ഒരുതവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ അബൂദബിയിൽ നിരോധിക്കുന്നു
text_fieldsഅബൂദബി: ഒരുതവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് അബൂദബിയിൽ നിരോധനമേർപ്പെടുത്തും. ഈ വർഷം അവസാനത്തോടെ ഇതുസംബന്ധിച്ച് ഉത്തരവിറങ്ങുമെന്ന് പരിസ്ഥിതി ഏജൻസിയിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ദ നാഷനൽ' ന്യൂസ് റിപ്പോർട്ട് ചെയ്തു. 2020ൽ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് വ്യാപന സാഹചര്യത്തിൽ ഇതു നീട്ടുകയായിരുന്നു. 15 അല്ലെങ്കിൽ 16 ഇനം പ്ലാസ്റ്റിക്കുകൾ നിരോധിക്കപ്പെടുമെന്ന് അബൂദബി പരിസ്ഥിതി ഏജൻസിയിലെ മുതിർന്ന ഉപദേഷ്ടാവ് മുനീർ ബൂ ഘനിം അറിയിച്ചു. പ്ലാസ്റ്റിക് സ്ട്രോകൾ, ഡിസ്പോസിബിൾ പ്ലേറ്റുകൾ തുടങ്ങിയവയാണ് നിരോധിക്കപ്പെടുക. പുതിയ നിയമം നടപ്പിൽ വരുന്നതോടെ പ്ലാസ്റ്റിക് കുപ്പികൾ സർക്കാർ സ്വീകരിച്ച് പണം നൽകുന്ന പദ്ധതി ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം അനേകം തവണ ഉപയോഗിക്കാൻ കഴിയുന്ന ബാഗുകൾ വിപണിയിൽ ലഭ്യമാക്കും. ഇതുസംബന്ധിച്ച നിയമനടപടികൾ അവസാനഘട്ടത്തിലാണ്.
ആഗോളതലത്തിൽ പ്രതിവർഷം 300 ദശലക്ഷം പ്ലാസ്റ്റിക് മലിനീകരണം നടക്കുന്നതായാണ് കണക്ക്. ഉൽപാദിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഒമ്പത് ശതമാനം മാത്രമാണ് പുനരുപയോഗത്തിനെടുക്കുന്നത്. ബാക്കിയുള്ളവ പരിസ്ഥിതിയിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ 2050ഓടെ സമുദ്രത്തിൽ മത്സ്യസമ്പത്തിനേക്കാൾ പ്ലാസ്റ്റിക്കാവും ഉണ്ടാവുകയെന്ന് ഐക്യരാഷ്ട്ര സംഘടന മുന്നറിയിപ്പ് നൽകി. കോവിഡ് മഹാമാരിക്കാലത്ത് ഉപയോഗിച്ചുവരുന്ന മാസ്കുകളും മറ്റും സുരക്ഷിതമായ രീതിയിൽ നശിപ്പിക്കപ്പെടുന്നുണ്ടെന്ന് ആളുകൾ ഉറപ്പുവരുത്തണമെന്ന് ഘനിം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.