അബൂദബി വിമാനത്താവള യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന
text_fieldsഅബൂദബി: 2024ന്റെ ആദ്യപാദത്തില്‍ സായിദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 36 ശതമാനത്തിന്റെ വര്‍ധന. കഴിഞ്ഞവര്‍ഷം നവംബറില്‍ വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ തുറന്നതിനുശേഷമാണ് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍തോതില്‍ വര്‍ധനയുണ്ടായത്. ഈ വര്‍ഷം ആദ്യത്തെ മൂന്നുമാസത്തില്‍ വിമാനത്താവളത്തിലൂടെ 68 ലക്ഷം യാത്രികര്‍ വന്നുപോയതായി അബൂദബി എയര്‍പോർട്സ് വ്യക്തമാക്കി.
അബൂദബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളം, അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളം, അല്‍ ബത്തീന്‍ എക്സിക്യൂട്ടിവ്, ഡെല്‍മ ദ്വീപ്, സര് ബനിയാസ് ഐലന്‍ഡ് വിമാനത്താവളം എന്നിങ്ങനെ അഞ്ച് വിമാനത്താവളങ്ങള്‍ വഴിയുള്ള യാത്രികരുടെ സഞ്ചാരത്തില്‍ 35.6 ശതമാനത്തിന്റെ വര്‍ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരിമുതല്‍ മാര്‍ച്ച് വരെ ഈ വിമാനത്താവളങ്ങള്‍ വഴി 69 ലക്ഷത്തിലേറെ യാത്രികരാണ് വന്നുപോയത്.
മികച്ച സൗകര്യങ്ങളൊരുക്കിയിട്ടുള്ള അബൂദബിയിലെ വിമാനത്താവളം ലോകത്തുടനീളമുള്ള യാത്രികരെയും വിമാനക്കമ്പനികളെയും വന്‍തോതില്‍ ആകര്‍ഷിക്കുന്നത് തുടരുകയാണെന്ന് അബൂദബി എയര്‍പോര്‍ട്സ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവുമായ ഇലീന സോര്‍ലിനി വ്യക്തമാക്കി. ആദ്യ പാദത്തിലെ ശക്തമായ വളര്‍ച്ച ഭാവിയിലെ വിമാനത്താവളത്തിന്റെ മുന്‍നിര സ്ഥാനം കൂടുതല്‍ ഉറപ്പാക്കുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലണ്ടനിലേക്കാണ് അബൂദബിയില്‍നിന്ന് കൂടുതല്‍ യാത്രികര്‍ സഞ്ചരിച്ചത്. 2,90,000 യാത്രികരാണ് ലണ്ടനിലേക്ക് സഞ്ചരിച്ചത്. മുംബൈ, കൊച്ചി, ഡല്‍ഹി, ദോഹ എന്നിവയാണ് യാത്രികരുടെ എണ്ണത്തില്‍ മുന്നില്‍ നില്ക്കുന്ന മറ്റ് കേന്ദ്രങ്ങള്‍. ചരക്ക് നീക്കത്തിലും ആദ്യ പാദത്തില്‍ വളര്‍ച്ച രേഖപ്പെടുത്തി. 25.6 ശതമാനമാണ് ചരക്ക് നീക്കത്തിലുണ്ടായ വളര്‍ച്ച.
ടൂറിസമടക്കമുള്ള എണ്ണയിതര മേഖലയിലെ വികസനമുറപ്പാക്കിയാണ് അബൂദബി കൂടുതല്‍ യാത്രികരെ എമിറേറ്റിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നത്. തുര്ക്മെനിസ്താന് എയര്‍ലൈന്‍സ്, ഹൈനാന്‍ എയര്‍ലൈന്‍സ് എന്നീ എയര്ലൈനുകള്കൂടി അബൂദബിയില്‍നിന്ന് പ്രവര്‍ത്തനം തുടങ്ങിയതോടെ ഇവിടെനിന്ന് സ്ഥിരമായി സര്‍വിസ് നടത്തുന്ന എയര്‍ലൈനുകളുടെ എണ്ണം 29 ആയി ഉയര്‍ന്നിട്ടുണ്ട്. 10 വര്‍ഷം കൊണ്ട് പ്രതിവര്‍ഷ യാത്രികരുടെ എണ്ണം 6.5 കോടിയായി വര്‍ധിപ്പിക്കുമെന്ന് നവംബറില്‍ പുതിയ ടെര്‍മിനല്‍ തുറന്നവേളയില് അബൂദബി എയര്‍പോര്‍ട്സ് വ്യക്തമാക്കിയിരുന്നു. നിലവില്‍ ഇത് 4.5 കോടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.