ബലി പെരുന്നാൾ; അബൂദബിയിലും ഷാർജയിലും പാര്‍ക്കിങ് ഫീസ് ഒഴിവാക്കി
text_fieldsഅബൂദബിയിൽ ടോള്‍ ചാര്‍ജ് വേണ്ട, ഷാർജയിൽ ബുധനാഴ്ച മുതലാണ് ഇളവ്
അബൂദബി: ബലിപെരുന്നാളിനോടനുബന്ധിച്ച് അബൂദബിയിലും ഷാർജയിലും പൊതു പാർക്കിങ് സൗജന്യമാക്കി. ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ മൂന്നു ദിവസം പാർക്കിങ് ഫീസ് ഒഴിവാക്കിയതായി ഷാർജ മുനിസിപ്പാലിറ്റി ട്വിറ്ററിലൂടെ അറിയിച്ചു. എല്ലാ ദിവസവും ഫീസ് ഈടാക്കുന്ന സ്ഥലങ്ങളിൽ സൗജന്യമില്ല. നീല പാർക്കിങ് വിവര ബോർഡുകൾവഴി ഇവ തിരിച്ചറിയാൻ സാധിക്കുമെന്നും ഷാർജ മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. അതേസമയം, അബൂദബിയിൽ നാലു ദിവസത്തേക്കാണ് പാർക്കിങ് സൗജന്യം. മവാഖിഫ് പാര്‍ക്കിങ് ജൂണ്‍ 27 മുതല്‍ ജൂലൈ ഒന്നുവരെ രാവിലെ 7.59 വരെയാണ് പാര്‍ക്കിങ് ഫീസ് ഒഴിവാക്കിയത്. മുസഫ എം-18ലെ ലോറി പാര്‍ക്കിങ്ങില്‍ പെരുന്നാള്‍ ദിനത്തില്‍ ഫീസ് ഉണ്ടാവില്ലെന്ന് അബൂദബി സംയോജിത ഗതാഗതകേന്ദ്രം അറിയിച്ചു. അനുവദനീയമായ ഇടങ്ങളിലാവണം പാര്‍ക്ക് ചെയ്യേണ്ടതെന്നും താമസകേന്ദ്രങ്ങളില്‍ രാത്രി ഒമ്പതുമുതല്‍ രാവിലെ എട്ടുവരെ വാഹനം നിര്‍ത്തിയിടരുതെന്നും കേന്ദ്രം നിര്‍ദേശിച്ചു.
ചൊവ്വാഴ്ച മുതല്‍ ദര്‍ബ് ടോള്‍ ഗേറ്റില്‍ സൗജന്യയാത്ര അനുവദിക്കും. പെരുന്നാള്‍ അവധിക്കുശേഷം ജൂലൈ ഒന്നു മുതല്‍ ടോള്‍ ഗേറ്റിൽ ഫീസ് ഇടാക്കും. രാവിലെ ഏഴുമുതല്‍ ഒമ്പതുവരെയും വൈകീട്ട് അഞ്ചുമുതല്‍ ഏഴുവരെയുമായിരിക്കും ടോള്‍ ഗേറ്റ് ഫീസ് ഈടാക്കുക.
പെരുന്നാള്‍ അവധി ദിനങ്ങളില്‍ അബൂദബി എക്സ്പ്രസ്, അബൂദബി ലിങ്ക് ബസ് സര്‍വിസുകള്‍ ഉണ്ടാവും. രാവിലെ ആറുമുതല്‍ രാത്രി 11 വരെയാണ് ഈ സര്‍വിസുകള്‍. ബസുകളുടെ പ്രവര്‍ത്തനസമയം അറിയുന്നതിന് www.itc.gov.ae സന്ദര്‍ശിക്കുകയോ 800850 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുകയോ ദര്‍ബി സ്മാര്‍ട്ട് ആപ് ഉപയോഗിക്കുകയോ ചെയ്യാം. താം പ്ലാറ്റ്ഫോമിലും ടാക്സി കാള്‍ സെന്ററിന്റെ 600535353 നമ്പറിലും സംയോജിത ഗതാഗത കേന്ദ്രത്തിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താം.
ഈദ് അവധിക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കി അജ്മാന് ഗതാഗത വകുപ്പ്
അജ്മാന്: ഈദ് അൽ അദ്ഹ അവധിക്ക് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നു. അവധിയോടനുബന്ധിച്ച് അജ്മാനിലുടനീളമുള്ള ബസ് ഗതാഗതം, ബസ് ഓണ്‍ ഡിമാൻഡ്, സമുദ്ര ഗതാഗതം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. ഗതാഗത സേവനങ്ങൾക്കായി അതോറിറ്റി ഉപഭോക്താക്കൾക്ക് സ്മാർട്ട് ചാനലുകൾ ഒരുക്കിയിട്ടുണ്ട്. വേഗത്തില്‍ ടാക്സികൾ ലഭിക്കുന്നതിന് ‘റൂട്ട്’ ആപ്ലിക്കേഷൻ വഴി അഭ്യർഥിക്കാം. കൂടാതെ ഉപയോക്താക്കൾക്ക് 600599997 എന്ന നമ്പറിൽ ഫോൺ കാളിലൂടെയോ വാട്സ്ആപ് വഴിയോ അധികൃതരുമായി ആശയവിനിമയം നടത്താം.
ബസ് ഉപയോക്താക്കൾക്ക് സുഖപ്രദമായ ഗതാഗത യാത്ര ഉറപ്പാക്കുന്നതിന് ഈ ദിനങ്ങളിൽ ആന്തരികവും ബാഹ്യവുമായ ലൈനുകളിലെ തിരക്കു കുറക്കുക എന്ന ലക്ഷ്യത്തോടെ പൊതുഗതാഗത ബസുകളും വര്‍ധിപ്പിച്ചിട്ടുണ്ട്.റാഷിദിയ, സവ്റ, അസ് സഫിയ, മറീന എന്നിവയുൾപ്പെടെ എല്ലാ അബ്ര സ്റ്റേഷനുകളിലും ഈദ് അവധിക്കാലത്തെ മറൈൻ ഗതാഗത സമയം രാവിലെ എട്ടു മുതൽ അർധരാത്രി 12 വരെ ആയിരിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. സമുദ്രഗതാഗതത്തിനായുള്ള ടൂറിസ്റ്റ് യാത്രകളെ സംബന്ധിച്ചിടത്തോളം 10 മിനിറ്റ്, 30 മിനിറ്റ്, മണിക്കൂർ, ഒന്നര മണിക്കൂർ എന്നിങ്ങനെ വ്യത്യസ്ത ദൈര്‍ഘ്യങ്ങളില്‍ വ്യത്യസ്ത നിരക്കുകളില്‍ യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ട്. അബ്രയിലെ യാത്രക്കാര്‍ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.