ബീച്ചുകൾ ഭിന്നശേഷി സൗഹൃദമാക്കി അബൂദബി
text_fieldsഅബൂദബി: വീൽചെയറിൽ ജീവിക്കുന്നവർക്കായി ബീച്ചുകളിൽ ഭിന്നശേഷി സൗഹൃദപരമായ പ്രത്യേക സൗകര്യം ഏർപ്പെടുത്തി അബൂദബി. അബൂദബി നഗര ഗതാഗത വകുപ്പ്, മുബാദലയുമായി സഹകരിച്ച് വീൽചെയറിൽ സഞ്ചരിക്കുന്ന ഭിന്നശേഷിക്കാർക്ക് കടൽ ആസ്വദിക്കാൻ പ്രത്യേക റാമ്പാണ് ഒരുക്കിയിരിക്കുന്നത്. സൗരോർജത്തിൽ പ്രവർത്തിക്കുന്ന റാമ്പുകൾ പ്രകൃതി സൗഹൃദപരമവുമാണെന്നതാണ് പ്രത്യേകത.
ഗ്രീക്ക് കമ്പനിയായ സീട്രാകാണ് സൗരോർജ റാമ്പ് രൂപകൽപന ചെയ്തിരിക്കുന്നത്. വീൽചെയറിലുള്ള ഭിന്നശേഷിക്കാരെ കടൽതീരത്തുകൂടി കടലിലേക്ക് സഞ്ചരിക്കാൻ സഹായിക്കുന്നതിനാണ് റാമ്പുകൾ ഉപയോഗിക്കുക. ഭിന്നശേഷിക്കാർക്ക് കടൽതീരത്ത് ഇറങ്ങാൻ റാമ്പ് താഴ്ത്താനും പിന്നീട് കസേരയിൽ കയറിയിരിക്കാൻ റാമ്പ് ഉയർത്താനും സംവിധാനം ഒരുക്കിയിട്ടുണ്ട്.
കോർണിഷ് പബ്ലിക്ക് ബീച്ച്, കോർണിഷ് ഫാമിലി ബീച്ച്, കോർണിഷ് സാഹിൽ ബീച്ച്, അൽ ബത്തീൻ പബ്ലിക്ക് ബീച്ച്, അൽ ബത്തീൻ ലേഡീസ് ബീച്ച് എന്നിവിടങ്ങളിലും സീട്രാക് സംവിധാനം ആരംഭിക്കും.
ഭിന്നശേഷിക്കാരെ സമൂഹത്തിൽ കൂടുതലായി സ്വീകരിക്കപ്പെടാൻ അവസരമൊരുക്കുകയെന്ന യു.എ.ഇ സർക്കാറിന്റെ ലക്ഷ്യങ്ങൾക്കനുസൃതമായാണ് ഈ പദ്ധതിയെന്ന് നഗര ഗതാഗത വകുപ്പ് ഡയറക്ടർ ജനറൽ ഡോ. സലിം അൽ കാബി, മുബാദല ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടിവ് ഹുമൈദ് അൽ ഷിമ്മാരി എന്നിവർ പഞ്ഞു. ഒറ്റത്തവണ ഉപയോഗ കുടിവെള്ള പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറക്കാൻ അബൂദബിയിലെ പൊതു ഉദ്യാനങ്ങളിൽ 26 കുടിവെള്ള യൂനിറ്റുകൾ സ്ഥാപിക്കുമെന്നും ഇരുവരും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.