അബൂദബി അന്താരാഷ്ട്ര ഭക്ഷ്യമേള തുടങ്ങി
text_fieldsഅബൂദബി: അബൂദബി അന്താരാഷ്ട്ര ഭക്ഷ്യമേളക്ക് അബൂദബി എക്സിബിഷൻ സെന്ററിൽ തുടക്കമായി. യു.എ.ഇ സഹിഷ്ണത മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. യു.എ.ഇ കാലാവസ്ഥ വ്യതിയാന - പരിസ്ഥിതിമന്ത്രി മറിയം അൽ മെഹെരി, അബൂദബി ചേംബർ വൈസ് ചെയർമാനും ലുലു ഗ്രൂപ് ചെയർമാനുമായ എം.എ. യൂസുഫലി എന്നിവരും സംബന്ധിച്ചു.
യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയും അബൂദബി കാർഷിക ഭക്ഷ്യസുരക്ഷാ അതോറിറ്റി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണ് മൂന്ന് ദിവസത്തെ മേള നടക്കുന്നത്. വിവിധ രാജ്യങ്ങളിൽനിന്ന് ഭക്ഷ്യരംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പവിലിയനുകളും മേളയിലുണ്ട്. എട്ടാമത് അബൂദബി ഡേറ്റ്സ് ഫെസ്റ്റിവലും ഇതോടൊപ്പം നടത്തുന്നുണ്ട്.
അതേസമയം, അബൂദബിയിൽനിന്നുള്ള കാർഷിക ഉൽപന്നങ്ങൾ കൂടുതലായി സംഭരിക്കാൻ പ്രമുഖ സ്ഥാപനമായ സിലാലുമായി ലുലു ഗ്രൂപ് ധാരണാപത്രത്തിൽ ഒപ്പുവെച്ചു. പ്രാദേശിക കാർഷികോൽപന്നങ്ങൾ കൂടുതലായി സംഭരിച്ച് ലുലു ഹൈപർ മാർക്കറ്റുകളിൽ ലഭ്യമാക്കുന്നതോടൊപ്പം പ്രകൃതിസൗഹൃദ പാക്കിങ് വ്യാപകമാക്കുകയും ചെയ്യും.
മന്ത്രി മറിയം അൽ മെഹെരി, എം.എ. യൂസുഫലി എന്നിവരുടെ സാന്നിധ്യത്തിൽ സിലാൽ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ സൽമീൻ ഉബൈദ് അൽ അമെരി, ലുലു ഗ്രൂപ് ഡയറക്ടർ എം.എ. സലീം എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ലുലു ബ്രാൻഡിലുള്ള വിവിധ ഭക്ഷ്യ ഉൽപന്നങ്ങളും പുറത്തിറക്കി. ലുലു നെയ്യ് ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ, മന്ത്രി മറിയം അൽ മെഹെരി, എം.എ. യൂസുഫലി എന്നിവരുടെ സാന്നിധ്യത്തിൽ വിപണിയിലിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.