അബൂദബി ആക്രമണം: ഗർഗാഷ് യു.എസ് ദൂതനുമായി കൂടിക്കാഴ്ച നടത്തി
text_fieldsദുബൈ: ഹൂതി ആക്രമണവും തുടർ സംഭവവികാസങ്ങളും ചർച്ച ചെയ്യാൻ യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷും യമനിലെ യു.എസ് പ്രത്യേക ദൂതൻ ടീം ലെൻഡർ കിങ്ങും കൂടിക്കാഴ്ച നടത്തി. അബൂദബി ആക്രമണത്തെ അപലപിച്ച യു.എസ് ദൂതൻ യു.എ.ഇക്ക് സഹായവും ഐക്യദാർഢ്യവും അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്രതലത്തിൽ സമാധാനവും സുരക്ഷിതത്വവും ദുർബലപ്പെടുത്തുന്ന ഭീകരവാദശക്തികൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ആഗോള രാഷ്ട്രങ്ങൾ തയാറാകണമെന്ന് ഗർഗാഷ് ചർച്ചയിൽ ആവശ്യപ്പെട്ടു. യു.എ.ഇയുടെ അഖണ്ഡതയെയും സുരക്ഷിതത്വത്തെയും ബാധിക്കുന്ന വിഷയങ്ങളിൽ സ്വയം പ്രതിരോധത്തിന് രാജ്യത്തിന് അവകാശമുണ്ടെന്നും ഹൂതി ആക്രമണത്തെ ഐകകണ്ഠ്യേന അപലപിച്ച യു.എൻ രക്ഷാസമിതിയുടെ പ്രമേയം ശക്തമായ അന്താരാഷ്ട്ര നിലപാടിനെ പ്രതിനിധാനംചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വെടിനിർത്തലിലെത്താനും യമൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണാനും ഉചിതമായ അന്താരാഷ്ട്ര സമ്മർദം ഉണ്ടാകേണ്ടതുണ്ടെന്നും യമന്റെയും മേഖലയുടെയും ഭാവിയിൽ ഹൂതികൾ സൃഷ്ടിക്കുന്ന അപകടത്തെ തടയേണ്ടതുണ്ടെന്നും ഗർഗാഷ് യു.എസ് പ്രത്യേക ദൂതനോട് ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ ഹൂതികളെ ഭീകരപ്പട്ടികയിൽ വീണ്ടും ഉൾപ്പെടുത്തുന്നത് പ്രശ്നപരിഹാരത്തിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ശക്തിപകരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ യു.എസ് അബൂദബി ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ഹൂതികളെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിഗണനയിലാണെന്ന് യു.എസ് പ്രസിഡന്റ് വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.