അബൂദബി പൊട്ടിത്തെറി: പരിക്കേറ്റവരെ പൊലീസ് മേധാവി സന്ദര്‍ശിച്ചു
text_fieldsഅബൂദബി: ഖാലിദിയയിലെ റസ്റ്റാറന്‍റ് കെട്ടിടത്തിന്‍റെ പാചക വാതക സംഭരണിയിലെ പൊട്ടിത്തെറിയില്‍ പരിക്കേറ്റു ചികില്‍സയില്‍ കഴിയുന്നവരെ അബൂദബി പൊലീസ് മേധാവി സന്ദര്‍ശിച്ചു.
എത്രയും വേഗം പരിക്കുകള്‍ ഭേദമായി പൂര്‍ണാരോഗ്യത്തോടെ തിരികെ ജീവിത്തിലേക്ക് വരാന്‍ സേനയുടെ കമാന്‍ഡര്‍ ഇന്‍ ചീഫ് ഫാരിസ് ഖലഫ് അല്‍ മസ്‌റൂയി ആശംസിച്ചു. പരിക്കേറ്റവര്‍ക്ക് ആശുപത്രിയില്‍ നല്‍കുന്ന മികച്ച പരിചരണത്തില്‍ ജീവനക്കാരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
അപകടത്തില്‍ രണ്ട് മലയാളികളും ഒരു പാക്കിസ്ഥാനിയും അടക്കം മൂന്നുപേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. പരിക്കേറ്റ 120 പേരില്‍ 106 പേരും ഇന്ത്യക്കാര്‍ ആണെന്നും അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു.
അബൂദബി സിവില്‍ ഡിഫന്‍സില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം 56 പേര്‍ക്ക് സാരമായ പരിക്കുകളും 64 പേര്‍ക്ക് നിസാര പരിക്കുകളും ഏറ്റിരുന്നു. സ്‌ഫോടനത്തില്‍ നിരവധി കടകള്‍ക്കും മറ്റ് ആറ് കെട്ടിടങ്ങള്‍ക്കുമാണ് കേടുപാടുകള്‍ സംഭവിച്ചത്. അപകടസ്ഥലത്തെ തടസങ്ങള്‍ നീക്കം ചെയ്തതിന് ശേഷം താമസക്കാരെ വീടുകളിലേക്ക് മടങ്ങാന്‍ അനുവദിച്ചിട്ടുണ്ട്.
അബൂദബി സിവില്‍ ഡിഫന്‍സ്, പ്രാദേശിക അധികാരികള്‍ എന്നിവരുമായി ചേര്‍ന്ന് സേന സമീപത്തെ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ പരിശോധന പൂര്‍ത്തിയാക്കി. അപകടത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ മറികടക്കാന്‍ താമസക്കാരും പൊതുജനങ്ങളും നല്‍കിയ സഹകരണത്തെ പോലീസ് പ്രശംസിച്ചു. ആവശ്യമായ സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായ പാലിക്കുന്നതില്‍ വീഴ്ച പാടില്ലെന്നും പൊലീസ് ഓര്‍മിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചയോടെ മലയാളികള്‍ നടത്തുന്ന ഫുഡ് കെയര്‍ റെസ്‌റ്റോറന്‍റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്‍റെ പാചകവാതക സംഭരണിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ആദ്യം നേരിയ തോതില്‍ പൊട്ടിത്തെറി ഉണ്ടായപ്പോള്‍ തന്നെ സിവില്‍ ഡിഫന്‍സും അബൂദബി പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മിനിറ്റുകള്‍ക്കു ശേഷം തുടര്‍ പൊട്ടിത്തെറികള്‍ സംഭവിച്ചാണ് അപകടത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.