ഗതാഗതപ്പിഴയിൽ 35 ശതമാനം ഇളവ് പ്രഖ്യാപിച്ച് അബൂദബി
text_fieldsഅബൂദബി: ഗതാഗത നിയമലംഘനത്തിന് പിഴ കുടിശ്ശികയുള്ളവര്‍ക്ക് 35 ശതമാനം വരെ ഇളവുമായി അബൂദബി പൊലീസ്. നിയമലംഘനമുണ്ടായശേഷം 60 ദിവസത്തിനുള്ളിൽ പിഴ അടക്കുന്നവർക്കാണ് 35 ശതമാനം ഇളവ്. ഒരു വര്‍ഷത്തിനുള്ളില്‍ അടച്ചാല്‍ 25 ശതമാനമാണ് ഇളവ്. ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴയടക്കണമെന്നും പിഴയടക്കാന്‍ വൈകിയാലുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുമായാണ് ഇത്തരമൊരു പരിപാടിയെന്ന് അബൂദബി പൊലീസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍ഡ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ധാഹി അല്‍ ഹുമൈരി പറഞ്ഞു.
അബൂദബി സര്‍ക്കാറിന്റെ താം ഡിജിറ്റല്‍ ചാനല്‍ വഴിയും പൊലീസിന്റെ കസ്റ്റമര്‍ സര്‍വിസ് ആന്‍ഡ് ഹാപിനസ് പ്ലാറ്റ്ഫോം വഴിയും യു.എ.ഇയിലെ അഞ്ചു ബാങ്കുകളുടെ സഹകരണത്തോടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും പണം അടക്കാം. അബൂദബി കമേഴ്സ്യല്‍ ബാങ്ക്, അബൂദബി ഇസ്ലാമിക് ബാങ്ക്, ഫസ്റ്റ് അബൂദബി ബാങ്ക്, മഷ്റഖ് അല്‍ ഇസ്ലാമി ആന്‍ഡ് എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് എന്നീ അഞ്ചു ബാങ്കുകളാണ് ഇതിലുള്ളത്. ബാങ്കുകളുടെ ഈ സേവനം ഉപയോഗപ്പെടുത്തുന്നതിനായി ഇവ നല്കുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വന്തമാക്കിയിരിക്കണം. ബാങ്കില്‍ അപേക്ഷ നല്കി രണ്ടാഴ്ചക്കുള്ളില്‍ ഗതാഗതപ്പിഴകള്‍ തവണകളായി അടക്കുന്നതിന് സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. ഗതാഗതനിയമലംഘന പിഴകള്‍ വര്‍ഷം മുഴുവന്‍ തവണകളായി അടക്കാന്‍ ഡ്രൈവര്‍മാര്‍ക്കും വാഹന ഉടമകള്‍ക്കും അവസരമൊരുക്കുന്നതാണ് ബാങ്കുകളുടെ ഈ സേവനം.
ഗതാഗതനിയമ ലംഘനങ്ങളും അപകടങ്ങളും ഒഴിവാക്കാന്‍ കര്‍ശനമായ നിയമങ്ങളാണ് അബൂദബി പൊലീസ് നടത്തി വരുന്നത്. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനുമാത്രം ഈ വര്‍ഷം ആറുമാസത്തിനിടെ 1,05,300 പേര്‍ക്കാണ് പിഴ ചുമത്തിയത്. നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ അബൂദബിയിലെ റോഡുകളില്‍ സ്മാര്‍ട്ട് പട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.