അബൂദബി വികസനക്കുതിപ്പിന്റെ ആഗോള മാതൃക
text_fieldsവൈവിധ്യങ്ങള്‍ നിറഞ്ഞ ബൃഹദ് പദ്ധതികളും നയങ്ങളും മുന്‍നിര്‍ത്തി ഒരു നാടിനെ ആഗോള മാതൃകയാക്കാമെങ്കില്‍, അറബ് ഐക്യ നാടുകളുടെ തലസ്ഥാനമായ അബൂദബിയാവും അതിന്റെ മുന്‍നിരയിലുണ്ടാവുക. 2023 വിടപറയുമ്പോള്‍, ഊര്‍ജം, കാലാവസ്ഥ, ജുഡീഷ്യറി, സാംസ്കാരികം, ടൂറിസം, കമ്യൂണിക്കേഷന്‍, വിവര സാങ്കേതികം, സുരക്ഷ, ഗതാഗതം, സുരക്ഷ, വ്യോമയാനം, ബഹിരാകാശം, സുസ്ഥിരത എന്നുവേണ്ട നിഖില മേഖലകളിലും തങ്ങളുടേതായ കൈയൊപ്പ് ചാലിച്ചുകൊണ്ടാണ് അബൂദബി പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത്.
2023നെ സുസ്ഥിരതാ വര്‍ഷമായി പ്രഖ്യാപിച്ച് യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് തുടങ്ങിവച്ച വികസന പദ്ധതികള്‍ പലതും പൂര്‍ത്തിയാക്കിയിരിക്കുന്നു. ദീര്‍ഘകാല പദ്ധതികള്‍ ക്രമാനുഗതമായി പുരോഗമിച്ചുംകൊണ്ടിരിക്കുന്നു. ഊര്‍ജ, കാലാവസ്ഥാ വ്യതിയാന വെല്ലുവിളികള്‍ക്കും സുസ്ഥിരതയുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങള്‍ക്ക് നവീന പരിഹാരങ്ങളും കണ്ടെത്തുകയാണ് വര്‍ഷം മുഴുവന്‍ നീളുന്ന സുസ്ഥിരതാ പരിപാടികളിലൂടെ ലക്ഷ്യമിട്ടത്. അതിനായി നൂറുകണക്കിന് പരിപാടികളാണ് രാജ്യമെങ്ങും നടത്തിയത്. യു.എന്‍. കാലാവസ്ഥ വ്യത്യാന സമ്മേളനമായ കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് (കോപ്28)ന് ആതിഥ്യം വഹിച്ചത് അടക്കമുള്ള വമ്പന്‍ പ്രൊജക്ടുകളും ഇതില്‍ ഉള്‍പ്പെടുന്നു.
ടെര്‍മിനല്‍ എ
742000 ചതുരശ്ര മീറ്ററില്‍ സജ്ജമാക്കിയ അബൂദബി ടെര്‍മിനല്‍ എ ലോകത്തിലെ തന്നെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ടെര്‍മിനലുകളിലൊന്നാണ്. പ്രതിവര്‍ഷം നാലരക്കോടി യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ടെര്‍മിനല്‍.
മണിക്കൂറില്‍ 11000 യാത്രികരുടെ നടപടികള്‍ പൂര്‍ത്തിയാക്കാനാവും. ഒരുസമയം 70 വിമാനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട് ടെര്‍മിനല്‍ എയ്ക്ക്. മണിക്കൂറില്‍ 11000 യാത്രികരെയും ടെര്‍മിനല്‍ എയ്ക്ക് ഉള്‍ക്കൊള്ളാനാവും.
ബറഖ ആണവോര്‍ജ നിലയം
ബറഖ ആണവോര്‍ജ നിലയത്തിലെ നാലാമത്തെതും അവസാനത്തേതുമായ യൂനിറ്റ് പൂര്‍ത്തിയായത് വന്‍ നേട്ടമായി. നാലാമത്തെ യൂനിറ്റും പ്രവര്‍ത്തനസജ്ജമാകുന്നതോടെ മധ്യേഷ്യയിലെ ഏറ്റവും ബൃഹത്തായ ശുദ്ധോര്‍ജ ഉറവിടമായി മാറും ബറക്ക ആണവോര്‍ജ നിലയം. നാലാമത്തെ യൂനിറ്റ് വരുന്ന 60 വര്‍ഷത്തേക്ക് രാജ്യത്തിനു വേണ്ട ഊര്‍ജത്തിന്റെ 25 ശതമാനവും ഉല്‍പ്പാദിപ്പിക്കും.അടുത്തവര്‍ഷം ആദ്യത്തോടെ യൂനിറ്റ് 4 ഉല്‍പ്പാദനം തുടങ്ങുമെന്നാണ് കരുതുന്നത്.
