വാഹനം ഉപേക്ഷിക്കല്ലേ; ശല്യമാകുന്നു
text_fieldsഅബൂദബി: വൃത്തിയുള്ള എന്റെ വാഹനം എന്ന പേരില്‍ അഞ്ചുദിവസം നീളുന്ന ബോധവത്കരണ കാമ്പയിന് തുടക്കം കുറിച്ച് അബൂദബി സിറ്റി മുനിസിപ്പാലിറ്റി. നഗരത്തില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ പ്രശ്നം രൂക്ഷമാകുന്നത് തടയുകയാണ് കാമ്പയിനിന്റെ ലക്ഷ്യം. കൂടാതെ നഗരഭംഗി സംരക്ഷിക്കാനും താമസക്കാര്‍ക്കിടയില്‍ സാമൂഹികമായ ഉത്തരവാദിത്തം നിറവേറ്റാനുള്ള സംസ്കാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
വഴിയരികിലും മറ്റും കാറുകള്‍ ഉപേക്ഷിച്ചുപോകുന്ന പ്രവണത നഗരത്തിന്റെ ഭംഗിക്ക് ഭംഗം വരുത്തുകയും പരിസ്ഥിതിക്ക് ദോഷം വരുത്തുകയും ചെയ്യുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
വാഹനങ്ങള്‍ പരിപാലിക്കേണ്ടതിന്റെയും കാറുകള്‍ ഉപേക്ഷിക്കുന്നതില്‍നിന്ന് പൊതു ഇടങ്ങളെ സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യം ബോധവത്കരണ കാമ്പയിനിലൂടെ താമസക്കാരെ അറിയിക്കും. വഴിയരികില്‍ ഉപേക്ഷിച്ചുപോയതോ ദിവസങ്ങളായി നിര്‍ത്തിയിട്ടതുമൂലം പൊടിപിടിച്ചുകിടക്കുന്നതോ ആയ കാറുകളുടെ ഉടമകളെ തിരിച്ചറിഞ്ഞ് ഇവര്‍ക്ക് താക്കീത് നല്‍കും.
ഇത്തരം ചെയ്തികള്‍ നഗരഭംഗിയെ എങ്ങനെ മോശമായി ബാധിക്കുന്നുവെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. കാമ്പയിനിനായി സമൂഹമാധ്യമങ്ങളും ഫ്രിജ്ന ആപ്പും മുനിസിപ്പാലിറ്റി പ്രയോജനപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.