അബൂദബി- ഇന്ത്യ; മൂന്ന് സർവിസുകൾ കൂടി പ്രഖ്യാപിച്ച് ഇൻഡിഗോ
text_fieldsദുബൈ: അടുത്ത മാസം മുതൽ അബൂദബിയിൽനിന്ന് മൂന്ന് ഇന്ത്യൻ നഗരങ്ങളിലേക്കുകൂടി നേരിട്ടുള്ള സർവിസ് പ്രഖ്യാപിച്ച് ഇൻഡിഗോ. മംഗളൂരു, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി എന്നീ നഗരങ്ങളിലേക്കാണ് പുതിയ സർവിസ്. നേരത്തേ ആഗസ്റ്റ് ഒന്ന് മുതൽ ബംഗളൂരുവിലേക്ക് നേരിട്ടുള്ള സർവിസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മൂന്ന് നഗരങ്ങളിലേക്കുകൂടി ഇൻഡിഗോ സർവിസ് വ്യാപിപ്പിക്കുന്നത്.
അബൂദബി -മംഗളൂരു റൂട്ടിൽ ആഗസ്റ്റ് ഒമ്പത് മുതലാണ് പുതിയ സർവിസ്. ആഴ്ചയിൽ എല്ലാ ദിവസവും ഈ റൂട്ടിൽ സർവിസുണ്ടാകും. ആഗസ്റ്റ് 11 മുതലാണ് തിരുച്ചിറപ്പള്ളിയിൽ നിന്ന് അബൂദബിയിലേക്കുള്ള സർവിസ് തുടങ്ങുന്നത്. ആഴ്ചയിൽ നാലു ദിവസമായിരിക്കും ഈ റൂട്ടിൽ സർവിസ്. ആഗസ്റ്റ് 10 മുതൽ ആഴ്ചയിൽ മൂന്നു സർവിസാണ് കോമ്പത്തൂർ -അബൂദബി സർവിസ് ആരംഭിക്കുകയെന്നും ഇൻഡിഗോ വാർത്തക്കുറിപ്പിൽ അറിയിച്ചു.
അബൂദബിയിൽ നിന്ന് മംഗളൂരു, കോമ്പത്തൂർ സർവിസിന് യഥാക്രമം 353, 330 ദിർഹമാണ് വിമാന ടിക്കറ്റ് നിരക്ക്. തിരികെ അബൂദബിയിലേക്ക് 843 ദിർഹമുമാണ് നിരക്ക്. ഇന്ത്യ -യു.എ.ഇ വ്യോമ ഇടനാഴി ഇരു രാജ്യങ്ങൾക്കുമിടയിൽ ഏറ്റവും തിരക്കേറിയ റൂട്ടുകളിൽ ഒന്നാണ്.
37 ലക്ഷം ഇന്ത്യക്കാരാണ് യു.എ.ഇയിൽ താമസിക്കുന്നതെന്നാണ് കണക്ക്. യു.എ.ഇയിലെ പ്രവാസികളിൽ ഏറ്റവും വലിയ ജനസമൂഹവും ഇന്ത്യക്കാരാണ്. ഇതുമൂലം ഈ റൂട്ടിലെ വിമാനയാത്ര തിരക്കും വർധിച്ചിട്ടുണ്ട്. അവധി ദിനങ്ങളിലും വാരാന്ത്യങ്ങളിലും തിരക്ക് ഇരട്ടിയാകും.
വ്യോമയാന രംഗത്തെ കൺസൽട്ടൻസിയായ ഒ.എ.ജിയുടെ കണക്കുകൾ പ്രകാരം ഈ വർഷം ജൂലൈയിൽ 2.192 ദശലക്ഷം സീറ്റുകളുമായി ഒമ്പതാമത്തെ തിരക്കേറിയ വ്യോമ ഇടനാഴിയാണ് ഇന്ത്യ-യു.എ.ഇ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.