യു.എന്‍. ആഗോള പരിസ്ഥിതി സംരക്ഷണ പദ്ധതികളില്‍ അബൂദബിയും
text_fieldsഅബൂദബി: സുസ്ഥിര പരിസ്ഥിതി സംരക്ഷണത്തിന് നൂതനമായ നിരവധി പദ്ധതികള്‍ പൂര്‍ത്തീകരിച്ചുവരുന്ന അബൂദബി എമിറേറ്റിന് യു.എന്‍ അംഗീകാരം. 10 ആഗോള പദ്ധതികളില്‍ അബൂദബി പരിസ്ഥിതി ഏജന്‍സിയുടെ മറൈന്‍ ഇക്കോ സിസ്റ്റം സംരക്ഷണവും പുനരധിവാസ പദ്ധതിയും ഉള്‍പ്പെടുത്തിയിരിക്കുകയാണ് യു.എന്‍ പരിസ്ഥിതി പദ്ധതി.
ഡിസംബര്‍ 17 വരെ മോണ്ട്രിയലില് നടന്ന യു.എന്‍. ജൈവവൈവിധ്യ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. തീര, സമുദ്ര ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമുള്ളതാണ് ഈ പദ്ധതി. യു.എന്‍. പരിസ്ഥിതി പദ്ധതിയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ നിലവാരം പദ്ധതികള്ക്കുണ്ടോയെന്ന് പരിശോധിച്ച ശേഷമാണ് 10 പദ്ധതികളെ തിരഞ്ഞെടുത്തത്.
വിവിധ രാജ്യങ്ങളില്‍ നിന്നായി 150ലേറെ പദ്ധതികള്‍ പരിശോധിച്ചാണ് മികച്ച 10 എണ്ണം തിരഞ്ഞെടുത്തത് എന്നത് അബൂദബി പരിസ്ഥിതി ഏജന്‍സിയുടെ നേട്ടമായി. വംശനാശ ഭീഷണി നേരിടുന്ന സമുദ്രജീവികളെയാണ് അബൂദബി പരിസ്ഥിതി ഏജന്‍സി പുനരധിവസിപ്പിക്കാന്‍ ശ്രമിക്കുന്നത്. സമുദ്രപരിസ്ഥിതി നിലനിര്‍ത്തുന്നതിനും മല്‍സ്യസമ്പത്ത് പുനസ്ഥാപിക്കുന്നതിനും കണ്ടല്‍ക്കാട് വച്ചുപിടിപ്പിക്കുന്നതിനും പുനരധിവിസിപ്പിക്കുന്നതിനും മേഖലയിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് പുനരധിവാസ പദ്ധതിക്കും അബൂദബി പരിസ്ഥിതി ഏജന്‍സി കഠിനപ്രയത്നം ചെയ്യുന്നതായി ഭരണാധികാരിയുടെ അല്‍ ദഫ്ര മേഖല പ്രതിനിധിയും അബൂദബി പരിസ്ഥിതി ഏജന്‍സി ബോര്‍ഡ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് പറഞ്ഞു.
ജീവികളെയും അവയുടെ ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്നതില്‍ എമിറേറ്റ് വഹിക്കുന്ന പങ്ക് പ്രാദേശികവും ആഗോളതലത്തിലും ഉയര്‍ത്തിക്കാട്ടുന്നതാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബൂദബിയിലെ തീര, സമുദ്ര മേഖലകള്‍ ജൈവവൈവിധ്യത്തിന്റെ ഹോട്ട്സ്പോട്ട് ആണ്. വിപുലമായ സമുദ്രജീവികളുടെയും വലിയ മല്‍സ്യങ്ങളുടെയും കേന്ദ്രമാണിവിടം. ബറഖ ആണവോര്‍ജ നിലയത്തിനോട് ചേര്‍ന്ന പ്രദേശത്തു നിന്ന് ആയിരക്കണക്കിന് പവിഴപ്പുറ്റ് കോളനികളാണ് അധികൃതര്‍ മാറ്റിസ്ഥാപിച്ചത്. മല്സ്യസമ്പത്തിലെ കുറവ് പരിഹരിക്കുന്നതിന് അബൂദബി നടത്തുന്ന ശ്രമങ്ങള്‍ വിജയം കാണുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. 2030ഓടെ ഈ ലക്ഷ്യം പൂര്‍ത്തിയാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
10 വര്‍ഷത്തിനിടെ 15 ദശലക്ഷം കണ്ടല്‍ മരങ്ങളാണ് വച്ചുപിടിപ്പിച്ചത്. ഇതോടെ അബൂദബിയിലെ കണ്ടല്‍ക്കാട് മേഖല 35 ശതമാനം വര്‍ധിച്ചു. 176 ചതുരശ്ര കിലോമീറ്ററിലാണ് അബൂദബിയിലെ കണ്ടല്‍ക്കാട് വ്യാപിച്ചുകിടക്കുന്നത്. 50 പരിസ്ഥിതി സംരക്ഷിത കേന്ദ്രങ്ങളാണ് യു.എ.ഇയിലുള്ളത്. അബൂദബിയിലെ അല്‍ വത്ബ ഡെസേര്‍ട്ട് ഡ്യൂണ്‍ സംരക്ഷിത കേന്ദ്രമാണ് ഈ പട്ടികയിലേക്ക് ഏറ്റവും ഒടുവിലായി കൂട്ടിച്ചേര്‍ക്കപ്പെട്ടത്.
ജുബൈല്‍ ദ്വീപില്‍ 10 ലക്ഷം കണ്ടല്‍ക്കാടുകള്‍ വച്ചുപിടിപ്പിക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്. അടുത്ത 10 വര്‍ഷത്തിനുള്ളിലാവും ഇത്രയധികം കണ്ടല്‍കാടുകള്‍ ദ്വീപില്‍ നട്ടുപിടിപ്പിക്കുക. 19 ചതുരശ്ര കിലോമീറ്ററിലായി പരന്നുകിടക്കുന്ന ജുബൈല്‍ കണ്ടല്വൃക്ഷ പാര്‍ക്കില്‍ പത്തുലക്ഷം മരങ്ങള്‍ ആകുന്നതോടെ പ്രതിവര്‍ഷം 1150 ടണ്‍ കാര്‍ബണ്‍ഡയോക്സൈഡ് മരങ്ങള്‍ ആഗിരണം ചെയ്യാനാവും. 2030ഓടെ 100 ദശലക്ഷം കണ്ടല്‍മരങ്ങള്‍ വച്ചുപിടിപ്പിക്കുകയെന്ന യു.എ.ഇയുടെ പദ്ധതിയുടെ ഭാഗമായാണ് ജുബൈല്‍ ദ്വീപിലെ മരംനടല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.