2020 ഫെബ്രുവരിയിലാണ് ബറക്കയിലെ ആദ്യ യൂനിറ്റിന് ന്യൂക്ലിയര്‍ റെലുഗേഷന്‍ അതോറിറ്റി പ്രവര്‍ത്തനാനുമതി നല്‍കിയത്. 2021 മാര്‍ച്ചില്‍ രണ്ടാമത്തെ യൂനിറ്റിനും അനുമതി നല്കി. 2021 ഏപ്രിലിലാണ് യൂനിറ്റ് 1 വാണിജ്യ പരമായ പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യവര്‍ഷംകൊണ്ട് തന്നെ ബറഖ ആണവോര്‍ജ നിലയം ജൈവ ഇന്ധന ഉപയോഗത്തിലൂടെ ഉണ്ടായിരുന്ന 50 ലക്ഷം ടണ്ണിലേറെ കാര്‍ബണ്‍ പുറന്തള്ളല്‍ ഒഴിവാക്കാന്‍ രാജ്യത്തെ സഹായിച്ചു. 2025ഓടെ ബറഖ ആണവോര്‍ജ നിലയം അബൂദബിയുടെ ശുദ്ധോര്‍ജത്തില്‍ 85 ശതമാനവും ഉല്പ്പാദിപ്പിച്ചുനല്കും.
പരിസ്ഥി സംരക്ഷണം, ശുദ്ധോര്‍ജം, ശുദ്ധ വായു, ആവാസ വ്യവസ്ഥ
കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിന്റെ യു.എ.ഇ. ശ്രമങ്ങളുടെ ഭാഗമായി 2020 മുതല്‍ ഇതുവരെ 4.40 കോടി കണ്ടല്‍മരങ്ങളാണ് അബൂദബി പരിസ്ഥിതി ഏജന്‍സിയുടെ നേതൃത്വത്തില്‍ വച്ചുപിടിപ്പിച്ചത്. 2030ഓടെ 10 കോടി കണ്ടല്‍മരങ്ങള്‍ വച്ചുപിടിപ്പിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് 9200 ഹെക്ടര്‍ ഭൂമിയില്‍ രണ്ടു വര്‍ഷംകൊണ്ട് ഇത്രയും കണ്ടല്‍മരങ്ങള്‍ വച്ചുപിടിപ്പിച്ചത്. മേഖലയിലെ ആദ്യ നെറ്റ് സീറോ എനര്‍ജി മസ്ജിദ് മസ്ദര്‍ സിറ്റിയിലാണ് വരുന്നത്.
അടുത്തവര്‍ഷമായിരിക്കും 100 ശതമാനവും ശുദ്ധോര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന മസ്ജിദിന്റെ നിര്‍മാണം ആരംഭിക്കുക. ഇതിനൊപ്പം മസ്ദര്‍ സിറ്റിയില്‍ മറ്റ് മൂന്ന് സുസ്ഥിര പദ്ധതികള്‍ കൂടിയാരംഭിക്കും. അബൂദബി കോര്‍ണിഷിലെ അല്‍ കസര്‍ നടപ്പായില് സൗരോര്‍ജ അലങ്കാര വിളക്കുകള്‍ സ്ഥാപിച്ചു.
2050ഓടെ കാര്‍ബണ്‍ മുക്തമാവുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി യു.എ.ഇ. ആദ്യത്തെ കാറ്റില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതിക്കും തുടക്കംകുറിച്ചു. സര് ബാനി യാസ് ഐലന്‍ഡില്‍ (14 മെഗാവാട്ട് പീക്ക്) അടക്കം നാലിടങ്ങളിലായി 103.5 മെഗാവാട്ട് പദ്ധതിയാണ് വികസിപ്പിച്ചത്.
