നാല് പതിറ്റാണ്ട് പഴക്കമുള്ള മധുരത്തെ ആദരിച്ച് അബൂദബി
text_fieldsഅമൂല്യമായതിനെ ആദരിക്കാനും ഉൾക്കൊള്ളാനും പ്രോത്സാഹിപ്പിക്കാനും യു.എ.ഇ മടി കാണിക്കാറില്ല. നാല് പതിറ്റാണ്ട് പഴക്കമുള്ള മധുരത്തെ ‘അർബൻ ട്രഷർ’ എന്ന പദവി നൽകി ആദരിച്ചിരിക്കുകയാണ് അബൂദബി സാംസ്കാരിക-ടൂറിസം വകുപ്പ്. പലസ്തീനി സഹോദരങ്ങൾ 1980കളിൽ തുടങ്ങിവെച്ച മധുര വിതരണമാണ് ഇപ്പോൾ ഇരട്ടി മധുരമായി മാറിയിരിക്കുന്നത്. ജൻമനാടിന്റെ പോരാട്ടത്തെ അനുസ്മരിച്ച് ‘അൽ അഖ്സ’ എന്ന പേരിൽ ആരംഭിച്ച സ്ഥാപനത്തിലെ മധുരങ്ങളെയാണ് ‘അർബൻ ട്രഷർ’ എന്ന പേരിൽ അബൂദബി സർക്കാർ ആദരിക്കുന്നത്.
ഈ സഹോദരങ്ങളുടെ മധുരമൂറുന്ന വിജയഗാഥക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. സഹോദരങ്ങളായ മഹ്മൂദ് ഹാനൂണ്‍, മുനീര്‍, ജമാല്‍ എന്നിവരാണ് സ്ഥാപനത്തിലെ വൈവിധ്യമാർന്ന മിഠായി രുചികളുടെ പിന്നിലെ അനുഗ്രഹീത കരങ്ങള്‍. കുനാഫ, ഹല്‍വ, വര്ബത് എന്നിവയാണ് ഇവരുടെ പ്രധാന മധുരങ്ങൾ. മുനീര്‍ ആണ് ആദ്യമായി പലസ്തീനിൽ നിന്ന് അബൂദബിയിലെത്തുന്നത്. പിന്നാലെ ജമാലും ഹാനൂണും മറ്റു സഹോദരങ്ങളായ മുഹമ്മദും ഖാലിദും എത്തി.
ഹാനൂണ്‍ എണ്ണ, വാതക കമ്പനിയില്‍ പരിശീലനത്തിനു ചേര്‍ന്നു. 19 വയസ്സാണ് അന്ന് ഹാനൂണിന്. ഈ സമയത്താണ് മറ്റൊരു പലസ്തീനി മിഠായി നിര്‍മാതാവ് സഹോദരങ്ങള്‍ക്ക് മുന്നില്‍ മേഖലയിലേക്കുള്ള വാതില്‍ തുറന്നിടുന്നത്. അഞ്ചു സഹോദരങ്ങളും അദ്ദേഹത്തിനൊപ്പം ചേര്‍ന്ന് മിഠായിക്കട തുറക്കാന്‍ തീരുമാനിച്ചു. അല്‍ ഖുദ്സ് എന്നാണ് കടയ്ക്ക് പേരിട്ടത്. കുനാഫ വൈകാതെ അബൂദബിക്കാര്ക്കിടയില് വന്‍തോതില്‍ സ്വീകാര്യമായി. മിന റോഡിലായിരുന്നു അല്‍ ഖുദ്സ്.
തനതു രുചികള്‍ വികസിപ്പിച്ച മിഠായി നിര്‍മാതാവ് നാലുവര്‍ഷത്തിനു ശേഷം യു.എ.ഇയില്‍ നിന്ന് പോവാന്‍ തീരുമാനിച്ചതോടെ കടയുടെ ലൈസന്‍സ് സഹോദരങ്ങളുടെ പേരിൽ നല്‍കുകയായിരുന്നു. അങ്ങനെയാണ് അല്‍ അഖ്സ പിറന്നത്. ഇതോടെയാണ് ജമാലും ഖാലിദും ഡെസര്‍ട്ട് നിര്‍മാണത്തില്‍ ചാതുരി നേടിയത്. ഇവരുടെ കുനാഫയും ഖതായഫും അതിവേഗം ജനകീയമായി. രാജകുടുംബങ്ങളില്‍ നിന്ന് പോലും ഓര്‍ഡറുകള്‍ ലഭിച്ചു. ഇതിനിടെ ശൈഖ് സായിദ് സ്ട്രീറ്റിലും അല്‍ റീം സ്ട്രീറ്റിലും ഇവർ എത്തി. പ്രതിദിനം 120 കിലോ മധുരപലഹാരമാണ് ഇവർ തയാറാക്കുന്നത്. റമദാനിൽ ഇരട്ടിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.