവളവും ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വ്യോമയാന കേന്ദ്രവുമാണ് അബൂദബി. 50 ലധികം രാജ്യങ്ങളിലായി 100 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കുന്ന 30ലധികം എയര്‍ലൈനുകളാണ് ഇവിടെയുള്ളത്. ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേസിെൻറ ആസ്ഥാനം കൂടിയാണ് ഈ വിമാനത്താവളം. കോവിഡ് ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും തിരക്കേറിയ മാസങ്ങളിലൊന്ന് ഡിസംബര്‍ ആണെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 2021 ഡിസംബറില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 235 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.