ഡെല്‍മ ഐലന്‍ഡ്(27 മെഗാവാട്ട്), അബൂദബിയിലെ അല്‍ സിലയില്‍(27 മെഗാവാട്ട്), ഫുജൈറയിലെ അല്‍ ഹലാഹില്(4.5 മെഗാവാട്ട്)എന്നിങ്ങനെയാണ് മറ്റ് മൂന്ന് കാറ്റാടി പാടങ്ങളിലെ ഉല്പാദന ശേഷി. അല്‍ ധഫ്ര റീജ്യനില്‍ ബൃഹത്തായ സൗരോര്‍ജ നിലയം നിര്‍മിച്ചിരിക്കുന്നത്. രണ്ട് ജിഗാവാട്ട് ആണ് നിലയത്തിന്റെ ശേഷി. ഇ.വി. ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കായി പുതിയ നിയമനിര്‍മാണം നടത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.
ജനകീയമായി ജുഡീഷ്യല്‍ വകുപ്പ്
ഓരോദിവസവും ആധുനിക സൗകര്യങ്ങളേര്പ്പെടുത്തിക്കൊണ്ട് അബൂദബി ജുഡീഷ്യല്‍ വകുപ്പ് കൂടുതല്‍ ജനകീയമാവുകയാണ്. അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് വിവാഹനടപടി പൂര്‍ത്തിയായാലുടന്‍ ടെക്സ്റ്റ് മേസേജായും മറ്റ് ഡിജിറ്റല്‍ ചാനലുകള്‍ വഴിയും ഉടനടി വിവാഹക്കരാര്‍ ദമ്പതികള്‍ക്കു ലഭ്യമാക്കുന്ന സേവനം. വീടുകളിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേനയും വിവാഹിതരാവാന്‍ അബൂദബിയില്‍ സൗകര്യമുണ്ട്.
2022 ഒക്ടോബറില്‍ ഈ സൗകര്യമേര്പ്പെടുത്തിയതുമുതല് 7000ത്തോളം വിവാഹ കരാറുകളാണ് അബൂദബി ജുഡീഷ്യല്‍ വകുപ്പ് അനുവദിച്ചത്. വിവാഹ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഇതര ഭാഷക്കാര്‍ക്കായി രേഖകള്‍ക്കും സര്ട്ടിഫിക്കറ്റുകള്മായി ഇംഗ്ലീഷ് നോട്ടറി സേവന കേന്ദ്രം അടുത്തിടെ ആരംഭിച്ചു.
കമ്പനി കരാറുകള്‍ സാധൂകരിക്കുക, ഇംഗ്ലീഷിലുള്ള ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ തീരുമാനങ്ങള്‍ക്കും പവര്‍ ഓഫ് അറ്റോര്‍ണി മറ്റ് നിയമ പ്രഖ്യാപനങ്ങള്‍ക്കും അംഗീകാരം നല്‍കുക തുടങ്ങിയ വിഷയങ്ങളിലുണ്ടായിരുന്ന ഭാഷാ തടസ്സമാണ് പുതിയ കേന്ദ്രം തുടങ്ങിയതിലൂടെ ഇല്ലാതാവുക. 2021 ഡിസംബറില്‍ രാജ്യത്തെ അമുസ്ലിംകള്‍ക്കായി അബൂദബിയില്‍ കോടതി തുറന്നിരുന്നു.
ഐ.ഐ.ടി-ഡല്‍ഹി അബൂദബി
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡല്‍ഹി-അബൂദബിയുടെ (ഐ.ഐ.ടി.-ഡല്‍ഹി അബൂദബി) ആദ്യ ബാച്ച് 2024 ജനുവരിയില്‍ ആരംഭിക്കും. എനര്‍ജി ട്രാന്സിഷന് ആന്‍ഡ് സസ്റ്റൈനബിലിറ്റിയില്‍ (ഇ.ടി.എസ്) ഒരു മാസ്റ്റര്‍ കോഴ്സ് ആണ് ആദ്യം ആരംഭിക്കുന്നത്.
വികസനത്തിന് ചുക്കാന്‍ പിടിച്ച് അഡ്നോക്ക്
രാജ്യത്തിന്റെ വികസനത്തിന് വന്‍ പദ്ധതികളുമായി മുന്നില്‍ നില്‍ക്കുന്നത് അബൂദബി നാഷനല്‍ ഓയില്‍ കോര്പറേഷന് (അഡ്നോക് )ആണ്. യു.എ.ഇയിലെ പ്രകൃതിവാതക സംഭരണത്തിന്റെ 95 ശതമാനവും അഡ്നോക്കിന്റെ കൈവശമാണുള്ളത്. ഇരുപതിലധികം രാജ്യങ്ങളിലേക്ക് അഡ്നോക് വാതകം കയറ്റുമതി ചെയ്യുന്നുണ്ട്.
