ബാപ്സ് ഹിന്ദു മന്ദിർ ആദ്യ വാർഷികത്തിന് ആയിരങ്ങൾ
text_fieldsബാപ്സ് ഹിന്ദു മന്ദിർ ഒന്നാം വാര്‍ഷിക ദിനത്തില്‍ എത്തിയ വിശ്വാസികൾ
അബൂദബി: അബൂദബി ബാപ്സ് ഹിന്ദു മന്ദിറിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ ക്ഷേത്രത്തിലെത്തിയത് പതിനായിരത്തിലേറെ വിശ്വാസികള്‍. പ്രാര്‍ഥന, സാംസ്കാരിക പരിപാടികള്‍ തുടങ്ങി നിരവധി പരിപാടികള്‍ വാര്‍ഷിക ഭാഗമായി നടന്നു.
മഹാപൂജക്കുള്ള ഒരുക്കങ്ങള്‍ക്കായി നൂറുകണക്കിന് വിശ്വാസികളും വളന്റിയര്‍മാരും പുലര്‍ച്ച നാലിന് ബാപ്സ് ഹിന്ദു മന്ദിറിലെത്തി. ആറിന് നടന്ന പൂജയില്‍ 1,100ലേറെ വിശ്വാസികള്‍ സംബന്ധിച്ചു. മഹാരാഷ്ട്രയില്‍ നിന്നെത്തിയ നാസിക് ഡോൾ സംഘത്തിന്റെ പ്രകടനവുമുണ്ടായിരുന്നു.
രാവിലെ ഒമ്പത് മുതല്‍ 11.30 വരെ ഗ്രാന്‍ഡ് അസംബ്ലി ഹാളില്‍ പ്രാര്‍ഥന പാരായണവും ബാപ്സ് ഹിന്ദു മന്ദിര്‍ സ്ഥാപകന്‍ ശാസ്ത്രിജി മഹാരാജിന്റെ ജനന വാര്‍ഷിക പ്രശംസയും നടന്നു.
മധുരാഷ്ടകം, മോഹിനിയാട്ടം, കുച്ചിപ്പുടി, മറാത്തി, ഒഡീസി, ബംഗാളി ഭാഷകളിലുള്ള ഭരതനാട്യം തുടങ്ങി നിരവധി പരിപാടികള്‍ ആഘോഷഭാഗമായി നടന്നു. വൈകീട്ട് ആറ്, ഏഴ്, രാത്രി എട്ട് എന്നീ സമയങ്ങളിലും ക്ഷേത്രത്തില്‍ വിവിധ പ്രാര്‍ഥനാ ഗാനങ്ങളുടെ ആലാപനവും നടന്നു. പശ്ചിമേഷ്യയിലെ ആദ്യ പരമ്പരാഗത ശിലാക്ഷേത്രമായ ബാപ്സ് ഹിന്ദു മന്ദിര്‍ 2024 ഫെബ്രുവരിയിലാണ് തുറന്നത്. അബൂദബി-ദുബൈ ഹൈവേയില്‍ അബൂമുറൈഖയിലെ 10.9 ഹെക്ടറില്‍ ഏഴ് കൂറ്റന്‍ ഗോപുരങ്ങളോടെയാണ് ക്ഷേത്രം പണിതത്.
2015ലാണ് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് ക്ഷേത്രനിര്‍മാണത്തിനായി 27 ഏക്കര്‍ ഭൂമി സമ്മാനിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശനവേളയിലായിരുന്നു ഇത്. 2018ലാണ് ക്ഷേത്ര നിര്‍മാണത്തിന് ശിലയിട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.