അബൂദബി പ്രതിരോധ പ്രദർശനം: യുദ്ധക്കപ്പലുകളും നാവിക കപ്പലുകളും എത്തി
text_fieldsഅബൂദബി: ഞായറാഴ്ച ആരംഭിക്കുന്ന അന്താരാഷ്ട്ര പ്രതിരോധ, നേവൽ ഡിഫൻസ്, മാരിടൈം സെക്യൂരിറ്റി എക്സിബിഷനിൽ പങ്കെടുക്കാൻ യുദ്ധക്കപ്പലുകളും നാവിക കപ്പലുകളും അബൂദബി നാഷനൽ എക്സിബിഷൻ സെൻററിലെ മറീന വാർഫിൽ എത്തി. ഇമാറാത്തി കപ്പലുകളും പാകിസ്താനിൽ നിന്നുള്ള ഒരു കപ്പലും ഉൾപ്പെടെ അഞ്ചെണ്ണമാണ് കഴിഞ്ഞദിവസം ഇവിടെ എത്തിയത്. യു.എ.ഇ പ്രതിരോധ സേന ബാൻഡോടെയാണ് വാർഫിലെത്തിയ കപ്പലുകളെ വരവേറ്റത്.
ലോകത്തെ ഏറ്റവും നൂതനമായ സൈനിക ഉപകരണങ്ങളും യന്ത്ര സാമഗ്രികളും യുദ്ധക്കോപ്പുകളും പ്രദർശിപ്പിക്കുന്ന മേഖലയിലെ ഏറ്റവും വലിയ പ്രതിരോധ മേളയാണ് ഐഡെക്സും നവെഡെക്സും. അഞ്ച് ദിവസത്തെ പ്രദർശനത്തിൽ നൂറുകണക്കിന് പ്രതിരോധ കമ്പനികൾ പങ്കെടുക്കും. തത്സമയ സൈനിക അഭ്യാസങ്ങൾ, യു.എ.ഇ എയ്റോബാറ്റിക്സ് ടീമായ അൽ ഫർസാെൻറ വ്യോമാഭ്യാസ പ്രദർശനങ്ങൾ എന്നിവയും ഉണ്ടാകും.
കോവിഡ് ആരംഭിച്ച ശേഷം അബൂദബിയിൽ നടക്കുന്ന ആദ്യത്തെ പ്രധാന പ്രദർശനമാണിത്. പരിപാടി വിജയകരമാക്കാൻ പഴുതടച്ച കോവിഡ് സുരക്ഷ മാനദണ്ഡങ്ങളോടെയാണ് എക്സിബിഷൻ സെൻററിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുക. ഇസ്രായേലും യു.എ.ഇയും തമ്മിൽ ഉഭയകക്ഷി ബന്ധത്തിനുള്ള ഔദ്യോഗിക കരാർ ഒപ്പുവെച്ച് അഞ്ച് മാസത്തിന് ശേഷം നടക്കുന്ന പ്രതിരോധ പ്രദർശനത്തിൽ ഡസൻ കണക്കിന് ഇസ്രായേലി കമ്പനികൾ പങ്കെടുക്കാൻ തയാറായെങ്കിലും കോവിഡ് യാത്രനിയന്ത്രണത്തെ തുടർന്ന് പിന്മാറി. 2020 ഡിസംബറിൽ ദുബൈയിൽ നടന്ന ജൈടെക്സ് ടെക്നോളജി വാരത്തിൽ ഇസ്രായേൽ കമ്പനികൾ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.