2021ല്‍ കമ്പനിയുടെ 10 മാസത്തെ വരുമാനം 3.6 ബില്യന്‍ ഡോളറായിരുന്നു. 2022ല്‍ ഇത് 4.2 ബില്യനായി വര്‍ധിച്ചു. പ്രതിദിനം 10 ബില്യന്‍ ക്യുബിക് ഫീറ്റ് വാതകം ഉല്പാദിപ്പിക്കാന് അഡ്നോക്കിന് ശേഷിയുണ്ട്. പ്രതിവര്‍ഷം 29 ദശലക്ഷം ടണ്‍ ആണ് ഉല്‍പ്പാദന ശേഷി. അഡ്നോക് ഡ്രില്ലിങ്ങിന് 2022ല്‍ അറ്റാദായത്തില്‍ 33 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പശ്ചിമേഷ്യയിലെ ആദ്യ അതിവേഗ ഹൈഡ്രജന്‍ റീ ഫ്യുവലിങ് സ്റ്റേഷന്റെ നിര്‍മാണവും തുടങ്ങിയിട്ടുണ്ട്. മസ്ദര്‍ സിറ്റിയിലാണ് വെള്ളത്തില്‍ നിന്ന് ശുദ്ധമായ ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്ന നിലയം സ്ഥാപിക്കുന്നത്. കുറഞ്ഞ കാര്‍ബണ്‍ പുറന്തള്ളല്‍ മാര്‍ഗങ്ങള്‍ക്കായി അഡ്നോക് 55.1 ബില്യന്‍ ദിര്‍ഹമാണ് അനുവദിച്ചിരിക്കുന്നത്.
കുതിച്ചുയര്‍ന്ന് റിയല്‍ എസ്റ്റേറ്റ്
2023ന്റെ ആദ്യ പകുതിയില്‍ അബൂദബിയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വിദേശ പ്രത്യക്ഷ നിക്ഷേപം 834.6 ദശലക്ഷം ദിര്‍ഹം ആയി വര്‍ധിച്ചതായി കണക്ക്. 2022ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 363 ശതമാനത്തിന്റെ വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അബൂദബി നഗര ഗതാഗത വകുപ്പാണ് കണക്ക് പുറത്തുവിട്ടത്. നിക്ഷേപത്തിന്റെ 34 ശതമാനം സഅദിയാത്ത് ഐലന്‍ഡിലും 28 ശതമാനം യാസ് ഐലന്ഡിലുമായാണുള്ളത്. അല്‍ ജുര്‍ഫ് 12 ശതമാനം, അല്‍ റീം ഐലന്‍ഡ് 11 ശതമാനം അല്‍ ഷംഖ 8 ശതമാനം എന്നിവയാണ് നിക്ഷേപം കൂടുതലായി നടന്ന മറ്റു മൂന്ന് ദ്വീപുകള്‍.
എമിറേറ്റിലെ വികസിത മേഖലകളില്‍ ഭൂമി വില്‍ക്കുന്നതിന് അബൂദബി നഗര, ഗതാഗത വകുപ്പ് പുതിയ ഏകീകൃത കരാര്‍ മാതൃക കൊണ്ടുവന്നിരുന്നു. നിക്ഷേപകരും ഡവലപര്മാരുമായുള്ള വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കുന്നതിനും വസ്തു വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന നടപടി ലഘൂകരിക്കുന്നതിനുമുള്ളതാണ് യുനിഫൈഡ് കോണ്‍ട്രാക്ട് ടെംപ്ലേറ്റ് കൊണ്ടുവന്നത്.
