അബൂദബിയുടെ സൗന്ദര്യസംരക്ഷണം; മാലിന്യം വലിച്ചെറിഞ്ഞാൽ അപ്പോൾ തന്നെ പിഴ
text_fieldsഅബൂദബി: എമിറേറ്റിന്‍റെ സൗന്ദര്യസംരക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന നിയമത്തിൽ പരിഷ്കാരങ്ങളുമായി അബൂദബി. പൊതുമുതൽ നശിപ്പിക്കൽ, മാലിന്യം വലിച്ചെറിയൽ തുടങ്ങിയ കുറ്റങ്ങൾ കണ്ടാൽ അധികൃതർക്ക് അപ്പോൾ തന്നെ പിഴ ചുമത്തുന്നതിനു അധികാരം നൽകുന്നതാണ് നിയമപരിഷ്കാരത്തിലെ സുപ്രധാന നടപടി. നേരത്തേ ഇത് കോടതിയായിരുന്നു തീരുമാനിച്ചിരുന്നത്.
നിയമലംഘകർക്ക് പിഴയിൽ ഇളവ് നൽകുന്നതിനും കോടതിക്കുപുറത്ത് കേസ് ഒത്തുതീർപ്പാക്കുന്നതിനുമൊക്കെ അവസരം നൽകുന്നതാണ് പരിഷ്കാരങ്ങൾ. ചുമത്തപ്പെട്ട പിഴക്കെതിരേ അപ്പീൽ നൽകുന്നതിന് നിയമലംഘകർക്ക് അനുവാദമുണ്ട്. എന്നാൽ, ചില കുറ്റകൃത്യങ്ങൾക്ക് മാത്രമാണ് ഈ ഇളവുള്ളത്. എമിറേറ്റിലെ ഹരിതാഭ ഇടങ്ങൾ, നടപ്പാതകൾ, കെട്ടിടങ്ങൾ, ചന്തകൾ, പൊതുറോഡുകൾ തുടങ്ങിയവക്ക് അഭംഗി വരുത്തുന്ന പ്രവർത്തികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന നിയമമായ 'ജനറൽ അപ്പിയറൻസ് ലോ ഓഫ് 2012'ലാണ് അധികൃതർ ഭേദഗതി വരുത്തിയത്.
ചുമത്തപ്പെട്ട പിഴ 60 ദിവസങ്ങൾക്കുള്ളിൽ അടക്കുന്നവർക്ക് 25 ശതമാനം ഇളവ് ലഭിക്കും. മാലിന്യം നിക്ഷേപിച്ചവർക്ക് നിശ്ചിത സമയത്തിനുള്ളിൽ ഇതു നീക്കം ചെയ്യുന്നതിനുള്ള അവസരവും അധികൃതർ അനുവദിച്ചിട്ടുണ്ട്. ഇത് ചെയ്തില്ലെങ്കിൽ മാലിന്യം നീക്കുന്നതിനുള്ള തുക ഇവരിൽ നിന്ന് ഈടാക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.