ഭക്ഷ്യ ഗുണമേന്മയറിയാം; സ്ഥാപനങ്ങളില്‍ റേറ്റിങ് സ്റ്റിക്കര്‍ പതിക്കാന്‍ അബൂദബി
text_fieldsഅബൂദബി: നിലവാരം അനുസരിച്ച് എമിറേറ്റിലെ ഏഴായിരത്തോളം ഭക്ഷ്യ സ്ഥാപനങ്ങളില്‍ റേറ്റിങ് സ്റ്റിക്കറുകള്‍ പതിക്കാന്‍ അബൂദബി കാര്‍ഷിക, ഭക്ഷ്യസുരക്ഷ അതോറിറ്റി പദ്ധതി. സ്ഥാപനത്തിന്റെ പുറത്തായിരിക്കും സ്റ്റിക്കറുകള്‍ പതിക്കുക. സ്റ്റിക്കറിലുള്ള ക്യു.ആര് കോഡ് സ്കാന്‍ ചെയ്താൽ സ്ഥാപനത്തിലെ ഭക്ഷ്യസുരക്ഷ സ്റ്റാറ്റസ് വിലയിരുത്താം. എക്സലന്റ്, വെരി ഗുഡ്, ഗുഡ്, മെച്ചപ്പെടാനുണ്ട് എന്നിങ്ങനെയുള്ള റേറ്റിങ്ങാണ് അതോറിറ്റി സ്ഥാപനങ്ങള്‍ക്കു നല്‍കുക.
പ്രീമിയം ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി അബൂദബിയെ മാറ്റുന്നതിനൊപ്പം ഭക്ഷണ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് നടപടി. റസ്റ്റാറന്റുകള്‍, കഫേകള്‍, ബേക്കറികള്‍, കാറ്ററിങ് സ്ഥാപനങ്ങള്‍ തുടങ്ങി അബൂദബിയിലെ 6900 ഭക്ഷണ സ്ഥാപനങ്ങളിലാണ് ‘സദ്ന’റേറ്റിങ് സ്റ്റിക്കറുകള്‍ പതിക്കുക. ഈ വര്‍ഷം ആഗസ്റ്റോടെ നടപടികള്‍ പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷ.
താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും സ്ഥാപനങ്ങളുടെ നിലവാരം രേഖപ്പെടുത്തുന്നതിന് ഇലക്ട്രോണിക് പ്ലാറ്റ്ഫോമായാണ് പദ്ധതി ആരംഭിച്ചത്. ഇലക്ട്രോണിക് ആപ്ലിക്കേഷന്‍ സന്ദർശിച്ചും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തും സ്ഥാപനങ്ങള്‍ക്കു മുന്നില്‍ പതിച്ച സ്റ്റിക്കറുകള്‍ നോക്കിയും പൊതുജനങ്ങള്‍ക്ക് ഓരോ സ്ഥാപനങ്ങളുടെയും നിലവാരം അളക്കാം.
സ്ഥാപനങ്ങളുടെ രൂപകൽപന, ഘടന, ഉപകരണങ്ങള്‍, മാലിന്യ നിര്‍മാര്‍ജന സൗകര്യങ്ങള്‍, ഭക്ഷണം കൈകാര്യം ചെയ്യുന്നവരുടെ ശുചിത്വം, ഭക്ഷണം കൈകാര്യം ചെയ്യല്‍, താപനില നിയന്ത്രണ മേഖലകള്‍, ഭക്ഷ്യസുരക്ഷ കൈകാര്യ സംവിധാനങ്ങള്‍, രേഖകള്‍ തുടങ്ങിയവ അടക്കമുള്ളവ പരിശോധിച്ചാണ് ‘സദ്ന’ റേറ്റിങ് നല്‍കുന്നത്.
വിപണികളിലെ ഉല്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താനായി അബൂദബി സര്‍ക്കാറിന്റെ കീഴിലുള്ള ലബോറട്ടറിയില്‍ 2023ലെ ആദ്യ മൂന്നുമാസത്തില്‍ 91,000 പരിശോധനകള്‍ നടത്തിയിരുന്നു. ഭക്ഷണം, പാനീയം, വെള്ളം, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മാണ ഉപകരണങ്ങള്‍, പരിസ്ഥിതി, കാര്‍ഷിക ഉൽപന്നങ്ങള് മുതലായവയാണ് അബൂദബി ക്വാളിറ്റി കൗണ്‍സിലില്‍ പരിശോധിച്ചത്.വെള്ളമാണ് ഏറ്റവും കൂടുതല്‍ പരിശോധിച്ചത്-55544.
ഭക്ഷണത്തിനും പാനീയങ്ങള്‍ക്കുമായി 19917 പരിശോധനകളും 10286 പരിശോധനകള്‍ പരിസ്ഥിതിക്കായും 3291 പരിശോധനകള്‍ കെട്ടിട, നിര്‍മാണ വസ്തുക്കള്‍ക്കായും 1910 പരിശോധനകള്‍ മോട്ടോര്‍ ഓയിലിനായും 720 പരിശോധനകള്‍ ഭക്ഷ്യവിളകള്ക്കായും 51 പരിശോധനകള്‍ മരുന്നുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായും നടത്തുകയുണ്ടായി. 1981 മുതലാണ് സെന്‍ട്രല്‍ ടെസ്റ്റിങ് ലബോറട്ടറി ഉൽപന്ന പരിശോധ നടത്തിത്തുടങ്ങിയത്.
അതേസമയം, ഓര്‍ഡര്‍ ചെയ്യും മുമ്പ് കഴിക്കാന്‍ പോവുന്ന ഭക്ഷണത്തില്‍ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്നും അത് ആരോഗ്യത്തിന് ഗുണകരമാണോ ഹാനികരമാണോ എന്നുമൊക്കെ തിരിച്ചറിയാനുള്ള സംവിധാനം മുമ്പ് അബൂദബി ആരോഗ്യ വിഭാഗം തയാറാക്കിയിരുന്നു. ജീവിതശൈലീരോഗങ്ങളുടെ സങ്കീര്‍ണതകള്‍ കുറക്കുക, ജനങ്ങള്‍ക്ക് ദൈര്‍ഘ്യമേറിയതും ആരോഗ്യകരവുമായ ജീവിതശൈലി ഉറപ്പുവരുത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.