അബൂദബി അല്‍ മഖ്ത പാലം നവീകരണത്തിന് തുടക്കം
text_fieldsഅബൂദബി: ചരിത്രപ്രധാനമായ അല്‍ മഖ്ത പാലത്തിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഏഴുമാസമാണ് നിര്‍മാണ കാലാവധി. 2022 ഒക്ടോബറിലാവും നവീകരണ ജോലികള്‍ അവസാനിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാലത്തിന്‍റെ നവീകരണ, അറ്റകുറ്റപ്പണികൾ ചെയ്യുന്നതെന്ന് അബൂദബി സിറ്റി മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി. പാലത്തിന്‍റെ സ്ലാബുകളുടെയും ഇരുവശങ്ങളിലെയും നടപ്പാതകളുടെയും അറ്റകുറ്റപ്പണി, ഇരുമ്പുകമാനങ്ങളുടെ അറ്റകുറ്റപ്പണിയും പെയിന്‍റിങ്ങും, പാലത്തിന്‍റെ അടിയിലെ കോണ്‍ക്രീറ്റ്, മെറ്റല്‍ നിര്‍മാണങ്ങളുടെ അറ്റകുറ്റപ്പണി തുടങ്ങിയവയാണ് ചെയ്യാനുള്ളത്.
അറ്റകുറ്റപ്പണികളും നവീകരണ ജോലികളും നടക്കുന്നതിനാല്‍ പാലത്തില്‍ ഓവര്‍ടേക്കിങ് നടത്തുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് അധികൃതര്‍ വാഹനങ്ങള്‍ ഓടിക്കുന്നവരോട് ആവശ്യപ്പെട്ടു. ഇരുവശങ്ങളിലേക്കും ഗതാഗതതടസ്സവും അനുഭവപ്പെട്ടേക്കാമെന്നും മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി. അറ്റകുറ്റപ്പണി പൂര്‍ത്തിയാവുന്നതോടെ അല്‍ മഖ്ത പാലത്തിന്‍റെ നിലവാരം ഉയരുമെന്നും മുനിസിപ്പാലിറ്റി കൂട്ടിച്ചേര്‍ത്തു. 1960കളില്‍ അബൂദബിയുടെ മുഖമുദ്രയായി ഉയര്‍ത്തിക്കാട്ടിയിരുന്നത് അല്‍ മഖ്ത പാലമായിരുന്നു. 1968ല്‍ നിര്‍മാണം പൂര്‍ത്തിയായ ഈ പാലമാണ് വികസിച്ചുവന്ന അബൂദബി ദ്വീപിനെ ആദ്യമായി ബന്ധിപ്പിച്ചത്. ഓസ്ട്രിയന്‍ എൻജിനീയര്‍മാരായ വാഗ്‌നര്‍ ബിറോയാണ് പാലം നിര്‍മിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.