സ്വദേശി ഭവന പദ്ധതികള്‍, പുതുതലമുറ വികാസം
സ്വീഹാനില്‍ 572.1 ദശലക്ഷം ദിര്‍ഹമിന്റെ ഭവനപദ്ധതിയാണ് വരുന്നത്. സ്വദേശികള്‍ക്കുള്ള 200ലേറെ വീടുകളാണ് സ്വീഹാനില്‍ നിര്‍മിക്കുന്നത്. ബനിയാസ്, അല്‍ സംഹ റീജ്യനുകളില്‍ ഭവനങ്ങള്‍ നിര്‍മിക്കാന്‍ 7 ബില്യന്‍ ദിര്‍ഹമിന്റെ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. യാസ് ഐലന്‍ഡിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ 8 ബില്യന്‍ ദിര്‍ഹമിന്റെ താമസകേന്ദ്ര പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
51 ദശലക്ഷം ചതുരശ്ര മീറ്ററിലാണ് പദ്ധതി. അബൂദബി നഗരത്തിന്റെയും കടല്‍തീരത്തിന്റെയും പനോരമിക് കാഴ്ച ദൃശ്യമാവുന്ന നിലയിലാവും താമസകേന്ദ്രം നിര്‍മിക്കുക. പദ്ധതി അബൂദബിക്ക് 16 കിലോമീറ്റര്‍ ബീച്ച് അടക്കം 53.5 കിലോമീറ്റര്‍ തീരപ്രദേശം കൂടി സമ്മാനിക്കും.
നിര്‍മിത ബുദ്ധി, സാറ്റലൈറ്റ്
നിര്‍മിത ബുദ്ധി ഉപയോഗിച്ച് കണ്ടെത്തുകയും രൂപകല്‍പ്പന ചെയ്യുകയും ചെയ്ത മരുന്ന് ഉപയോഗിച്ച് രോഗികളില്‍ പരീക്ഷണം ആരംഭിച്ചത് ഈ മേഖലയില്‍ രാജ്യത്തെ ശ്രദ്ധേയമായ മുന്നേറ്റമാണ്. ശ്വാസതടസ്സമുണ്ടാക്കുന്ന ശ്വാസകോശരോഗത്തെ ചികില്സിക്കുന്നതിനുള്ള മരുന്ന് വികസിപ്പിച്ച ശേഷമാണ് നിര്‍മിത ബുദ്ധി ഉപയോഗിച്ച് ഇവ രോഗികളില്‍ പരീക്ഷിക്കുന്നത്.
നിര്‍മിത ബുദ്ധി ആപ്ലിക്കേഷനുകള്‍ നിര്‍മിക്കാന്‍ കഴിയുന്ന അറബിക് ഭാഷാ സോഫ്റ്റ് വെയറിനും രൂപം നല്‍കിയിട്ടുണ്ട്. അറബികും ഇംഗ്ലീഷും സംയോജിതമായ വിപുലമായ ഡാറ്റകളില്‍ നിന്നായി രൂപം നല്കിയ ജെയ്സില്‍ 1300 കോടി പാരാമീറ്ററുകളാണ് അടങ്ങിയിരിക്കുന്നത്. സാറ്റലൈറ്റ് മുഖേന നെയ്മീനെ(കിങ്ഫിഷ്) ട്രാക്ക് ചെയ്യാനുള്ള ലോകത്തിലെ ആദ്യ പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്.
മിസൈല്‍ നിര്‍മാണ കേന്ദ്രം
രാജ്യത്തിന്റെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അബൂദബിയില്‍ മിസൈല്‍ നിര്‍മാണ കേന്ദ്രം തുറന്നിട്ടുണ്ട്. മിസൈല്‍ സംവിധാനങ്ങള്‍ സംയുക്തമായി വികസിപ്പിക്കുന്നതിനുള്ള അടിത്തറയൊരുക്കുന്നതാണ് യു.എ.ഇയും എം.ബി.ഡി.എയും സഹകരിക്കുന്ന അബൂദബിയിലെ മിസൈല്‍ നിര്‍മാണ കേന്ദ്രം.
യൂറോപ്പിന് പുറത്തുള്ള എം.ബി.ഡി.എയുടെ ആദ്യ കേന്ദ്രമാണ് അബൂദബിയിലെ മിസൈല്‍ എന്‍ജിനീയറിങ് സെന്റര്‍. തവസുന് ടെക്നോളജി ഇന്നൊവേഷനിലെയും എം.ബി.ഡി.എയിലെയും എന്‍ജിനീയര്‍മാരുടെ സംയുക്ത സംഘമാണ് അബൂദബിയിലെ മിസൈല്‍ നിര്‍മാണ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.