നിർമാണ മേഖലയിൽ 1000 കോടി ദിർഹമിന്‍റെ നിക്ഷേപവുമായി അബൂദബി സർക്കാർ
text_fieldsഅബൂദബി: അബൂദബിയുടെ നിർമാണ മേഖലയുടെ വളർച്ച 2031ഓടെ ഇരട്ടിയാക്കി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അബൂദബി സർക്കാർ ആറു പദ്ധതികളിലേക്കായി 1000 കോടി ദിർഹമിന്‍റെ നിക്ഷേപം നടത്തി. സാമ്പത്തിക സഹായം, ബിസിനസ് ചെയ്യുന്നതിനുള്ള നടപടികൾ ലളിതമാക്കുക, വിദേശ പ്രത്യക്ഷ നിക്ഷേപങ്ങളെ ആകർഷിക്കുക തുടങ്ങിയ നടപടികളിലൂടെയാണ് നിർമാണ മേഖലയുടെ വളർച്ച ശക്തിപ്പെടുത്താൻ അധികൃതർ ശ്രമിക്കുന്നത്. മേഖലയിലെ മികച്ച മത്സസരാധിഷ്ഠിത വ്യവസായ ഹബ്ബായി ഇമാറാത്തിനെ മാറ്റുകയെന്ന ലക്ഷ്യത്തോടെ അബൂദബി എക്സിക്യൂട്ടിവ് ഓഫിസ് ചെയർമാനും അബൂദബി എക്സിക്യൂട്ടിവ് കൗൺസിൽ അംഗവുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് വ്യാഴാഴ്ച അബൂദബി വ്യവസായ കർമപദ്ധതിക്ക് തുടക്കം കുറിച്ചത്.
ഖലീഫ ഇൻഡസ്ട്രിയൽ ഫ്രീ സോണിലായിരുന്നു (കിസാദ്) ചടങ്ങ് നടന്നത്. ആറു പദ്ധതികളാണ് ഇതിന്‍റെ ഭാഗമായി ആവിഷ്കരിച്ചു നടപ്പാക്കുന്നത്. ഇത് യാഥാർഥ്യമാകുന്നതോടെ 13600 വിദഗ്ധ തൊഴിലാളികൾക്ക് അവസരമുണ്ടാവും. ഇമാറാത്തികൾക്കാവും ജോലിയിൽ കൂടുതൽ അവസരങ്ങൾ. കയറ്റുമതി വർധിപ്പിക്കുക, അന്താരാഷ്ട്ര വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും പദ്ധതിയുടെ ഭാഗമാണ്. അബൂദബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ മുഹമ്മദ് അലി അൽ ഷോറാഫ, അബൂദബി പോർട്സ് ഗ്രൂപ് ചെയർമാൻ ഫലാഹ മുഹമ്മദ് അൽ അഹ്ബാബി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.