ശ്രദ്ധനേടി അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവം
text_fieldsഅബൂദബി അന്താരാഷ്ട്ര പുസ്തകോത്സവത്തിലെത്തിയ കുട്ടികൾ
അബൂദബി: തലസ്ഥാന നഗരിക്ക് വിജ്ഞാനവെളിച്ചം പകർന്ന് അന്താരാഷ്ട്ര പുസ്തകോത്സവം. 80 രാജ്യങ്ങളിൽ നിന്ന് 1,130 പ്രസാധകരാണ് മേളയുടെ 31ാമത് എഡിഷനിൽ ഇത്തവണ പങ്കെടുക്കുന്നത്. അബൂദബി നാഷനൽ എക്സിബിഷൻ സെൻററിൽ തിങ്കളാഴ്ച ആരംഭിച്ച പുസ്തകോത്സവം മേയ് 29വരെ നീളും. ജർമനിയാണ് ഇത്തവണ അതിഥി രാജ്യമായി പങ്കെടുക്കുന്നത്. ജർമൻ ഭാഷയിലെ വിഖ്യാത എഴുത്തുകാരുടെ രചനകളും പുസ്തകങ്ങളും പ്രത്യേകമായി പ്രദർശനത്തിൽ ഇടം പിടിച്ചിട്ടുണ്ട്.
എല്ലാ പ്രായത്തിലും പശ്ചാത്തലത്തിലുള്ള സന്ദർശകർക്കായി വിപുലമായ പരിപാടികളും മേളയിൽ ഒരുക്കിയിട്ടുണ്ട്. ചലച്ചിത്ര പ്രദർശനങ്ങൾ, ചർച്ചകൾ, കലാ ശിൽപശാലകൾ, കുട്ടികളുടെ പ്രവർത്തനങ്ങൾ തുടങ്ങി 650-ലധികം പരിപാടികൾ അരങ്ങേറുന്നുണ്ട്. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ മക്തൂം പുസ്തകോത്സവത്തിൽ നിന്ന് പുസ്തകങ്ങളും വിദ്യാഭ്യാസ സാമഗ്രികളും വാങ്ങാൻ 60ലക്ഷം ദിർഹമിന്‍റെ ഗ്രാൻഡ് അനുവദിച്ചിട്ടുണ്ട്. ഈ പുസ്തകങ്ങൾ യു.എ.ഇയിലെ സ്കൂൾ ലൈബ്രറികൾക്ക് വിതരണം ചെയ്യാനാണ് പദ്ധതി. വിവിധ പ്രസിദ്ധീകരണ-വിദ്യാഭ്യാസ സംവിധാനങ്ങളെ സഹായിക്കുന്നതിന് കൂടിയാണ് ഗ്രാൻഡ് അനുവദിച്ചത്.
സിറിയൻ കവി അഡോണിസ്, സാമ്പത്തികശാസ്ത്ര നൊബേൽ ജേതാവായ ഗൈഡോ ഇംബെൻസ്, ജാപ്പനീസ് കാലിഗ്രാഫർ ഫൗഡ് ഹോണ്ട എന്നിവർ പുസ്തകോത്സവത്തിൽ പങ്കെടുക്കുന്ന പ്രമുഖരാണ്. ഇന്ത്യയിൽ നിന്ന് നാഷനൽ ബുക് ട്രസ്റ്റ് അടക്കമുള്ള പ്രസാധകർ പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.