‘അബൂദബി ബജാ ചലഞ്ച്’ ഒക്ടോബർ 14ന്
text_fieldsഅബൂദബി: എമിറേറ്റ്സ് മോട്ടോർ സ്പോർട്സ് ഓർഗനൈസേഷനുമായി സഹകരിച്ച് അബൂദബി സ്പോർട്സ് കൗൺസിൽ ‘അബൂദബി ബജാ ചലഞ്ച്’ എന്നപേരിൽ പുതിയ ചാമ്പ്യൻഷിപ് നടത്തുന്നു.
ഒക്ടോബർ 14നാണ് ചാമ്പ്യൻഷിപ്പിന് തുടക്കമാവുക. വിവിധ കായികമേഖലകളിൽ താരങ്ങളുടെ വൈദഗ്ധ്യവും ശേഷിയും വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി. ഇരുചക്ര, നാലുചക്ര വാഹനങ്ങളുടെ ഓട്ടമത്സരമാണ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടത്തുന്നത്. നാലു റൗണ്ടുകളിലായാണ് ചാമ്പ്യൻഷിപ്. ഒന്നും രണ്ടും ഘട്ടങ്ങൾ ഈ വർഷം ഒക്ടോബറിലും ഡിസംബറിലുമായി നടക്കും.
ശേഷിക്കുന്ന രണ്ടു റൗണ്ടുകൾ 2024 ആദ്യം നടത്തും. സ്വദേശത്തും വിദേശത്തുമുള്ളവർക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. ഇവരിൽനിന്ന് ചെറിയ തുക മാത്രമാണ് രജിസ്ട്രേഷനായി ഈടാക്കുക. 100-120 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് കാറിന്റെയും ബൈക്കിന്റെയും ഓട്ടമത്സരം. അബൂദബി മരുഭൂമിയിലൂടെയുള്ള മത്സരം ഡ്രൈവർമാർക്കും റൈഡർമാർക്കും ശാരീരിക, മാനസിക പരീക്ഷണമായിരിക്കും മുന്നോട്ടുവെക്കുന്നത്.
നിശ്ചിത സമയത്തിനുള്ളിൽ എല്ലാ ലാപ്പുകളും പിന്നിട്ട് മത്സരം പൂർത്തിയാക്കുന്നവർ ജേതാവാകും. ജേതാക്കൾക്ക് കപ്പും മെഡലും കാഷ് പ്രൈസും നൽകും. കാർ, മോട്ടോർസൈക്കിൾ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന യു.എ.ഇ പൗരന്മാർക്ക് 2024 ഫെബ്രുവരിയിൽ നടക്കുന്ന അബൂദബി ഡെസേർട്ട് ചലഞ്ചിൽ പങ്കെടുക്കാൻ പിന്തുണ ലഭിക്കും.
കാറോട്ട മത്സരത്തിൽ 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും പങ്കെടുക്കാം. 450 സി.സി മോട്ടോർസൈക്കിൾ ഇനത്തിൽ 16 വയസ്സിനു മുകളിൽ പ്രായമുള്ള വനിതകൾക്കും ജൂനിയർ കാറ്റഗറിയിൽ 16-18 വയസ്സ് ഉള്ളവർക്കും മാസ്റ്റേഴ്സ്, മാരത്തൺ വിഭാഗത്തിൽ 18 മുതൽ 49 വയസ്സുള്ളവർക്കും വെറ്ററൻ വിഭാഗത്തിൽ 50 വയസ്സ് മുതൽ മുകളിൽ ഉള്ളവർക്കും പങ്കെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.