അബൂദബി ഐ.ഐ.ടി അടുത്തവര്‍ഷം
text_fieldsഅബൂദബി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഐ.ഐ.ടി) ആദ്യ വിദേശ കാമ്പസ് അബൂദബിയില്‍ അടുത്തവര്‍ഷം തുറന്നേക്കും. യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡർ സഞ്ജയ് സുധീറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്ത വര്‍ഷം മുതല്‍ കാമ്പസ് പ്രവര്‍ത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് സഞ്ജയ് സുധീര്‍ അറിയിച്ചത്. അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പും (അഡെക്) ഐ.ഐ.ടി ഡല്‍ഹിയുമായുള്ള ചര്‍ച്ചകള്‍ നടന്നുവരുകയാണ്. എവിടെയാണ് കാമ്പസ് തുടങ്ങേണ്ടത്, കോഴ്സുകള്‍ ഏതൊക്കെ, വിദ്യാര്‍ഥി സമിതി, ബിസിനസ് മോഡല്‍ തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് നടന്നുവരുന്നത്.
ഫാക്കല്‍റ്റികളെ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഇതുവരെ തീരുമാനമായില്ലെങ്കിലും ഐ.ഐ.ടിയുടേതായ ഉയര്‍ന്ന വിദ്യാഭ്യാസമേന്മ അബൂദബിയിലും ഉണ്ടാവുമെന്ന് സഞ്ജയ് സുധീര്‍ പറഞ്ഞു. നവംബറില്‍ ഡല്‍ഹി ഐ.ഐ.ടിയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ അബൂദബി സന്ദര്‍ശിച്ച് അഡെകുമായി ചര്‍ച്ച നടത്തിയിരുന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക സഹകരണക്കരാർ ഒപ്പുവെക്കുന്ന സമയത്താണ് അബൂദബിയിലെ ഐ.ഐ.ടി പ്രഖ്യാപനമുണ്ടായത്. ജെ.ഇ.ഇ മെയിൻ, ജെ.ഇ.ഇ അഡ്വാൻസ്ഡ് എന്നീ കടമ്പകൾ കടക്കുന്നവർക്കായിരിക്കും അഡ്മിഷൻ നൽകുക.
എൻജിനീയറിങ്ങിനോട് താൽപര്യമുള്ളവർക്ക് മികച്ച അവസരമായിരിക്കും ഐ.ഐ.ടി. പ്ലസ് ടു കഴിയുമ്പോൾ എൻജിനീയറിങ് ആഗ്രഹിക്കുന്ന വിദ്യാർഥികൾ നാട്ടിലേക്ക് പോകുന്നതാണ് പതിവ്.
ഇവിടെയുള്ള ഫീസ് താങ്ങാനാവാത്തവരാണ് നാട്ടിൽപോയി പഠിക്കുന്നത്. ഇന്ത്യയുടെ ഐ.ഐ.ടി എത്തുന്നതോടെ ഇന്ത്യൻ വിദ്യാർഥികൾക്ക് സ്കോളർഷിപ്പോടെ കുറഞ്ഞ ചെലവിൽ പഠിക്കാനാകുമെന്നാണ് അവരുടെ പ്രതീക്ഷ.
ഇന്ത്യൻ അധ്യാപകർക്കും കൂടുതൽ ജോലിസാധ്യതകളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ ഇന്ത്യയിൽ 23 ഐ.ഐ.ടികളുണ്ട്. ഇതിന് സമാനമായ പ്രവേശന നടപടിക്രമങ്ങൾ തന്നെയായിരിക്കും യു.എ.ഇയിലേതും. പ്ലസ് ടുവിന് 75 ശതമാനം മാർക്കോടെ (മാത്സ്, ഫിസിക്സ്) പാസായവർക്ക് ജെ.ഇ.ഇ മെയിൻ പരീക്ഷ എഴുതാം. ഇതിൽ രണ്ടര ലക്ഷം റാങ്കിനുള്ളിൽ വരുന്നവർക്ക് ജെ.ഇ.ഇ അഡ്വാൻസ് എഴുതാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.