അബൂദബി, ഷാർജ വിസിറ്റ് വിസകളുടെയും കാലാവധി നീട്ടി
text_fieldsദുബൈ: ദുബൈക്കു പിന്നാലെ അബൂദബി, ഷാർജ എമിറേറ്റുകൾ അനുവദിച്ച വിസിറ്റ്, ടൂറിസ്റ്റ് വിസകളുടെയും കാലാവധി നീട്ടി.മാർച്ച് 31 വരെയാണ് വിസയുടെ കാലാവധി നീട്ടി നൽകിയിരിക്കുന്നത്. 2020 സെപ്റ്റംബർ 10നുശേഷം അനുവദിച്ചതോ കാലഹരണപ്പെട്ടതോ ആയ വിസകൾക്ക് പുതിയ തീരുമാനം ബാധകമാകും.
അത്തരം വിസക്കാർക്ക് രാജ്യത്ത് മാർച്ച് 31 വരെ തുടരാമെന്ന് ചുരുക്കം. ഇൗ കാലയളവിൽ ഒളിച്ചോടിയതായി സ്പോൺസർമാർ പരാതിപ്പെട്ടവർക്കുപോലും അവരുടെ വിസക്ക് സാധുതയുണ്ടായിരിക്കുമെന്നതും ശ്രദ്ധേയമാണ്. നൂറുകണക്കിന് പേർക്ക് ഇതിെൻറ പ്രയോജനം ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
യാത്രാവിലക്കുകളും കോവിഡ് പ്രതിസന്ധികളും കാരണം യു.എ.ഇയിൽ കുടുങ്ങിപ്പോയ മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പ്രവാസികൾക്ക് ഇത് ഏറെ പ്രയോജനപ്രദമാകും. രാജ്യചരിത്രത്തിൽതന്നെ ആദ്യമായാണ് ഇത്തരമൊരു തീരുമാനമുണ്ടാകുന്നതെന്നും യു.എ.ഇയുടെ ഏറ്റവും വലിയ മാനുഷിക മൂല്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നുമാണ് ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർ പുതിയ തീരുമാനത്തോട് പ്രതികരിച്ചത്.
ഇതൊരു സുവർണാവസരം
സെപ്റ്റംബർ 10നുശേഷം അനുവദിച്ച എല്ലാ വിസിറ്റ്, ടൂറിസ്റ്റ് വിസകളുടെയും കാലാവധി മാർച്ച് 31 വരെ ദീർഘിപ്പിച്ചതായാണ് സ്മാർട്ട് ചാനലിൽ കാണുന്നത്. ഔദ്യോഗികമായുള്ള അറിയിപ്പുകളൊന്നും ഇല്ലെങ്കിലും വിസ കാലാവധി നീട്ടിയതായി കാണിക്കുന്നുണ്ട്.
ഓരോരുത്തരും അവരുടെ വിസ കാലാവധി പരിശോധിച്ച് ഉറപ്പുവരുത്തണം. നിയമപരമായി അധികദിവസം തുടരാനും നിയമപ്രശ്നങ്ങളിൽപെട്ടവർക്ക് പിഴയില്ലാതെ സ്വദേശത്തേക്ക് മടങ്ങാനും ആവശ്യമെങ്കിൽ മറ്റു വിസകളിലേക്ക് മാറാനുമുള്ള സുവർണാവസരമാണിതെന്ന് ദുബൈയിലെ സ്മാർട്ട് ട്രാവൽ എം.ഡി അഫി അഹമ്മദ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.