പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ സന്ദർശിച്ച് അബൂദബി കിരീടാവകാശി
text_fieldsഅബൂദബി: യു.എ.ഇയില്‍ കൃത്യനിര്‍വഹണത്തിനിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ സന്ദർശിച്ച് അബൂദബി കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ.
ഒമ്പത് സൈനികരാണ് അബൂദബി സായിദ് സൈനിക ആശുപത്രിയിൽ ചികിത്സയിലുള്ളത്. സൈനികരുമായി ഏറെനേരം സംസാരിച്ച അദ്ദേഹം എത്രയും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സൈനികരുടെ ആരോഗ്യനില സംബന്ധിച്ച് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും സൈനികരുടെ സ്തുത്യർഹ സേവനത്തിൽ രാജ്യം അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടായിരുന്നു സൈനികർ അപകടത്തിൽപെട്ടത്.
സംഭവത്തിൽ നാല് സൈനികർ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു. മരണപ്പെട്ട സൈനികരായ നാസര്‍ മുഹമ്മദ് യൂസഫ് അല്‍ ബലൂഷി, അബ്ദുൽ അസീസ് സയീദ് സബ്ത് അല്‍ തുനൈജി എന്നിവരുടെ ഖബറടക്കം അജ്മാന് അല്‍ ജര്‍ഫ് പ്രദേശത്തെ ശൈഖ് സായിദ് മസ്ജിദില്‍ നടന്നു.
സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന് ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി, അജ്മാന് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി എന്നിവരാണ് മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകിയത്. പരിക്കേറ്റവരെ ദുബൈ കിരീടാവകാശിയും യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമും കഴിഞ്ഞ ദിവസം ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.
ഫെബ്രുവരിയില്‍ സൊമാലിയയിലുണ്ടായ ഭീകരാക്രമണത്തില്‍ യു.എ.ഇ സായുധസേനയിലെ നാല് അംഗങ്ങളും ഒരു ബഹ്റൈന്‍ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. കേണല്‍ മുഹമ്മദ് അല്‍ മന്‍സൂരി, അണ്ടർ സെക്രട്ടറി വണ്‍ മുഹമ്മദ് അല്‍ ഷംസി, അണ്ടർ സെക്രട്ടറി വണ്‍ ഖലീഫ അല്‍ ബലൂഷി, കോര്‍പറല്‍ സുലൈമാന്‍ അല്‍ ഷെഹി എന്നിവര്‍ സൊമാലിയന്‍ സായുധസേനയെ പരിശീലിപ്പിക്കുന്നതിനും യോഗ്യത നേടുന്നതിനുമുള്ള ചുമതലകള്‍ വഹിക്കുമ്പോഴായിരുന്നു ആക്രമണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.